/sathyam/media/media_files/oW18FF6JZpFCx54Cachc.jpg)
സുല്‍ത്താന്‍ബത്തേരി: വേനല്‍ കടുത്തതോടെ ഉള്‍വനങ്ങളില്‍ നിന്ന് തീറ്റ തേടി ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത് പതിവായതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കി തമിഴ്‌നാട് വനംവകുപ്പ്.
നൂതനമായ ആശയങ്ങളാണ് നടപ്പാക്കുന്നതിലേറെയും. കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആറുകോടി രൂപ ചിലവില്‍ വനംവകുപ്പിന്റെ ഗൂഡല്ലൂര്‍ ഡിവിഷന്‍ പരിധിയില്‍ വരുന്ന 36 സ്‌പോട്ടുകളില്‍ എഐ ഓട്ടോമാറ്റിക് ക്യാമറകള്‍ സ്ഥാപിക്കും.
ഓവേലി പുളിയമ്പാറ, കോഴിപ്പാലം, ദേവന്‍, അള്ളൂര്‍, മേലമ്പലം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുക. ഉള്‍ വനങ്ങള്‍ വിട്ട് ആനകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് അടുക്കുന്നതിന് മുമ്പ് തന്നെ വനം വകുപ്പിനും ഗ്രാമീണര്‍ക്കും വിവരങ്ങള്‍ ലഭിക്കും. നാട്ടുകാര്‍ക്ക് ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാന്‍ വനംവകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തങ്ങളുടെ ഫോണ്‍ നമ്പര്‍ കൈമാറിയാല്‍ മതി.
വിവരങ്ങള്‍ എത്തുന്നതോടെ വനം വകുപ്പിനും ജനങ്ങള്‍ക്കും ഒരുപോലെ ജാഗ്രത പാലിക്കാം. ആനകളെത്തുന്ന കൃത്യമായ സ്‌പോട്ട് മുന്‍കൂട്ടി അറിയുന്നതിനാല്‍ തന്നെ ഡിപ്പാര്‍ട്ട്‌മെന്റിന് കാര്യങ്ങള്‍ എളുപ്പമാകും. വനം വാച്ചര്‍മാരെ കൃത്യമായ സ്‌പോട്ടിലേക്ക് പറഞ്ഞയക്കാനുമാകും.
നിലവില്‍ വനം വകുപ്പ് വാച്ചര്‍മാരുടെ പട്രോളിങ് മാത്രമാണ് ആനശല്യമുഉള്ള മേഖലകളില്‍ നടക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ആനകള്‍ എത്തുന്ന സ്‌പോട്ട് കൃത്യമായി മനസ്സിലാക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഇപ്പോള്‍ രാത്രിയും പകലും വനം വാച്ചര്‍മാര്‍ കാട്ടാനകള്‍ വരുന്നത് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്.