സിഎസ്‌ഐആര്‍ - എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന് ടാറ്റ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്‌കാരം. 2 കോടി രൂപയും ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസ് ആജീവനാന്ത അംഗത്വവുമടങ്ങുന്നതാണ് പുരസ്‌കാരം

ഡോ. അനന്തരാമകൃഷ്ണന്‍ ഏറ്റെടുത്ത ഗവേഷണ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനും പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് സമ്മാനത്തുക വിനിയോഗിക്കുന്നത്.

New Update
Director

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞനും സിഎസ്‌ഐആര്‍ - എന്‍ഐഐഎസ്ടി ഡയറക്ടറുമായ ഡോ. സി. അനന്തരാമകൃഷ്ണന് 2024 ലെ ടാറ്റ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്‌കാരം. ടാറ്റ സണ്‍സും ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

Advertisment

2,40,000 യുഎസ് ഡോളര്‍ (2 കോടി രൂപ)ആണ് പുരസ്‌കാരത്തുക. ഇതിനുപുറമേ ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസില്‍ ആജീവനാന്ത അംഗത്വവും ലഭിക്കും.

ഫുഡ് എഞ്ചിനീയറിംഗ് ഗവേഷണത്തിലെ മുന്‍നിരക്കാരനായ ഡോ.അനന്തരാമകൃഷ്ണന്റെ ഫോര്‍ട്ടിഫൈഡ് റൈസ് വികസിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസ് അഭിപ്രായപ്പെട്ടു.

ഡോ. അനന്തരാമകൃഷ്ണന്‍ ഏറ്റെടുത്ത ഗവേഷണ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനും പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് സമ്മാനത്തുക വിനിയോഗിക്കുന്നത്.

ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്ന ശാസ്ത്രജ്ഞര്‍ക്കാണ് ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ് സമര്‍പ്പിക്കുന്നത്. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുകയും മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ഉതകുന്ന ഗവേഷണ സംരംഭങ്ങളും നൂതന സാങ്കേതിക പരിഹാരങ്ങളും ആഗോളതലത്തില്‍ രൂപപ്പെടുത്തുന്ന ശാസ്ത്രജ്ഞരുടെ സംഭാവനകളെ ഇതിനായി പരിഗണിക്കുന്നു. ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസ് നിശ്ചയിക്കുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ അക്കാദമിക്, വ്യവസായ, സര്‍ക്കാര്‍, ഇതര മേഖലകളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നു.

പോഷകാഹാരം, പൊതുജനാരോഗ്യം എന്നീ സുപ്രധാന വെല്ലുവിളികള്‍ പരിഹരിക്കാനാകുന്ന ഡോ. അനന്തരാമകൃഷ്ണന്റെ കണ്ടെത്തല്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള രണ്ട് ബില്യണ്‍ ആളുകള്‍ക്ക് പ്രയോജനം ചെയ്യും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സുപ്രധാന പോഷകാഹാരവും പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണവുമായി മാറാന്‍ ഫോര്‍ട്ടിഫൈഡ് റൈസിനാകുമെന്നും അക്കാദമി വിലയിരുത്തി.

പുരസ്‌കാരത്തെ വളരെ സന്തോഷത്തോടെയും വിനയത്തോടെയുമാണ് സ്വീകരിക്കുന്നതെന്നും ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും മുന്നിലുണ്ടെന്ന് തിരിച്ചറിയുന്നുവെന്നും ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

 ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിലെ പ്രഗത്ഭരായ മുന്‍ഗാമികളുടെ സംഭാവനകള്‍ ഈ അവസരത്തില്‍ സ്മരിക്കുകയും പുരസ്‌കാരം അവര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു. അര്‍പ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രവര്‍ത്തിക്കുന്ന സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയിലെ സഹപ്രവര്‍ത്തകരോടും താന്‍ ബന്ധപ്പെട്ടിട്ടുള്ള മറ്റ് ശാസ്ത്ര സ്ഥാപനങ്ങളുമായും ഈ നേട്ടത്തില്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃഷിശാസ്ത്ര മേഖലയില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിജ്ഞാന്‍ പുരസ്‌കാരം ഈ വര്‍ഷമാദ്യം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഡോ. അനന്തരാമകൃഷ്ണന്‍ ഏറ്റുവാങ്ങിയിരുന്നു. കൃഷി, ഭക്ഷ്യസുരക്ഷ, അനുബന്ധ മേഖലകളില്‍ രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നൂതന പരിഹാരങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള ഗവേഷണ പദ്ധതികളില്‍ ശ്രദ്ധയൂന്നിയിട്ടുള്ള അനന്തരാമകൃഷ്ണന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഴികകല്ലായ വിവിധ ഗവേഷണ പദ്ധതികളിലും നയ രൂപീകരണ സംരംഭങ്ങളിലും വാണിജ്യ ഇടപെടലുകളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.

NIIST Logo 123

 ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രധാനമന്ത്രിയുടെ മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് സ്‌കീമിന്റെ കപ്പാസിറ്റി ബില്‍ഡിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ ചെയര്‍മാനായും കണ്‍വീനറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മോഡുലേറ്റഡ് ഗ്ലൈസെമിക് ഇന്‍ഡക്‌സ് (ജിഐ) ഉപയോഗിച്ച് മൈക്രോ ന്യൂട്രിയന്റ് ഫോര്‍ട്ടിഫൈഡ് അരി വികസിപ്പിക്കുന്നതിനുള്ള അനന്തരാമകൃഷ്ണന്റെ പരിശ്രമങ്ങള്‍ ശ്രദ്ധേയമാണ്. പോഷകാഹാരക്കുറവും പ്രമേഹ നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ മുന്‍ഗണനകള്‍ ഇത് ലക്ഷ്യമിടുന്നു.

മൈക്രോ, നാനോ എന്‍ക്യാപ്‌സുലേഷന്‍ ആപ്ലിക്കേഷനുകളില്‍ ആഗോള വിദഗ്ധനായ അനന്തരാമകൃഷ്ണന്റെ ലേഖനങ്ങള്‍ പ്രശസ്ത ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകളുടെ എന്‍ക്യാപ്‌സുലേഷനായി മള്‍ട്ടിലേയര്‍ പ്രക്രിയ ഉപയോഗിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലവിലെ ഗവേഷണ പദ്ധതി. ഇതിലൂടെ പോഷകങ്ങളുടെ നിശ്ചിത പുറന്തള്ളലും പരമാവധി ആഗിരണവും ഉറപ്പാക്കുന്നു.

10 വര്‍ഷത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനായി മനുഷ്യ ആമാശയവും ചെറുകുടലിന്റെ മാതൃകകളും ഉള്‍ക്കൊള്ളുന്ന കൃത്രിമ ദഹനവ്യവസ്ഥ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏഷ്യയില്‍ ആദ്യമായിട്ടാണ് ഇത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുന്നത്.

 ഈ ദഹനവ്യവസ്ഥയിലെ ബയോ - മെക്കാനോ-കെമിക്കല്‍ പ്രക്രിയയ്ക്ക് മനുഷ്യ ദഹനത്തെ ഫലപ്രദമായി അനുകരിക്കാന്‍ കഴിയും. ഭക്ഷ്യ ഉല്‍പ്പാദനം, ഭക്ഷ്യ സംസ്‌കരണം, എഞ്ചിനീയറിംഗ് എന്നിവയെ അഭിമുഖീകരിക്കുന്ന ഈ സാങ്കേതികവിദ്യ പൊതുജനാരോഗ്യത്തിലും സമീപനത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ഇത് ഒന്നിലധികം അനുബന്ധ ആപ്ലിക്കേഷനുകളിലേക്ക് വിപുലീകരിക്കാനും സാധിക്കും.

ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ വിപുലമായ വൈദഗ്ധ്യമുള്ള അനന്തരാമകൃഷ്ണന്റെ ഗവേഷണ മേഖലകളില്‍ ത്രിഡി ഫുഡ് പ്രിന്റിംഗ്, സ്‌പ്രേ ഡ്രൈയിംഗ്, സ്‌പ്രേ-ഫ്രീസ്-ഡ്രൈയിങ് ഓഫ് ഫുഡ്, ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടേഷണല്‍ മോഡലിംഗ് എന്നിവ ഉള്‍പ്പെടുന്നു. 

സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ച വീഗന്‍ ലെതര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

Advertisment