'മുഖ്യമന്ത്രിയുടെ മക്കളെ ഇ.ഡി ചോദ്യം ചെയ്താൽ എല്ലാം മണി മണിയായി പുറത്ത് വരും. മകന് നക്ഷത്ര ഹോട്ടല്‍ മേടിക്കാന്‍ ആഗ്രഹമുണ്ടെന്ന് ക്യാപ്റ്റന്‍ പറഞ്ഞു​'; അത് നടപ്പാക്കണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണമെന്ന് സ്വപ്ന സുരേഷ്

New Update
swapna suresh newww.jpg

തിരുവനന്തപുരം:കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023ല്‍ ഇഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്. 

Advertisment

മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന ആരോപിച്ചു.

ഇഡി അത് നടപ്പാക്കണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും സ്വപ്ന പറയുന്നു. ''ഇത് കേട്ടപ്പോള്‍ എനിക്ക് ഒരു പഴയ സംഭവം ഓര്‍മവന്നു. 2018ല്‍ ഞാനും പഴയ ബോസ് ആയ യുഎഇ കോണ്‍സല്‍ ജനറലും ആയി ക്യാപ്റ്റനെ കാണാന്‍ പോയി. ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. അവിടെ വച്ച് ക്യാപ്റ്റന്‍ ആയ അച്ഛന്‍ തന്റെ മകനെ കോണ്‍സല്‍ ജനറലിനു പരിചയപ്പെടുത്തി.

മകന്‍ യുഎഇയില്‍ ബാങ്കില്‍ ആണ് ജോലി ചെയ്യുന്നതെന്നും അവന് യുഎഇയില്‍ ഒരു നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് മേടിക്കാന്‍ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും കോണ്‍സല്‍ ജനറലിനോട് ക്യാപ്റ്റന്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു.

അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കില്‍ നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് വാങ്ങിക്കാമെന്നും സ്വപ്ന പറഞ്ഞു.

വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും. നമുക്ക് കാത്തിരിക്കാമെന്ന് പറയുന്ന സ്വപ്ന, സ്വാമിയേ ശരണം അയ്യപ്പാ എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisment