Advertisment

വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം

കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയ്ക്ക് കടുത്ത പനിയെ തുടര്‍ന്ന് വീടിനു സമീപത്തെ പൊരുന്നന്നൂര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചത്.

New Update
tb death wayanad.jpg

മാനന്തവാടി: വയനാട്ടില്‍ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്നു കാപ്പുംകുന്നു ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. രേണുകയ്ക്ക് ചികിത്സാ ലഭ്യമാക്കാന്‍ വൈകിയെന്നും അവശ്യ ഘട്ടങ്ങളില്‍ ട്രൈബല്‍ വകുപ്പ് നടപടി കൈകൊണ്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

Advertisment

കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയ്ക്ക് കടുത്ത പനിയെ തുടര്‍ന്ന് വീടിനു സമീപത്തെ പൊരുന്നന്നൂര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സകള്‍ക്കായി രേണുകയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണത്തിനു കീഴടങ്ങുകയായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് രതീഷും ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച രതീഷിന്റെ ഭാര്യയുടെ മരണ കാരണവും ക്ഷയരോഗം തന്നെ. രേണുകയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി ആരോഗ്യ വകുപ്പ് അധികൃതര്‍ പട്ടികവര്‍ഗ്ഗ വകുപ്പ് ഓഫീസറെ അറിയിച്ചെങ്കിലും വണ്ടിക്കൂലിക്ക് ഫണ്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് കോളനി നിവാസികള്‍ പറയുന്നു.

ചികിത്സയോ ബോധവല്‍ക്കരണമോ ലഭിക്കാതെ വൃത്തി ഹീനമായ സാഹചര്യത്തില്‍ ടി ബി പോലെയുള്ള മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന വയനാട്ടിലെ നിരവധി ആദിവാസി കോളനികളില്‍ ഒന്ന് മാത്രമാണിത്. പട്ടിക വര്‍ഗ വികസനവകുപ്പൊ അധികൃതരോ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ആദിവാസി കോളനികളിലെ ജീവിതം കൂടുതല്‍ ദുരന്തപൂര്‍ണ്ണമായി മാറിയേക്കുമെന്ന് ആശങ്കകളുണ്ട്.

wayanadu
Advertisment