/sathyam/media/media_files/2025/10/16/milla-2025-10-16-20-56-13.jpg)
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർകാവിൽ പ്രവർത്തിക്കുന്ന ഭക്ഷ്യനിർമ്മാണ കേന്ദ്രത്തിൽ നിന്നും വന്നിരിക്കുന്നത് മന:സാക്ഷിയെ നടുക്കുന്ന വാർത്ത.
അവിടെ പണിയെടുക്കുന്ന തമിഴ്നാട് സ്വദേശിക്ക് രണ്ട് വർഷമായി ശമ്പളം നൽകാതെ സ്ഥാപനയുടമ ക്രൂരമായി പീഡിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലൈസന്‍സ് ഇല്ലാതെ നടത്തി വന്നിരുന്ന ഭക്ഷ്യനിര്‍മ്മാണ കേന്ദ്രത്തിലാണ് തൊഴിലാളിയെ പീഡിപ്പിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്തതിനൊപ്പം വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കോര്‍പ്പറേഷന്‍ പൂട്ടിച്ചു.
ഒന്നര വര്‍ഷം മുന്‍പാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണന്‍ വട്ടിയൂര്‍ക്കാവിലെ പൗര്‍ണമി ഫുഡ് ഉല്‍പന്ന കേന്ദ്രത്തില്‍ ജോലിയ്‌ക്കെത്തുന്നത്. അന്നുമുതല്‍ ശമ്പളം നല്‍കാതെ ജോലി ചെയ്യിപ്പിച്ചു.
കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ബാലകൃഷ്ണന്റെ അവസ്ഥ കണ്ടു ഞെട്ടി.
ശരീരമാസകലം മുഴുവനും മുറിവുകളായിരുന്നു. പലതും പഴുത്ത് പൊട്ടിയൊലിച്ച അവസ്ഥയിലും. കൈവിരലുകള്‍ ഒടിഞ്ഞ് എല്ല് പുറത്തുവന്ന അവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയതെന്നാണ് വിവരം.
നിലവിൽ ബാലകൃഷ്ണന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഥാപന ഉടമ വട്ടിയൂര്‍ക്കാവ് സ്വദേശി തുഷാന്തിനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് തുഷാന്തിനെ അറസ്റ്റ് ചെയ്തത്.