കൊച്ചി: ആമ്പല്ലൂർ. എറണാകുളം ആമ്പല്ലൂർ, പ്ലാപ്പിള്ളി - കീച്ചേരി ക്രോധമംഗലം ശ്രീ സന്താന ഗോപാല മൂർത്തീ ക്ഷേത്രത്തിൽ പരിഹാരക്രിയകളും നവീകരണ കലശവും ആരംഭിച്ചു. മെയ് ഒമ്പതിന് പുന:പ്രതിഷ്ഠ നടത്തും.
1500 വർഷത്തിൽ പരം പഴക്കമുള്ളതാണ്, ക്രോസ്സോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന ക്രോധമംഗലം ശ്രീ സന്താനഗോപാലമൂർത്തീ ക്ഷേത്രം.
കാലപ്പഴക്കത്താൽ മൂല വിഗ്രഹത്തിന് ഭവിച്ച കേടുപാടുകൾ, താന്ത്രിക വിധിപ്രകാരമുള്ള പരിഹാര ക്രിയകളുടെയും നവീകരണ കലശത്തിന്റെയും ഭക്തിസാന്ദ്രമായ ചടങ്ങുകൾക്ക് ശേഷം വിഗ്രഹ പുനഃപ്രതിഷ്ഠ നടത്തുകയാണ്.
വലം കൈയ്യിൽ വെണ്ണയും ഇടത് കൈയ്യാൽ ഒക്കത്ത് എടുത്ത കൈക്കുഞ്ഞുമായി നിൽക്കുന്ന രൂപത്തിലുള്ള ക്രോധമംഗലം ക്ഷേത്രത്തിലെ, ശ്രീ സന്താനഗോപാലമൂർത്തീ വിഗ്രഹം അതിദുർലഭമായേ കാണാൻ കഴിയൂ.
സന്താനങ്ങളുടെ സൗഭാഗ്യങ്ങൾക്കും ശ്രേയസ്സിനും ദേശക്കാരും, കേട്ടറിഞ്ഞ് ദൂരദേശക്കാരും ഒന്നര സഹസ്രാബ്ദത്തിലേറെയായി ഈ ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തി മൂർത്തിയുടെ അനുഗ്രഹം പ്രാപിച്ച് വരുന്നു.
ക്ഷേത്രത്തിന്റെ ഗതകാല പ്രൗഢി വീണ്ടെടുത്ത്, ദേശദേവന്റെ ചൈതന്യം ഉണർത്തി ഭക്തർക്ക് അഭീഷ്ടസിദ്ധി ക്ഷിപ്രം ലഭ്യമാക്കാൻ വേണ്ടി മെയ് 3,4,5 തീയതികളിൽ പരിഹാരക്രിയകളും മെയ് 6,7,8,9, തീയതികളിൽ കലശാദിപൂജകളും, മെയ് ഒമ്പതിന് പുനഃപ്രതിഷ്ഠ ചടങ്ങും നടക്കും.
പുളിക്കൽ പി കേശവമേനോൻ രക്ഷാധികാരിയും, തിട്ടപ്പിള്ളിമന ടി എൻ കൃഷ്ണൻ നമ്പൂതിരി ദേവസ്വം പ്രതിനിധിയും കെ എസ് ചന്ദ്രമോഹനൻ കൺവീനറും, മുകുന്ദൻ കോനോട്ട് പ്രസിഡണ്ടും, കെ കെ ജയകുമാർ സെക്രട്ടറിയും ആയിട്ടുള്ള കമ്മിറ്റിയാണ് പുനഃപ്രതിഷ്ഠ ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്നത്.
മെയ് 6 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉൽഘാടനം ചെയ്യും. ടി എൻ കൃഷ്ണൻ നമ്പൂതിരി തിട്ടപ്പിള്ളി മന വിഗ്രഹ ശില്പിയെ ആദരിക്കും.
ബിംബ ശിൽപി കെ ആർ നീലകണ്ഠൻ കസ്തൂരി സ്വാമി, പി വി എൻ നമ്പൂതിരിപ്പാട്, കെ എസ് ചന്ദ്രമോഹനൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബിനു പുത്തേത്ത് മ്യാലിൽ, ഗ്രാമ പഞ്ചായത്തംഗം ഉമാദേവി എന്നിവർ ആശംസകൾ അറിയിക്കും.
തുടർന്ന് വഴിപാട് കഞ്ഞി വിതരണം, വിവിധ കലാപരിപാടികൾ. മെയ് 7ന് പൂജാദി ചടങ്ങുകൾ വൈകീട്ട് 6.30ന് ദീപാരാധന, നാരായണീയ പ്രഭാഷണം മെയ് 8 ന് വൈകീട്ട് 7ന് ചിന്ത് പാട്ട്, ഭാഗവത പ്രഭാഷണം, വിവിധ കലാപരിപാടികൾ. മെയ് 9 ന് രാവിലെ 9.30 മുതൽ പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കും. പ്രസാദ ഊട്ടിന് ശേഷം പുനഃപ്രതിഷ്ഠ ചടങ്ങുകൾ സമാപിക്കും.