കോട്ടയം: കുടമാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദിന്റെ കൊലപാതകത്തോടെ അച്ഛനെ നഷ്ടപ്പെട്ട മൂന്നു ചെറിയ മക്കള്‍ക്ക് അമ്മ അമ്പിളി മാത്രാമാണ് ഇനി ആശ്രയം.
മൂന്നു മക്കളാണ് ശ്യാമിനും അമ്പിളിക്കും ഉള്ളത്. ഇമ്മാനുവേല്‍ എച്ച്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മി, ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മകനായ ശ്രീഹരി.
മാഞ്ഞൂര്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി സേതുലക്ഷ്മിയാണ് ഇളയ മകൾ. ഡ്യൂട്ടി കഴിഞ്ഞു അച്ഛന്‍ മടങ്ങിയെത്തുന്നതും കാത്തിരുന്ന കുടുംബത്തിലേക്ക് എത്തിയത് ശ്യാമിന് അപകടം ഉണ്ടായി എന്ന വാര്‍ത്തയാണ്. അധികം വൈകാതെ തന്നെ ശ്യാമിനെ നഷ്ടപ്പെട്ടു എന്ന വിവരവും കുടുംബത്തെ തളര്‍ത്തിക്കളഞ്ഞു
മുന്‍പു കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവാറായിരുന്നു ശ്യാം പ്രസാദ്. പോലീസ് ജോലിയോടുള്ള ആഗ്രഹവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉണ്ടാകുമെന്നു കരുതിയാണ് ശ്യാം കഠിന പരിശ്രമത്തിലൂടെ പോലീസില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി നേടിയെടുത്ത്. മൂന്നു കുട്ടികളുമായി കുടുംബം സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് ഇടുത്തീപോലെ ദുരന്ത വാര്‍ത്ത കുടുംബത്തെ തേടി എത്തിയത്.
ഇന്നു പുലര്‍ച്ചെയാണു തെള്ളകത്ത് തട്ടുകടയില്‍ പാറമ്പുഴ സ്വദേശി ജിബിന്‍ ജോര്‍ജും മറ്റൊരാളും ചേര്‍ന്ന് അക്രമം നടത്തിയത്. ഈ സമയത്ത് തട്ടുകടയില്‍ എത്തിയ ശ്യാം അക്രമം ചോദ്യം ചെയ്തു.
ഇതില്‍ പ്രകോപിതാനായ ജിബിന്‍ ജോര്‍ജ് പോലീസുകാരനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ടു. മര്‍ദനമേറ്റ ശ്യാം പ്രസാദ് എഴുനേറ്റു വന്നെങ്കിലും ഉടനെ കുഴഞ്ഞുവീണു. നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
കൊലപാതകം നടത്തിയിട്ടും ഒരു കൂസലില്ലാതെയാണു പ്രതി നിന്നത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നു പോലീസ് പറയുന്നു. സിംഗപ്പൂരില്‍ പഠനത്തിനും ജോലിയ്ക്കും ആയി പോയ പ്രതി അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടിലേക്കു തിരികെ കയറ്റി വിടുകയായിരുന്നു
ഇതിനുശേഷമാണു നാട്ടിലെത്തുകയും ലഹരി മാഫിയ സംഘങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സജീവമാകുകയും ചെയ്തത്. എം.ജി സര്‍വകലാശാലയിലെ റിട്ട. ജീവനക്കാരനായിരുന്നു ജിബിന്റെ പിതാവ്. ലഹരി ഉപയോഗത്തിനു പണം കണ്ടെത്തുന്നതിനായി ജിബിന്‍ പിതാവിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
/sathyam/media/media_files/2025/02/03/FOEajalLyksyuptWhfAF.jpg)
നാലു വര്‍ഷം മുമ്പ് കോട്ടയം കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ജിബിന്‍ ക്ഷേത്ര ഭാരവാഹിയുടെ തല വിളക്ക് ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചിരുന്നു.
ഇത് അടക്കം മൂന്ന് കേസുകളാണു നിലവില്‍ ജിബിന്‍ എതിരെ ഗാന്ധിനഗര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ബി.എം.എസ് 103 (ബി), 115(2), 126(2), 350(1) എന്നീ വകുപ്പുകളാണ് പോലീസ് ജിബിനെതിരെ ചേര്‍ത്തിരിക്കുന്നത്
അതേസമയം, നാട്ടില്‍ ഉയര്‍ന്നു വരുന്ന അക്രമ സംഭവങ്ങളില്‍ ജനം ആശങ്ക രേഖപ്പെടുത്തി. കൊലപാതകം അടക്കം ചെയ്താലും പ്രതികള്‍ ജാമ്യം നേടി പുറത്തു വിലസുന്ന അവസ്ഥയുണ്ട്. പ്രതി ജിബിനും കുറച്ചു നാള്‍ ജയിലില്‍ കിടന്ന ശേഷം ഒന്നും സംഭവിക്കാത്തപോലെ നാട്ടില്‍ ഇറങ്ങി വിലസുമെന്ന ഭീതിയും ജനത്തിനുണ്ട്.