ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സീറോ മലബാർ സഭ. രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കുന്നവർക്ക് വോട്ട് നൽകാൻ നിർദ്ദേശം. മതേതര രാജ്യമായി ഇന്ത്യയെ സൂക്ഷിക്കാൻ  ഉത്തരവാദിത്വമുണ്ടെന്ന് ഓർമ്മിപ്പിക്കൽ. വോട്ട് പാഴാക്കിയാൽ പിന്നീട് ദു:ഖിക്കേണ്ടി വരുമെന്നും ഓർമ്മപ്പെടുത്തൽ. ആഹ്വാനം സീറോ മലബാർ സഭാ മീഡിയ കമ്മീഷന്റെ ഫേസ്ബുക്ക് പേജിൽ

New Update
584593825_1235116481979755_6168753600725904478_n

തിരുവനന്തപുരം : ക്രൈസ്തവർ ഇത്തവണ ചിന്തിച്ച് വോട്ട് ചെയ്യണമെന്നും ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ മാനിക്കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും വിശ്വാസികളെ ഓർമ്മിപ്പിച്ച് സീറോ മലബാർ സഭ.

Advertisment

സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തദ്ദേശത്തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണം എന്നതിനെ പറ്റി നിർദ്ദേശിക്കുന്നത്.


ഭരണഘടനയുടെ മുകളിൽ തങ്ങളുടെ ശരികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നവരെ പ്രീണിപ്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ഭരണഘടനപരമായ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കുന്ന ഭീരുക്കളെയോ സ്വാർത്ഥരായ അധികാര മോഹികളെയോ ആകരുത് ഈ തെരഞ്ഞെടുപ്പിൽ പിന്തുണക്കേണ്ടെതെന്നും സഭ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു.


വോട്ട് ചെയ്യും മുമ്പ് മുനമ്പം വിഷയത്തിലെ അനീതിനിറഞ്ഞ പക്ഷംചേരൽ, കോശി കമ്മീഷൻ റിപ്പോർട്ട്, ന്യുനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 എന്ന അന്യായമായ അനുപാതം, ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരെ നടന്ന അധിനിവേശ ശ്രമങ്ങളിൽ പുലർത്തിയ കുറ്റകരമായ മൗനം,

മലയോര കർഷകരോടുള്ള സമീപനം, വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ നാളിതുവരെ പുലർത്തുന്ന അനങ്ങാപ്പാറ നയം തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.  

സഭയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് ദൈവരാജ്യത്തിന്റെ രാഷ്ട്രീയമാണെന്നും ഏത് മുന്നണിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്ന് ക്രൈസ്തവർ തീരുമാനിക്കണമെന്നും കുറിപ്പിൽ സഭ അറിയിക്കുന്നു.


മനുഷ്യനെ അടിമകളാക്കുന്ന സകല വ്യവസ്ഥിതികളിലും നിന്നുള്ള മോചനം ഉറപ്പാക്കുന്ന, മനുഷ്യാന്തസ്സും, അവകാശങ്ങളും, തുല്യതയും മുറുകെപ്പിടിക്കുന്ന ഒരു രാഷ്ട്രീയമാണ് സഭയുടേത്. ആ രാഷ്ട്രീയത്തെ മാനിക്കുന്നവരെയാണ് തിരഞ്ഞെടുപ്പിൽ ക്രൈസ്തവർ വിജയിപ്പിക്കേണ്ടത്.


അധികാര മോഹികളും നിക്ഷിപ്ത താൽപര്യക്കാരും നീതിപൂർവമായ നിലപാടുകളെടുക്കാൻ ധൈര്യമില്ലാത്തവരും സംഘടിത ശക്തികളിലൂടെ മുൻപിൽ പ്രീണനത്തിന്റെ വിലകെട്ട രാഷ്ട്രീയം ശീലമാക്കുന്നവരെയും വിലയിരുത്താനുള്ള സമയമാണിതെന്നും മത രാഷ്ട്രമായല്ല മതേതര രാജ്യമായി ഇന്ത്യയെ സൂക്ഷിക്കാൻ നമുക്ക് ചെറുതല്ലാത്ത ഉത്തരവാദിത്വമുണ്ടെന്നത് മറക്കാതിരിക്കമെന്നും കുറിപ്പിലുണ്ട്.

ഓരോ തുള്ളി ജലവും അമൂല്യമാണെന്നാണല്ലോ പരസ്യം, ജലം മാത്രമല്ല ഓരോ വോട്ടും ജനാധിപത്യ പ്രക്രിയയിൽ അമൂല്യമാണ്, പാഴാക്കിയാൽ പിന്നീട് ദുഃഖിക്കേണ്ടിവരും, പോസ്റ്റിൽ വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ക്രൈസ്തവരും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും !

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ രാഷ്ട്രീയം എന്തായിരിക്കും അല്ലങ്കിൽ എന്തായിരിക്കണം?

മതമാണ് മതമാണ് മതമാണ് ഞങ്ങളുടെ വിഷയമെന്നു ചിലർ പറയുന്നതുപോലെ രാഷ്ട്രീയത്തിൽ നാം മതം കലർത്താൻ പാടുണ്ടോ? കത്തോലിക്കാ സഭയ്ക്ക് ഇവിടെ പ്രത്യേകമായ രാഷ്ട്രീയ നിലപാടുണ്ടോ? എന്തായിരിക്കണം സഭയുടെ രാഷ്ട്രീയം? തുടങ്ങിയ ചോദ്യങ്ങളെല്ലാം ഇപ്പോൾ നമുക്ക് ചുറ്റും ഉയരുന്നുമുണ്ട്.

സഭയ്ക്ക് രാഷ്ട്രീയമുണ്ട് എന്നതാണ് കൃത്യമായ ഉത്തരം, അത് പക്ഷെ കക്ഷിരാഷ്ട്രീയമല്ല, മറിച്ച് ദൈവരാജ്യത്തിന്റെ രാഷ്ട്രീയമാണ്. മനുഷ്യനെ അടിമകളാക്കുന്ന സകല വ്യവസ്ഥിതികളിലും നിന്നുള്ള മോചനം ഉറപ്പാക്കുന്ന, മനുഷ്യാന്തസ്സും, അവകാശങ്ങളും, തുല്യതയും മുറുകെപ്പിടിക്കുന്ന ഒരു രാഷ്ട്രീയമാണ് സഭയുടേത്.

ആ രാഷ്ട്രീയത്തെ മാനിക്കുന്നവരെയാണ് തിരഞ്ഞെടുപ്പിൽ ക്രൈസ്തവർ വിജയിപ്പിക്കേണ്ടത്. അധികാര മോഹികളും, നിക്ഷിപ്ത താൽപര്യക്കാരും, നീതിപൂർവമായ നിലപാടുകളെടുക്കാൻ ധൈര്യമില്ലാത്തവരും, സംഘടിത ശക്തികളിലൂടെ മുൻപിൽ പ്രീണനത്തിന്റെ വിലകെട്ട രാഷ്ട്രീയം ശീലമാക്കുന്നവരെയും വിലയിരുത്താനുള്ള സമയമാണിത്.

ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ മാനിക്കുന്നവരെയാണ് നാം തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഭരണഘടനയുടെ മുകളിൽ തങ്ങളുടെ ശരികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നവരെ പ്രീണിപ്പിച്ചുകൊണ്ടു മറ്റുള്ളവരുടെ ഭരണഘടനപരമായ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കുന്ന ഭീരുക്കളെയോ, സ്വാർത്ഥരായ അധികാര മോഹികളെയോ ആകരുത് ഈ തിരഞ്ഞെടുപ്പിൽ നാം പിന്തുണക്കുന്നത്.

ആരെ തിരഞ്ഞെടുക്കണമെന്നും ഏതു മുന്നണിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്നും ക്രൈസ്തവർ തീരുമാനിക്കേണ്ടത് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ- മതംനോക്കിയൊന്നും വേണ്ട, - ക്രൈസ്തവർ ഉയർത്തിയ തികച്ചും നീതിപൂർവമായ ആവശ്യങ്ങളോട് ആരൊക്കെ എങ്ങനെ പ്രതികരിച്ചു എന്നത് നോക്കിയായിരിക്കണം.

മുനമ്പം വിഷയത്തിലെ അനീതിനിറഞ്ഞ പക്ഷംചേരൽ, കോശി കമ്മീഷൻ റിപ്പോർട്ട്, ന്യുനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 എന്ന അന്യായമായ അനുപാതം, ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരെ നടന്ന അധിനിവേശ ശ്രമങ്ങളിൽ പുലർത്തിയ കുറ്റകരമായ മൗനം, ഭിന്നശേഷി വിഷയത്തിലെ ഇരട്ട നീതി, മലയോര കർഷകരോടുള്ള സമീപനം,

വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ നാളിതുവരെ പുലർത്തുന്ന അനങ്ങാപ്പാറ നയം, ഇ ഡബ്ല്യുസി എസ് സംവരണം, ഇങ്ങനെ നിരവധിയുണ്ട്, വോട്ട് കുത്തും മുൻപ് ജനാധിപത്യ ബോധവും, ഉത്തരവാദിത്വവുമുള്ള പൗരന്മാർ എന്ന നിലയിൽ ചിന്തിക്കാൻ വിഷയങ്ങൾ.

ഒരു മത രാഷ്ട്രമായല്ല മതേതര രാജ്യമായി ഇന്ത്യയെ സൂക്ഷിക്കാൻ നമുക്ക് ചെറുതല്ലാത്ത ഉത്തരവാദിത്വമുണ്ടെന്നത് മറക്കാതിരിക്കാം. ഇനിയും ഇതൊന്നും ചിന്തിക്കാതെ ഏതെങ്കിലും മുന്നണിയുടെ രാഷ്ട്രീയ നുകത്തിന്റെ കീഴെ കഴുത്തു വയ്ക്കാനാണ് ഭാവമെങ്കിൽ ആ ചിന്തയില്ലായ്മയ്ക്കു നാം വലിയ വില കൊടുക്കേണ്ടിവരും. ഓരോ തുള്ളി ജലവും അമൂല്യമാണെന്നാണല്ലോ പരസ്യം, ജലം മാത്രമല്ല ഓരോ വോട്ടും ജനാധിപത്യ പ്രക്രിയയിൽ അമൂല്യമാണ്, പാഴാക്കിയാൽ പിന്നീട് ദുഃഖിക്കേണ്ടിവരും.

Advertisment