മോട്ടോര്‍ റാലിയോടെ ടെക് എ ബ്രേക്കിന് ടെക്നോപാര്‍ക്കില്‍ ഔദ്യോഗിക തുടക്കം

New Update
Pic 1

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടെക്നോപാര്‍ക്കിന്‍റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ 'ടെക് എ ബ്രേക്ക്' വീണ്ടും സജീവമാകുന്നു. ഇതിന്‍റെ ഭാഗമായി ടെക്നോപാര്‍ക്ക് ഫേസ് വണ്‍ ക്യാമ്പസില്‍ നടന്ന മോട്ടോര്‍ റാലിയില്‍ ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍, എന്നിവയുള്‍പ്പെടെയുള്ള നൂറിലധികം വാഹനങ്ങള്‍ അണിനിരന്ന റാലി നടന്നു.

'എറര്‍ 404-ക്രിയേറ്റിവിറ്റി ഫൗണ്ട്' എന്നതാണ് ടെക് എ ബ്രേക്ക് 2025 ന്‍റെ പ്രമേയം. ഐടി പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ മത്സരങ്ങളിലൂടെയും കലാപ്രകടനങ്ങളിലൂടെയും അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നതാണ് പരിപാടി.

മോട്ടോര്‍ റാലിക്ക് ശേഷം ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ജിടെക് സെക്രട്ടറിയും ടാറ്റാ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, എആര്‍എസ് ട്രാഫിക് ആന്‍ഡ് ടെക്നോളജീസ് എംഡി മനീഷ് വിഎസ്, എക്സ്പീരിയന്‍ സിഇഒ ബിനു ജേക്കബ്, വേ ഡോട്ട് കോം വൈസ് പ്രസിഡന്‍റ് പി ബാലഗോപാല്‍ കെഎസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്, ടെക്നോപാര്‍ക്ക്, നടാന, ജിടെക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വോളന്‍റിയര്‍മാരും ഐടി പ്രൊഫഷണലുകളും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ ഐടി കമ്പനികളുടെ കലാ-സാംസ്കാരിക-കായിക-ഐടി ക്ലബ്ബായ നടാന, ജിടെക്, ടെക്നോപാര്‍ക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ടെക് എ ബ്രേക്ക് 2025' സംഘടിപ്പിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം 'ടെക് എ ബ്രേക്ക്' വീണ്ടും തുടങ്ങുന്നത് ഐടി സമൂഹത്തിന്‍റെ സര്‍ഗ്ഗാത്മകതയ്ക്ക് പുത്തനുണര്‍വ് പകരുമെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.

ടെക്കികളുടെ ബൗദ്ധികവും സര്‍ഗ്ഗാത്മവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും തിരക്കേറിയ ജോലി ഷെഡ്യൂളില്‍ നിന്ന് വിശ്രമവും വിനോദവും ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിന്‍റെ യുവജനോത്സവം എന്നറിയപ്പെടുന്ന ടെക് എ ബ്രേക്ക് ആനന്ദത്തിന്‍റെയും ആഘോഷത്തിന്‍റെയും ഉത്സവമാണെന്ന് ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി പറഞ്ഞു.

ഫേസ് വണ്‍ ക്യാമ്പസിലെ ക്ലബ് ഹൗസ് ഏരിയയില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത മോട്ടോര്‍ റാലിയില്‍ ബൈക്കുകളിലും കാറുകളിലുമായി സ്റ്റണ്ടുകള്‍ അടക്കമുള്ള പ്രകടനങ്ങള്‍ അരങ്ങേറി.

ദി റോയല്‍സ്, 4 ബൈ 4 ഡേയ്സ്, ഗിയര്‍ മെഷീന്‍, കാര്‍ട്രോണിക്സ്, ട്രാവന്‍കൂര്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലബ്ബ് എന്നീ ടീമുകള്‍ റാലിയില്‍ പങ്കെടുത്തു.

ക്യാമ്പസിന് ചുറ്റുമായി നടന്ന റാലിയില്‍ വാഹന പ്രേമികള്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തേജസ്വിനി കെട്ടിടത്തിന് മുന്നില്‍ റാലി സമാപിച്ചു.

Advertisment
Advertisment