പ്രമേഹമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ ഇന്ന് ആളുകള്‍ അല്‍പം കൂടി ഗൗരവത്തോടെ സമീപിക്കുന്നുണ്ട്. കാരണം പല ജീവിതശൈലീരോഗങ്ങളും ക്രമേണ നമ്മുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്ക് മാറാവുന്നവയാണ്.
പ്രമേഹരോഗികളെ ക്രമേണ ബാധിക്കുന്ന പ്രശ്നമാണ് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടല്‍. ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ഇന്നും പലര്‍ക്കും അറിവില്ല. മാത്രമല്ല, പ്രമേഹം കണ്ണുകളെ ബാധിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ വരെയുണ്ട്. പക്ഷേ പ്രമേഹം അനിയന്ത്രിതമായി തുടര്‍ന്നാല്‍ അത് ഭാവിയില്‍ കണ്ണുകളെ ബാധിക്കാമെന്നത് സത്യമാണ്.
ഓരോ വ്യക്തിയിലും പ്രമേഹം അടക്കമുള്ള ജീവിതശൈലീരോഗങ്ങളുടെ അനുബന്ധ പ്രശ്നങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ എല്ലാ പ്രമേഹരോഗികളിലും കാഴ്ചനഷ്ടമുണ്ടാകണമെന്നില്ല. എന്നാലിത് അപൂര്‍വമായൊരു അവസ്ഥയുമല്ല.
കറുത്ത നിറത്തില്‍ നേരിയ വരകള്‍ കുത്തുകള്‍ എന്നിവ കാണുക, നിറങ്ങളെ തിരിച്ചറിയാൻ പ്രയാസം, ചിലപ്പോള്‍ കണ്ണ് അങ്ങനെ തന്നെ ഇരുട്ടുമൂടിയത് പോലെ ഒന്നും കാണാനാകാത്ത അവസ്ഥ എന്നിവയെല്ലാം 'ഡയബെറ്റിക് റെറ്റിനോപ്പതി' അഥവാ പ്രമേഹം കണ്ണുകളെ ബാധിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്.