ടെക്നോപാര്‍ക്ക് സിഇഒ സ്ഥാനമൊഴിഞ്ഞു

സ്ഥാനമൊഴിയുന്നത് ഐടി മേഖലയുടെ വികസനത്തിനായി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചയാള്‍

New Update
it ceo
തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ ഐടി മേഖലയിലെ പൊന്‍തൂവലുകളിലൊന്നായ ടെക്നോപാര്‍ക്കിന് ചുക്കാന്‍ പിടിച്ചിരുന്ന സിഇഒ കേണല്‍ സഞ്ജീവ് നായര്‍(റിട്ട.) സ്ഥാനമൊഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒന്നും 35 വര്‍ഷത്തിലേറെ പാരമ്പര്യമുള്ളതുമായ ടെക്നോപാര്‍ക്കിലെ മൂന്ന് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷമാണ് സ്ഥാനമൊഴിയല്‍.

ലോകത്തിലെ ഏറ്റവും ഹരിതാഭമാര്‍ന്ന ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിനെ ഘടനാപരമായി ശക്തിപ്പെടുത്തിയതിനൊപ്പം അടുത്ത ഘട്ട വളര്‍ച്ചയ്ക്കുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. ക്വാഡ്, കേരള സ്പേസ് പാര്‍ക്ക്, എമേര്‍ജിംഗ് ടെക് ഹബ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ആരംഭിച്ച കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണ്‍ (കെ-ഡിഐഇഎസ്), ഗ്ലോബല്‍ കാപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസി) തുടങ്ങിയ പുത്തന്‍ സംരംഭങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ടെക്നോപാര്‍ക്കിന്‍റെ വിവിധ മേഖലകളിലെ വളര്‍ച്ച നിസ്തുല്യമാണ്. 80,000 പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളുന്ന 500 കമ്പനികളിലേക്ക് ടെക്നോപാര്‍ക്ക് വികസിച്ചു. സോഫ്റ്റ്‌വെയര്‍ കയറ്റുമതി 14,575 കോടിയായി വര്‍ദ്ധിച്ചതും ശ്രദ്ധേയം. തുടര്‍ച്ചയായ നാലാം വര്‍ഷവും ക്രിസില്‍ എ പ്ലസ് (സ്ഥിരത) റേറ്റിംഗ് നിലനിര്‍ത്താന്‍ ടെക്നോപാര്‍ക്കിന് സാധിച്ചത് മറ്റൊരു നേട്ടം.
 
ആക്സഞ്ചര്‍, എച്ച്സിഎല്‍, ആര്‍ച്ച് ക്യാപിറ്റല്‍ ഗ്രൂപ്പ്, ഇക്വിഫാക്സ്, വിസ്റ്റിയോണ്‍, നിസ്സാന്‍ ഡിജിറ്റല്‍, അലിയാന്‍സ്, സഫിന്‍, കാരസ്റ്റാക്ക്, ഗൈഡ്ഹൗസ്, അര്‍മാഡ, നെസ്റ്റ് ഡിജിറ്റല്‍, എക്സ്പീരിയോണ്‍ ടെക്നോളജീസ് എന്നിവയുള്‍പ്പെടെ നിരവധി ആഗോള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ വിപുലീകരിക്കുകയോ ചെയ്തതിലൂടെ സ്ഥിരമായ വിപണി മുന്നേറ്റത്തിന് ടെക്നോപാര്‍ക്ക് സാക്ഷ്യം വഹിച്ചു.

അല്‍ മര്‍സൂക്കി, ഹൈലൈറ്റ് ഗ്രൂപ്പ്, ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് എന്നിവയുമായി താല്കാലിക കരാറില്‍ ഏര്‍പ്പെട്ടതും ഊര്‍ജ്ജ കാര്യക്ഷമത, വാട്ടര്‍ മാനേജ്മെന്‍റ്, സൗരോര്‍ജ്ജം, ഇവി ചാര്‍ജിംഗ്, കമ്മ്യൂണിറ്റി ഇടപെടല്‍ എന്നിവയിലുടനീളം നടപ്പിലാക്കിയ സ്മാര്‍ട്ട് സംരംഭങ്ങളും പ്രത്യേകം ചൂണ്ടിക്കാട്ടാനാകും. ആഗോള ജിസിസി ലക്ഷ്യസ്ഥാനമെന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ സാധ്യത തിരിച്ചറിയപ്പെടാനും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമായി.

ഭരണത്തിലും നയപരമായ കാര്യങ്ങളിലും ഗുണകരമായ വിവിധ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ കേണല്‍ സഞ്ജീവ് നായര്‍ക്ക് (റിട്ട.) കഴിഞ്ഞു. ടെക്നോപാര്‍ക്ക് ഫേസ്-4(ടെക്നോസിറ്റി) വിപുലീകരണത്തിനു സമഗ്ര മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കുന്നതിലും അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണമുണ്ട്390 ഏക്കര്‍ വിസ്തൃതിയുള്ള ഫേസ്-4 നെ സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രധാന ഐടി ഡെസ്റ്റിനേഷന്‍ എന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
 
ഐടി ഗ്ലോബല്‍ കാപ്പബിലിറ്റി സെന്‍ററുകള്‍, റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ്, ഉയര്‍ന്നു വരുന്ന പുത്തന്‍ സാങ്കേതികവിദ്യകളേയും സ്പെഷ്യലൈസ്ഡ് മേഖലകളേയും ഉള്‍ക്കൊള്ളാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയവ മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമാണ്.

ഇതിന്‍റെ ഭാഗമായി എംഎസ്എംഇ ടെക്നോളജി സെന്‍റര്‍, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, എമര്‍ജിംഗ് ടെക് ഹബ് (കെഎസ്‌യുഎം), കേരള സ്പേസ് പാര്‍ക്ക്, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ജിസിസി/ഐടി ക്ലസ്റ്റര്‍, പ്രത്യേക ടെക്നോളജി മേഖലകളായ എഐ, അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകള്‍, സൈബര്‍ സുരക്ഷ, സ്പേസ് ആന്‍റ് ഡിഫന്‍സ് ടെക്നോളജി, യൂണിറ്റി മാള്‍ എന്നിവയ്ക്കായുള്ള തന്ത്രപ്രധാന മേഖലകള്‍ ടെക്നോസിറ്റിയില്‍ തരംതിരിച്ചു കഴിഞ്ഞിട്ടുണ്ട്.
 
ടെക്നോപാര്‍ക്കിന്‍റെ എല്ലാ ഫേസുകളിലും അടിസ്ഥാന സൗകര്യവികസനങ്ങള്‍ നടത്തി. 50,000 സ്ക്വയര്‍ ഫീറ്റില്‍ പ്ലഗ്-ആന്‍ഡ്-പ്ലേ സൗകര്യമുള്ള ചാലിയാര്‍ ജിസിസി ആങ്കര്‍ ഹബ്ബിന്‍റെ നിര്‍മ്മാണം നടന്നു വരുന്നു. അതോടൊപ്പം കല്ലായി ഫേസ് വണ്ണില്‍ ഐടി കെട്ടിടം പൂര്‍ത്തിയായി വരുന്നു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ നിര്‍മ്മാണത്തിനായി ബ്രിഗേഡ് ഗ്രൂപ്പുമായും ഫേസ് വണ്ണില്‍ മറ്റൊരു ഐടി കെട്ടിടത്തിനായി കാസ്പിയന്‍ ടെക്പാര്‍ക്ക്സുമായും  ധാരണാപത്രം ഒപ്പുവച്ചു.
 
നയാഗ്ര കെട്ടിടത്തിന്‍റെ കമ്മീഷനോടു കൂടി ഫേസ് 3 യില്‍ എംബസി ടോറസ്-ഡൗണ്ടൗണ്‍ ട്രിവാന്‍ഡ്രം അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ടെക്നോസിറ്റിയില്‍ ടിസിഎസിന്‍റെ 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി/ഐടി ഇതര കാമ്പസ് ഈ മാസം പൂര്‍ത്തിയാകും. ക്വാഡ് പ്രോജക്ടിലെ ആദ്യ കെട്ടിടത്തിന്‍റെയും യൂണിറ്റി മാളിന്‍റേയും നിര്‍മ്മാണം ഉടന്‍ തുടങ്ങും.


Advertisment
Advertisment