ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, തുമ്മല്‍, തൊണ്ട ചൊറിച്ചില്‍, കഫക്കെട്ട്, രാത്രി ഉറക്കത്തിനിടയില്‍ കടുത്ത ചുമ അനുഭവപ്പെടുക, ശരീരത്തില്‍ മറ്റേതെങ്കിലും വിധത്തിലുള്ള അലര്‍ജി തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നവരില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി എക്സ്റേ, പള്‍മണറി ഫങ്ഷന് ടെസ്റ്റ് എന്നിവ നടത്താറുണ്ട്.
ശ്വാസകോശത്തിന്റെ ചുരുക്കം വ്യക്തമാകുന്നതുള്പ്പെടെ ചികിത്സക്ക് സഹായകമാകുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ ഇവ സഹായിക്കും. മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസനാളിയുടെ ചുരുക്കം ഇല്ലാതാക്കി വികസിക്കുന്നുവെങ്കില്‍ അത് ആസ്ത്മയുടെ ലക്ഷണമാണ്.
പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ രീതിയില്‍, എന്നാല്‍ ഏറ്റവും ഫലപ്രദമായി ആസ്ത്മ സംബന്ധമായ അസ്വസ്ഥതകള്‍ കുറച്ചുകൊണ്ടുവരാന്‍ സഹായകമാകുന്നതാണ് ഇന്‍ഹേലറുകള്‍. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടുതല്‍ വ്യാപിക്കാതെ ശ്വാസനാളികളില്‍ ആവശ്യമായ അളവില്‍ മാത്രം മരുന്നുകള്‍ എത്താന്‍ ഇവ സഹായിക്കും. അതുകൊണ്ടുതന്നെ മറ്റു മരുന്നുകളേക്കാള്‍ ഫലപ്രദമാണ് ഈ രീതി.
ചികിത്സ കൃത്യമായി പിന്തുടര്ന്നുകൊണ്ടും കാരണമാകുന്ന സാഹചര്യങ്ങളെ നിയന്ത്രിച്ചുകൊണ്ടും മാത്രമേ ആസ്ത്മയുടെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സാധിക്കൂ. പൊടിപടലങ്ങള്‍, ചില ഗന്ധങ്ങള്‍, വളര്‍ത്തുമൃഗങ്ങളില്‍ കണ്ടുവരുന്ന ചെറിയ പ്രാണികള്‍, പുക ശ്വസിക്കുന്നത്, കാലാവസ്ഥ തുടങ്ങി വിവിധ കാരണങ്ങള്‍ ആസ്ത്മക്ക് കാരണമാകാറുണ്ട്.