കൊച്ചി: വിവിധ മേഖലകളിലെ വികസനത്തിനായി നവീന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും വന്‍ മാറ്റങ്ങള്‍ക്കു തിരി കൊളുത്തുകയും ചെയ്യുന്നവര്‍ക്കായുള്ള ടാറ്റാ ട്രാന്‍സ്ഫര്‍മേഷന്‍ പ്രൈസിവിജയികളെ പ്രഖ്യാപിച്ചു. ടാറ്റാ സണ്‍സ്, ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസ് എന്നിവര്‍ ചേര്‍ന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.
ഭക്ഷ്യ സുരക്ഷ, സുസ്ഥിരത, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വെല്ലുവിളികള്‍ നേരിടാന്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയവരെയാണ് ടാറ്റാ ട്രാന്‍സ്ഫര്‍മേഷന്‍ പ്രൈസിനായി തെരഞ്ഞെടുത്തത്. 18 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 169 പേരില്‍ നിന്നാണ് മൂന്ന് ശാസ്ത്രജ്ഞരെ വിജയികളായി തിരഞ്ഞെടുത്തത്. ഓരോ വിജയിക്കും 2 കോടി രൂപ (ഏകദേശം 240,000 യുഎസ് ഡോളര്‍) സമ്മാനമായി ലഭിക്കും, 2024 ഡിസംബറില്‍ മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ വിജയികളെ ആദരിക്കും.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജിയിലെ സി അനന്തരാമകൃഷ്ണന്‍, സുസ്ഥിരതാ വിഭാഗത്തില്‍ ബോംബെ ഐഐടിയിലെ അമര്‍ത്യ മുഖോപാധ്യായ, ആരോഗ്യ സേവന വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ രാഘവന്‍ വരദരാജന്‍, എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അനിവാര്യമായ പോഷകങ്ങള്‍ അരിയില്‍ ചേര്‍ത്തു നല്‍കുന്നതിന് തുടക്കം കുറിച്ചതാണ് അനന്തരാമകൃഷ്ണന്റെ നേട്ടം. ഏഷ്യയിലെ ആദ്യ ഗാസ്‌ട്രോഇന്റെന്‍സ്റ്റിയന്‍ സംവിധാനത്തിനും അദ്ദേഹം വഴിയൊരുക്കിയിരുന്നു. പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന ദശലക്ഷക്കണക്കിനു പേര്‍ക്കാണ് ഈ സംഭാവനകളുടെ ഗുണം ലഭിക്കുക.
ചെലവു കുറഞ്ഞ ആര്‍ എസ് വി വാക്‌സിനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ പേരിലാണ് രാഘവന്‍ വരദരാജനെ തെരഞ്ഞെടുത്തത്. സുസ്ഥിര ഊര്‍ജ്ജ രംഗവുമായി ബന്ധപ്പെട്ടഗവേഷണങ്ങളാണ് അമര്‍ത്യ മുഖോപാധ്യായയെ തെരഞ്ഞെടുക്കുന്നതിന് വഴിയൊരുക്കിയത്.
ഈ നീക്കങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇന്ത്യയെ ആഗോള തലത്തിലെ പുതുമകളുടെ അവതാരകരാക്കാനും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ടാറ്റാ സണ്‍സ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.