ഗുണനിലവാരത്തിലും പരിസ്ഥിതി, സുരക്ഷാ മാനേജ്മെന്‍റിലും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തി ടെക്നോപാര്‍ക്ക്

New Update
Kerala IT Logo (2)
തിരുവനന്തപുരം: ഗുണനിലവാരം, പരിസ്ഥിതി-സുരക്ഷാ മാനേജ്മെന്‍റ് ഉള്‍പ്പെടെയുള്ള ഐഎസ്ഒ മാനദണ്ഡങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തി ടെക്നോപാര്‍ക്ക്. ജര്‍മ്മനി ആസ്ഥാനമായ ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ 9001 (ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം), ഐഎസ്ഒ 14001 (എന്‍വയോണ്‍മെന്‍റല്‍ മാനേജ്മെന്‍റ് സിസ്റ്റം), ഐഎസ്ഒ 45001 (ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്‍റ് സിസ്റ്റം) എന്നീ സര്‍ട്ടിഫിക്കേഷനുകളാണ് ലഭിച്ചത്. സര്‍ട്ടിഫിക്കേഷന്‍, അഡ്വൈസറി, പരിശോധന, പരിശീലനം എന്നിവയില്‍ പ്രശസ്തമായ സ്ഥാപനമാണ് ടിയുവി എസ്യുഡി സൗത്ത് ഏഷ്യ.

1998 മുതല്‍ ഐഎസ്ഒ 9001 സര്‍ട്ടിഫൈഡ് സ്ഥാപനമായ ടെക്നോപാര്‍ക്ക് ഗുണനിലവാരം, പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന നാഴികക്കല്ലാണ് പുതിയ അംഗീകാരം.

ഗുണനിലവാരം, ജീവനക്കാരുടെ സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം, പ്രവര്‍ത്തന മികവ് എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനുള്ള പാര്‍ക്കിന്‍റെ പ്രതിബദ്ധതയെ ഈ സര്‍ട്ടിഫിക്കഷനുകള്‍ അടിവരയിടുന്നുവെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ആഗോള നിലവാരം നിലനിര്‍ത്താനുള്ള ടെക്നോപാര്‍ക്കിന്‍റെ സമര്‍പ്പണത്തിനുള്ള അംഗീകാരത്തിനൊപ്പം കേരളത്തിലെ ശക്തമായ ഐടി ആവാസവ്യവസ്ഥയ്ക്കും ഇത് ഗുണം ചെയ്യും. സുസ്ഥിര രീതികളിലൂടെ കര്‍ശനമായ ഐഎസ്ഒ മാനദണ്ഡങ്ങള്‍ ടെക്നോപാര്‍ക്ക് പാലിച്ചു. ഇതിലൂടെ ആഗോള സ്ഥാപനങ്ങളുടെ ശ്രദ്ധ നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ്ഒ മാനദണ്ഡങ്ങള്‍ നേടുന്നതിനായുള്ള സുസ്ഥിര- ഹരിത സംരംഭങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഘടകങ്ങളും പിന്തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള ടെക്നോപാര്‍ക്ക് ജീവനക്കാരുടെ യോജിച്ച ശ്രമങ്ങളുടെ ഫലമാണ് സര്‍ട്ടിഫിക്കേഷന്‍.

ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ സ്ഥിരമായി നല്‍കുന്നതിനും ഉപഭോക്തൃ സംതൃപ്തിയും പ്രവര്‍ത്തന കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനുമുള്ള ടെക്നോപാര്‍ക്കിന്‍റെ കഴിവിനെ ഐഎസ്ഒ 9001 സര്‍ട്ടിഫിക്കേഷന്‍ അംഗീകരിക്കുന്നു. പാര്‍ക്കിന്‍റെ സുസ്ഥിര പ്രവര്‍ത്തനങ്ങളെയും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയെയും ഐഎസ്ഒ 14001 എടുത്തുകാണിക്കുന്നു. അതേസമയം എല്ലാ ജീവനക്കാര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെയാണ് ഐഎസ്ഒ 45001 അംഗീകരിക്കുന്നത്.

രാജ്യത്തെ നിക്ഷേപക സൗഹൃദ ഡിജിറ്റല്‍ ആവാസവ്യവസ്ഥയാക്കി മാറ്റുന്ന ടെക്നോപാര്‍ക്കിന്‍റെ ദീര്‍ഘകാലമായുള്ള മികവിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയെ ഈ സര്‍ട്ടിഫിക്കേഷനുകള്‍ പ്രതിഫലിപ്പിക്കുന്നു.
Advertisment