തിരുവനന്തപുരം: ജീവിത മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ നൂതന സാങ്കേതികവിദ്യകളെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളുകയും പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) ദ്വിദിന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനായ 'ട്രിമ 2025' സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സാങ്കേതികവിദ്യ വളരുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വം കുറയുകയാണെന്ന് ഗൗരി പാര്‍വതി ഭായ് പറഞ്ഞു. മൂല്യങ്ങളില്‍ അധിഷ്ഠിതമായ സാമൂഹികാവസ്തയാണ് ആവശ്യം. സാങ്കേതിക പുരോഗതിക്കൊപ്പം മൂല്യങ്ങള്‍ നിലനിര്‍ത്തുകയെന്നത് ആധുനിക കാലത്ത് സുപ്രധാനമാണ്.
തൊഴിലെടുക്കാനും ജീവിക്കാനും സാധിക്കുന്ന മികച്ച നഗരമാണ് തിരുവനന്തപുരം. ട്രിമ കണ്‍വെന്‍ഷനില്‍ രൂപപ്പെട്ട ചര്‍ച്ചകളും ആശയങ്ങളും തലസ്ഥാന നഗരത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റാന്‍ ഉപകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടും ഒരു സഖ്യത്തിന്‍റെ അഭാവമുണ്ടെന്നും എല്ലാ രാജ്യങ്ങളും ഒരു പുതിയ ലോകക്രമത്തിനായി കാത്തിരിക്കുകയാണെന്നും മുഖ്യപ്രഭാഷണത്തില്‍ മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. ലോകം എവിടേക്കാണ് പോകുന്നതെന്നും മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെക്കുറിച്ചും വ്യവസായ ലോകം അറിയേണ്ടത് പ്രധാനമാണെന്ന് നിലവിലെ വ്യാപാരക്കരാറിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ട്രിമ 2025 ന്‍റെ തുടര്‍ച്ചയായി സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസില്‍ യുവ സംരംഭകര്‍ക്കും വ്യവസായ തത്പരര്‍ക്കും വേണ്ടി 'ഷേപ്പിംഗ് യംഗ് മൈന്‍ഡ്സ്' എന്ന പരിപാടി ടിഎംഎ സംഘടിപ്പിക്കുമെന്ന് സ്വാഗത പ്രസംഗത്തില്‍ ടിഎംഎ പ്രസിഡന്‍റ് ജി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
എസ്.ബി.ഐ ജനറല്‍ മാനേജര്‍ സുശീല്‍ കുമാര്‍ സന്നിഹിതനായിരുന്നു. ടിഎംഎ സീനിയര്‍ വൈസ് പ്രസിഡന്‍റ് സുരേഷ് കുമാര്‍ ബി ചടങ്ങിന് നന്ദി പറഞ്ഞു.
ടിഎംഎ-കിംസ്ഹെല്‍ത്ത് തീം പ്രസന്‍റേഷന്‍ അവാര്‍ഡ് നേടിയ സി.ഇ.ടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ വിദ്യാര്‍ത്ഥികള്‍ പ്രബന്ധാവതരണം നടത്തി.
ടിഎംഎയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍റെ പ്രമേയം 'ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് - നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്' എന്നതാണ്. വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ കേരളത്തിന്‍റെ സുസ്ഥിര സാമൂഹിക-സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. ശാസ്ത്രം, മാനേജ്മെന്‍റ്, സാങ്കേതികവിദ്യ, സാമൂഹിക വികസനം എന്നിവ തമ്മിലുള്ള വൈജ്ഞാനിക കൈമാറ്റത്തിനുള്ള വേദി എന്ന നിലയില്‍ വെല്ലുവിളികള്‍ക്കൊപ്പം അവസരങ്ങളും ഉറപ്പാക്കുന്ന നേതൃമാതൃകകളിലേക്ക് കണ്‍വെന്‍ഷനിലെ ചര്‍ച്ചകള്‍ കടന്നുചെന്നു.
1985 ല്‍ സ്ഥാപിതമായ ടിഎംഎ ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ ഒന്നാണ്. ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനില്‍ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.