/sathyam/media/media_files/2025/01/13/dpN0q5WPOYteeolHRSYY.jpg)
കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ സമാനമായ രീതിയില്‍ താപനില ഉയരാനുള്ള സാധ്യതയും കലാവസ്ഥലാ നിരീക്ഷകര്‍ പങ്കുവെക്കുന്നു.
ചൂടു കൂടുമ്പോള്‍ അരുമ വളര്‍ത്തു മൃഗങ്ങളെയും കരുതലോടെ പരിപാലിക്കേണ്ടതുണ്ട്.
ചൂട് കൂടുതല്‍ ഉള്ള സമയങ്ങളില്‍ പശുക്കളെ പാടത്ത് കെട്ടി പോവരുത്. കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്.
സംസ്ഥാനത്തു മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്കു സൂര്യാഘാതമേറ്റു ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും ഇടയിലുള്ള സമയത്തു പശുക്കളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും ഒഴിവാക്കണം.
ക്ഷീരമേഖലയ്ക്ക് വേനല്‍ അതിജീവനത്തിന്റെ കാലമാണ്. ഇപ്പോള്‍ തന്നെ ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. വരും ദിവസങ്ങില്‍ വേനല്‍ കടുക്കുമെന്നതിനാല്‍ ഉല്‍പ്പാദനവും കുറയും.
വെള്ളത്തിനും തീറ്റപ്പുല്ലിനുമുള്ള ക്ഷാമം, കടുത്ത ചൂടില്‍ തളര്‍ന്നു സങ്കരയിനം പശുക്കളില്‍ പാലുല്‍പാദനം കുറയല്‍, പശുക്കള്‍ കിതച്ചും അണച്ചും തളരുന്നതോടെ തലപൊക്കിത്തുടങ്ങുന്ന രോഗങ്ങള്‍, കുത്തിവെച്ചാല്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കുറയല്‍ എന്നിങ്ങനെ ക്ഷീരമേഖലയില്‍ വേനല്‍ വെല്ലുവിളികള്‍ ഏറെയാണ്.
ഉയര്‍ന്ന ശരീരോഷ്മാവ്, കിതപ്പ്, തീറ്റയോടുള്ള മടുപ്പ്, പാല്‍ ഉല്‍പാദനം കുറയല്‍, വായില്‍നിന്നും നുരയും പതയുമൊലിക്കല്‍, മൂക്കില്‍ നിന്ന് നീരൊലിപ്പ്, നാക്ക് പുറത്തേക്കിട്ട് ചുഴറ്റല്‍, വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്,ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, വിറയല്‍, തറയില്‍ കിടക്കാനുള്ള വിമുഖത, മദി ലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍ എന്നിവയെല്ലാം പശുക്കളിലെ വേനല്‍ സമ്മര്‍ദത്തിന്റെ ലക്ഷണങ്ങളാണ്.
ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക് 3.5 മീറ്റര്‍ ഉയരവും വശങ്ങളില്‍ 3 മീറ്ററും കുറഞ്ഞ ഉയരം പ്രധാനമാണ്. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റര്‍ മതി.
തൊഴുത്തിന്റെ പരിസരത്തുള്ള തടസങ്ങള്‍ നീക്കി വായു സഞ്ചാരം എളുപ്പമാക്കണം. ഒപ്പം തൊഴുത്തിനുള്ളില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ചു നല്‍കണം. മേല്‍ക്കൂരയില്‍ ഫാനുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ നല്ലത് പശുക്കളുടെ തലയില്‍ അല്ലെങ്കില്‍ നെറ്റിയില്‍ കാറ്റ് പതിക്കും വിധം തൂണില്‍ സ്ഥാപിച്ചതോ അല്ലങ്കില്‍ പെഡസ്റ്റല്‍ ഫാനുകളോ ആണ്.
പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവര്‍, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്.
ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്നു മിനിട്ട് നേരം ഇവ പ്രവര്‍ത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം. ഫാനുകള്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം വേണംസ്പ്രിംഗ്ലര്‍,ഷവര്‍, മിസ്റ്റ് എന്നിവയെല്ലാം പ്രവര്‍ത്തിപ്പിക്കേണ്ടത്.
എല്ലാ സമയത്തും പശുക്കളെ നനച്ച് കുളിപ്പിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തൊഴുത്തില്‍ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിനു മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേല്‍ക്കൂര നനച്ച് നല്‍കാവുന്നതാണ്.