ഇന്ത്യയിലെ സ്ത്രീകളുടെ മികച്ച 50 തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്

New Update
Kerala IT Logo (2)
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനെ 2025 ലെ, സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 50 ജോലിസ്ഥലങ്ങളില്‍ (മിഡ്-സൈസ്) ഒന്നായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ (ജിപിടിഡബ്ല്യു) തിരഞ്ഞെടുത്തു. മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ആഗോള അതോറിറ്റിയാണ് ജിപിടിഡബ്ല്യു.
Advertisment


ജോലിസ്ഥലത്ത് ലിംഗസമത്വം വളര്‍ത്തിയെടുക്കുന്നതിനും ഇന്ത്യയെ എല്ലാവര്‍ക്കും ജോലി ചെയ്യാനാകുന്ന സ്ഥലമാക്കി മാറ്റുക എന്ന ദര്‍ശനത്തിന് സംഭാവന നല്‍കിയതിനുമാണ് കമ്പനിയെ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. അടുത്തിടെ മില്ലേനിയലുകള്‍ക്കായുള്ള ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങളുടെ (മിഡ്-സൈസ് വിഭാഗം) ജിപിടിഡബ്ല്യു പട്ടികയില്‍ റിഫ്ളക്ഷന്‍സ് ഉള്‍പ്പെട്ടിരുന്നു. 500 ല്‍ താഴെ ജീവനക്കാരുടെ വിഭാഗത്തിലെ മികവ് പരിഗണിച്ച് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം)യുടെ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡും ലഭിച്ചു.

എല്ലാവരെയും ഉള്‍ക്കൊള്ളുകയും വിലമതിക്കുകയും ചെയ്യുന്ന സ്ഥാപനമായ റിഫ്ളക്ഷന്‍സിന്‍റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ജിപിടിഡബ്ല്യു തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ഉഷ ചിറയില്‍ പറഞ്ഞു. സമത്വത്തിന്‍റെയും വൈവിധ്യത്തിന്‍റെയും സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയെ ഈ അംഗീകാരം ശക്തിപ്പെടുത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വനിതാ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷന്‍സിന് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന സര്‍വേ രീതിയായ ട്രസ്റ്റ് ഇന്‍ഡക്സ് സ്കോര്‍ ഇതിനായി പരിഗണിച്ചു. ട്രസ്റ്റ് ഇന്‍ഡക്സ് വിലയിരുത്തലില്‍ വനിതാ ജീവനക്കാര്‍ കുറഞ്ഞത് 70 ശതമാനം പോസിറ്റീവ് ഫീഡ്ബാക്ക് പങ്കിട്ടതിനെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷന്‍സിന് ബഹുമതി ലഭിച്ചത്. സ്ത്രീകളുടെ തൊഴിലിട അനുഭവം (ബൈനറി), തുല്യനീതി, പ്രവര്‍ത്തനങ്ങളിലെ പ്രാതിനിധ്യം എന്നിവയും പരിഗണിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, എഐ, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക നവീകരണ സേവന ദാതാവാണിത്. ഉയര്‍ന്ന ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സര്‍ട്ടിഫിക്കേഷനുകള്‍ കമ്പനി നേടിയിട്ടുണ്ട്.

1992 ല്‍ ആരംഭിച്ച ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ തൊഴിലിടങ്ങളുടെ നിലവാരത്തിലെ ആഗോള മാനദണ്ഡമാണ്. സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയെല്ലാം കൊണ്ട് ആഗോളതലത്തില്‍ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്.

Advertisment