തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ആദ്യമായി അക്കൗണ്ട് തുറന്നതിന് പിന്നാലെ പുതിയ നേട്ടം കൈവരിച്ച് ബി.ജെ.പി. ഇടതുപക്ഷത്തിന് സമഗ്രാധിപത്യമുളള കേരള സർവകലാശാലയുടെ സിൻഡിക്കേറ്റിൽ 2 പാർട്ടി പ്രതിനിധികളെ വിജയിപ്പിക്കാനായതാണ് ബി.ജെ.പി സംസ്ഥാന ഘടകം കൈവരിച്ച ചരിത്രനേട്ടം.
കോടതി ഇടപെടലുകളും മറ്റ് കോലാഹലങ്ങളും കൊണ്ട് ഏറെ നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ നിന്നാണ് ബി.ജെ.പിയുടെ പ്രതിനിധിയായ ഡോ.ടി.ജി. വിനോദ് കുമാറും, പി.എസ് ഗോപകുമാറും ജയിച്ചത്. ഫലം വന്ന മറ്റ് മൂന്ന് സീറ്റുകളിൽ സി.പി.എം പ്രതിനിധികളാണ് ജയിച്ചത്. എന്നാൽ ജനറൽ സീറ്റിലെ ബി.ജെ.പിയുടെ വിജയം ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് കനത്ത ആഘാതമായി.
ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ബി.ജെ.പിയേയും സംഘപരിവാർ ശക്തികളെയും പ്രതിരോധിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റുന്നതിനിടെയാണ് സി.പി.എമ്മിൻെറ സ്വന്തം തട്ടകമായ കേരള സർവകലാശാല സിൻഡിക്കേറ്റിൽ ബി.ജെ. പി പ്രതിനിധി വെന്നിക്കൊടി പാറിച്ചത്.
സർവകലാശാല സിൻഡിക്കേറ്റ്, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ വിജയമുറപ്പിക്കുന്നതിൽ അഗ്രഗണ്യരായ സി.പി.എമ്മിൻെറ തന്ത്രങ്ങളെ മറികടന്നാണ് ബി.ജെ.പി പ്രതിനിധിയായ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ സയന്റിസ്റ്റായ ഡോ.ടി.ജി.വിനോദ് കുമാറും പൊതു മണ്ഡലത്തിൽ നിന്ന് പി.എസ്.ഗോപകുമാറും ജയിച്ചുകയറിയത്. അതാണ് സി.പി. എമ്മിന് കനത്ത ആഘാതമാകുന്നത്.
സിൻഡിക്കേറ്റിൽ ഭൂരിപക്ഷം നിലനിർത്താനായി എന്നത് മാത്രമാണ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ആശ്വാസകരമായ കാര്യം.12 അംഗ സിൻഡിക്കേറ്റിൽ 9 സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. 2 സീറ്റ് ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസിന് ഒരു പ്രതിനിധി മാത്രമേയുളളു.
സിൻഡിക്കേറ്റിലെ ഭൂരിപക്ഷം നിലനിർത്താനായി എന്ന് ആശ്വാസം കൊളളുമ്പോഴും അതും ഇടതുപക്ഷത്തിന് ക്ഷീണം ഉണ്ടാക്കുന്നുണ്ട്. കാരണം കഴിഞ്ഞ തവണ 12 സീറ്റും നേടിയിടത്ത് നിന്നാണ് ഇത്തവണ 9 സീറ്റിലേക്ക് താഴ്ന്നത്. സിൻഡിക്കേറ്റിലേക്ക് മത്സരിച്ച സി.പി.ഐ പ്രതിനിധി തോറ്റതും ഇടതുമുന്നണിക്ക് തിരിച്ചടിയാണ്.
സി.പി.ഐ പ്രതിനിധിയുടെ തോൽവി മുന്നണിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. വോട്ട് ചോർച്ചയെചൊല്ലി സർവകലാശാലാ ആസ്ഥാനത്ത് വെച്ച് തന്നെ സി.പി.എം - സി.പി.ഐ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം ഉണ്ടായിയെന്നാണ് പുറത്തുവരുന്ന വിവരം. 2 പ്രതിനിധികളെ വിജയിപ്പിച്ച ബി.ജെ.പിയുടെ ചരിത്രനേട്ടത്തിന് പിന്നാലെ വിജയത്തിൽ പരസ്പരം പഴിചാരി സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് വോട്ട് ചോർന്ന് ബി.ജെ.പിക്ക് ലഭിച്ചതായി സി.പി.എം ആരോപിക്കുമ്പോൾ, ഇടത് വോട്ടുകളിലാണ് ചോർച്ചയെന്നാണ് കോൺഗ്രസിൻെറ പ്രത്യാരോപണം.
പന്ത്രണ്ടംഗ സിൻഡിക്കേറ്റിലേക്കുളള തിരഞ്ഞെടുപ്പിൽ 3 പേർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ 9 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. സർവകലാശാലാ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പ് പൂർത്തിയായ ശേഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോടതി അനുമതിയോടെ മതി വോട്ടെണ്ണൽ എന്ന് വൈസ് ചാൻസിലറുടെ ചുമതലയുളള ഡോ.മോഹനൻ കുന്നുമ്മൽ നിലപാടെടുത്തതോടെ ഇടതുപക്ഷം പ്രതിഷേധം തുടങ്ങി. അകത്ത് മുന്നണി പ്രതിനിധികളും പുറത്ത് എസ്.എഫ്.ഐ പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നു.15 വിദ്യാർത്ഥി പ്രതിനിധികളുടെ വോട്ടിൽ അന്തിമ തീരുമാനം ഉണ്ടാകാതെ വോട്ടെണ്ണൽ അനുവദിക്കില്ലെന്ന് ആയിരുന്നു വിസിയുടെ നിലപാട്. ഇതോടെ ഇടതു മുന്നണി പ്രവർത്തകർ വി.സിയെ ഘൊരാവോ ചെയ്തു.
പ്രതിഷേധം കനക്കുന്നതിനിടിയിൽ വൈസ് ചാൻസലറുടെ ഔദ്യോഗിക വാഹനത്തിൻെറ ടയറിൻെറ കാറ്റും ആരോ ഊരിവിട്ടു. ഇതിനിടെ വോട്ടെണ്ണൽ നടത്താൻ കോടതിയിൽ നിന്നുതന്നെ ഉത്തരവ് വന്നു. തർക്കമുള്ള 15 വോട്ടുകൾ എണ്ണരുതെന്നും കോടതി ഉത്തരവിട്ടു. ഇതോടെയാണ് സംഘർഷാന്തരീക്ഷത്തിന് അയവ് വന്നത്.