Advertisment

പയ്യന്നൂർ കോളേജിന്റെ വരാന്തയിൽ കെ.എസ്.യു കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച്ച് നടന്ന് നീങ്ങിയ ഒരാൾ ഇന്ന് ഇന്ത്യയുടെ ആത്മാവിനെ തിരിച്ച് പിടിച്ചിരിക്കുന്നു. മോദി യുഗം എന്ന് മുദ്രകുത്തിയ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും സന്ധിയില്ലാതെ സമരം ചെയ്ത് നേടിയതാണീ ജയം. ഭരണഘടന തന്നെ അപകട ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ 'അവർക്ക് ഇനി ഭരണഘടന തിരുത്താനാവില്ല' എന്ന് കോൺഗ്രസിനെ ജയിപ്പിച്ചെടുത്ത നേതാവ് തന്നെ ഉറക്കെ പറഞ്ഞു; പ്രിയപ്പെട്ട കെ.സി, ഇത് ചരിത്ര നിയോഗം !

New Update
T

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കെ സി വേണുഗോപാലിനെ അഭിനന്ദിച്ച് കല്പറ്റ എംഎൽഎ ടി സിദ്ദിഖ്. ഭരണഘടന പോലും വെല്ലുവിളി നേരിടുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ ജയം പുത്തൻ ഉണർവ് ആണ് നൽകിയിരിക്കുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ച നിയുക്ത എംപി കെസി വേണുഗോപാൽ ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിച്ചിരിക്കുകയാണെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

ടി സിദ്ദിഖ് എംഎൽഎയുടെ ഫേസ്ബുക്ക്‌ കുറിപ്പ്: 

പയ്യന്നൂർ കോളേജിന്റെ വരാന്തയിൽ കെ.എസ്.യു കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച്ച് നടന്ന് നീങ്ങിയ ഒരാൾ ചരിത്രമുറങ്ങാത്ത കോൺഗ്രസ് ആസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ നയിക്കുന്നത് പാർട്ടിക്കപ്പുറത്ത് മലയാളികൾക്ക് ഏറെ അഭിമാനം നൽകുന്നുണ്ട്.

ഉപ്പ് സത്യാഗ്രഹം നടന്ന, ഗാന്ധിയുടെ പാദസ്പർശം ഏറ്റുവാങ്ങിയ പയ്യന്നൂരിന്റെ മണ്ണിൽ നിന്നും ഇന്ത്യൻ ഭരണഘടന തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടാൻ കെ സി വേണുഗോപാൽ എത്തിയത് ഒരു ചരിത്ര നിയോഗമായി തന്നെ കാണുന്നു.

രണ്ടാം സ്വാതന്ത്ര്യസമരം എന്ന് പോലും വിളിക്കപ്പെട്ട 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ കെസിയുടെ നായകത്വം രാജ്യത്തിന് നൽകിയത് അതിന്റെ ജീവാശ്വാസമായിരുന്നു. ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ വളരെ അടുത്ത് നിന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാണാൻ കഴിഞ്ഞപ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെ അദ്ദേഹം വിളിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിർദ്ദേശങ്ങൾ തരികയും ചെയ്യുമായിരുന്നു. 

സ്വാതന്ത്ര്യ സമരത്തിന് ശേഷം കോൺഗ്രസ് പ്രതിസന്ധികളെ നേരിട്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസ് അതിനെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു 2014 ന് ശേഷം കോൺഗ്രസ് നേരിട്ടത്. ഒരു നൂറ്റാണ്ട് നീണ്ട ഹിന്ദുത്വ ശക്തികളുടെ പ്രവർത്തനത്തിന്റെ വിജയത്തിന്റെ ഉന്മാദത്തിലാണ് കെസി കോൺഗ്രസിനെ നയിക്കാൻ നിയോഗിക്കപ്പെടുന്നത്.

ഇന്ത്യയുടെ ആത്മാവിനെ തിരിച്ച് പിടിക്കുക എന്ന ചരിത്ര നിയോഗമായിരുന്നു അത്. വിഭജിച്ച് ഭരിച്ച ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിന് സമാനമാണ് വിഭജിച്ച് ഭരിക്കുന്ന ബിജെപിക്കെതിരെ പോരാടുന്നതും. പ്രായോഗിക രാഷ്ട്രീയം എന്ന പേരിൽ വർഗീയതയുമായി സന്ധി ചെയ്യാൻ സിരകളിൽ കോൺഗ്രസ് രക്തമോടുന്ന കെസിക്ക് പറ്റുമായിരുന്നില്ല. ആർ എസ് എസിനെ ആശയം കൊണ്ട് തന്നെ നേരിടണമായിരുന്നു.

ക്ഷമയോടെ കോൺഗ്രസിനെയും അതിന്റെ ആശയത്തെയും തിരിച്ച് പിടിക്കുക എന്ന ദൗത്യമായിരുന്നു അദ്ദേഹം നിർവഹിച്ചത്. ഏത് പ്രതിസന്ധിയേയും അതിജീവിച്ച് പൊരുതുക എന്നല്ലാതെ വേറെ മാർഗമില്ലായിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ രാജ്യത്ത് എവിടെയെങ്കിലും കോൺഗ്രസിന്റെ ഒരു വാർഡ് മെമ്പർ തോറ്റു പോയാൽ പോലും കെസി മറുപടി പറയേണ്ട സാഹചര്യമായിരുന്നു.

ഇന്ത്യയിലെ മാധ്യമങ്ങൾ മുഴുവൻ ബിജെപിയുടെ കാല് കഴുകുന്ന സാഹചര്യത്തിൽ വിമർശനങ്ങൾക്ക് ഒരു കുറവുമുണ്ടായില്ല. പാർട്ടിക്കകത്തും പുറത്തും അദ്ദേഹം ഓരോ പ്രതിസന്ധികളിലും രൂക്ഷമായി വിമർശിക്കപ്പെട്ടു. ഒരിക്കൽ പോലും ആരോടും പരാതിയും പരിഭവവും പറയാതെ താൻ ചെയ്യുന്ന ജോലിയിൽ മാത്രം അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. 2019 ലെ തോൽവിയിൽ കോൺഗ്രസ് പ്രവർത്തകർ മുഴുവൻ നിരാശരായി. എല്ലാവരും കെസിയെ കുരിശിലേറ്റുകയായിരുന്നില്ലേ!?

ഇനി മോഡി യുഗം..! അടുത്ത 30 വർഷത്തേക്ക് രാജ്യത്ത് ബിജെപി മാത്രം..! ജനങ്ങൾ മാത്രമല്ല; കോൺഗ്രസ് പ്രവർത്തകർ പോലും അങ്ങനെ ചിന്തിച്ച് പോയിട്ടുണ്ട്. അപ്പോൾ കടൽച്ചൊരുക്കിലകപ്പെട്ട ഒരു കപ്പിത്താനെ പോലെയായിത്തീർന്നു കെസി. അധികാരവും പണവും ഉപയോഗിച്ച് കോൺഗ്രസിനെ ബിജെപി തകർക്കുന്നു, നേതാക്കൾ കൊഴിഞ്ഞു പോകുന്നു. പൊരുതി നേടിയ വിജയങ്ങളിൽ ജയിച്ച് വന്നവർ പോലും കാല് മാറുന്നു.

ഇഡി, സിബിഐ, കോടതി, പോലീസ്, എവിടെയും കോൺഗ്രസുകാർ വേട്ടയാടപ്പെടുന്നു. കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. സോണിയാജിക്കും രാഹുൽ ഗാന്ധിക്കും പോലും രക്ഷയില്ലാത്ത അവസ്ഥ. ഭരണഘടന തന്നെ അപകടത്തിൽ. കോൺഗ്രസിനെ വേട്ടയാടുന്നവരെ വാഴ്ത്തപ്പെടുന്ന രാഷ്ട്രീയ സാഹചര്യം.

ആദ്യം തിരഞ്ഞെടുപ്പ് നടത്തി കോൺഗ്രസിന് കരുത്തനായ ഒരു പ്രസിഡണ്ടിനെ കണ്ടെത്തുന്നു. പാർട്ടി ജനാധിപത്യ രീതിയിൽ ചലിപ്പിക്കുന്നു. പിന്നീട് നമ്മൾ കണ്ടത് ഭാരത് ജോഡോ യാത്രയുടെ വരവാണ്. രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി വരുന്ന കാഴ്ച. സ്വാതന്ത്ര്യസമര കാലത്തിന് ശേഷം ഇത്ര ശക്തമായ ഒരു യാത്ര സംഘടിക്കപ്പെട്ടിരുന്നില്ല എന്നാണെന്റെ ഓർമ്മ.

കന്യാകുമാരിയിലെ കടൽത്തീരത്ത് നിന്ന് ആരംഭിച്ച് വെയിലും മഴയും മഞ്ഞും കൊണ്ട് 4000 ലധികം കിലോമീറ്റർ രാഹുൽ ഗാന്ധി നടക്കുമ്പോൾ ഒപ്പം നടക്കാനും അത് സംഘടിപ്പിക്കാനും കെസിയുണ്ടായിരുന്നു. കശ്മീരിലെ മഞ്ഞിൽ ആ യാത്ര അവസാനിക്കുമെന്ന് കരുതിയവർക്ക് തെറ്റി. ഭരണകൂട ഭീകരതയാൽ കത്തിയമർന്ന് കൊണ്ടിരുന്ന മണിപ്പൂരിൽ നിന്ന് വീണ്ടും രണ്ടാം ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങുന്നു. ആ യാത്ര മുംബൈയിൽ വന്ന് അവസാനിക്കുമ്പോൾ കോൺഗ്രസ് രാജ്യത്ത് ശക്തമായി തിരിച്ച് വന്ന് കഴിഞ്ഞിരുന്നു. 

ഇന്ത്യയിലെ മാധ്യമങ്ങളുടെ പിന്തുണിയില്ലാതെ നടത്തിയ യാത്രയായിരുന്നിട്ടും ജനങ്ങളുടെ മനസ്സിൽ പതിഞ്ഞു. അതിന്റെ സംഘാടനം കണ്ട് പലരും അമ്പരന്നു. ഇന്ത്യയിലെ ഏത് കോൺഗ്രസുകാരന്റെ മുന്നിലും ഞങ്ങൾ കേരളത്തിലെ കോൺഗ്രസുകാർക്ക് കെസി എന്ന മേൽവിലാസം അഭിമാനമായിത്തീർന്നു. ചാരത്തിൽ നിന്ന് കോൺഗ്രസ് പറന്നുയരുന്നു എന്ന് എതിരാളികൾ പോലും രഹസ്യമായി സമ്മതിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. എന്നാൽ കുറ്റം പറഞ്ഞ നാവുകളൊന്നും കെസിയെ പുകഴ്ത്തി കണ്ടില്ല. എന്നാൽ അദ്ദേഹം അതൊന്നും ശ്രദ്ധിക്കാതെ തന്റെ ദൗത്യം തുടർന്നു.

2024 തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇന്ത്യ മുന്നണി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ആശയത്തിന്റെയും പ്രായോഗികവൽക്കരണത്തിന്റെയും അമരത്ത് കെസിയുണ്ടായിരുന്നു. അങ്ങനെയൊരു മുന്നണി അസാധ്യമാണെന്ന് പറഞ്ഞവർ, മൂന്നാം മുന്നണിയുമായി ചിലർ, എന്നാൽ വളരെ ഐക്യത്തോടെ ഇന്ത്യ മുന്നണി രൂപപ്പെട്ടു. 400 സീറ്റുമായി മോഡി വീണ്ടും അധികാരത്തിൽ വരുമെന്ന് രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞ രാഷ്ട്രീയ സാഹചര്യം. പൊരുതുക അല്ലെങ്കിൽ മരിക്കുക എന്ന രാഷ്ട്രീയ കാലാവസ്ഥ. 

ഭരണഘടന തിരുത്തപ്പെടാൻ പോകുന്നു, ജനാധിപത്യവും മതേതരത്വവും രാജ്യത്ത് അവസാനിക്കാൻ പോകുന്നു. മാധ്യമങ്ങളെ കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പോലും കോൺഗ്രസിനെതിരെ, ഇന്ത്യക്കെതിരെ, ഇന്ത്യയുടെ നേതാക്കളെ, മുഖ്യമന്ത്രിമാരെ പോലും അറസ്റ്റ് ചെയ്യുന്നു, കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നു, കമ്മീഷൻ ഇന്ത്യ നൽകുന്ന ഒരു പരാതിയും കേൾക്കാൻ തയ്യാറാകുന്നില്ല. വർഗീയതയുടെ വിഷം വമിപ്പിച്ച് കൊണ്ട് മോഡി ഇന്ത്യയിൽ ഓടി നടക്കുന്നു. രാഷ്ട്രീയ ലക്ഷ്യവുമായി രാമലല്ലയും, ധ്യാനവും. ഇന്ത്യയിലെ അവസാനത്തെ തിരഞ്ഞെടുപ്പ് എന്ന് വിദഗ്ദർ പോലും വിലയിരുത്തിയ തിരഞ്ഞെടുപ്പ്. 

എല്ലാവരും പരിഹസിച്ച കെസിയുടെ വാർ റൂമിൽ നിന്ന് തന്നെയാണ് യുപി രാഷ്ട്രീയം തന്നെ കലങ്ങി മറിഞ്ഞ, സാക്ഷാൽ മോഡി തന്നെ വിറച്ച് പോയ, കോൺഗ്രസുകാരുടെ അഭിമാനമായ അമേത്തി തന്നെ തിരിച്ച് പിടിച്ച തന്ത്രങ്ങൾ മെനഞ്ഞതും നടപ്പിലാക്കിയതും. മോഡിയുടെ “അബ് കി ബാർ ചാർ സൗ പാർ” പൊളിഞ്ഞു വീണു, ഗോഡി മീഡിയ നാണം കെട്ടു, കോൺഗ്രസും ഇന്ത്യ മുന്നണിയും എല്ലാവരെയും അത്ഭുതപ്പെടുത്തി. ഭരണഘടന മാറ്റാനിറങ്ങിയ മോഡിയെ കൊണ്ട് ഭരണഘടന ചുംബിപ്പിക്കുന്ന അവസ്ഥയിൽ എത്തിച്ചു.

ഇളകി മറിയുന്ന കടലാണ് നല്ലെരു നാവികനെ സൃഷ്ടിക്കുന്നത്. കെസി ഇപ്പോഴും തന്റെ ദൗത്യം തുടരുന്നു. കുറ്റം മാത്രം കണ്ട് പിടിച്ച് വിമർശിച്ചവർ എവിടെയെങ്കിലും അദ്ദേഹത്തെ പ്രകീർത്തിച്ചതായി അറിയില്ല. ഞങ്ങൾ കോൺഗ്രസുകാർക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അഭിമാനിക്കുന്നു… ഇനിയാണ് യഥാർത്ഥ പോരാട്ടം ആരംഭിക്കുന്നത്. കൂടുതൽ കരുത്തോടെ നയിക്കാൻ പ്രിയപ്പെട്ട കെസിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

 

✍️ #Tsiddique 

 

#KCVenugopal #RahulGandhi #INDIAAlliance

 

Advertisment