ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ

New Update
PHOTO-2 (Actor Aditi Ravi)
കൊച്ചി: ജി-ടെക്കിന്റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന മാരത്തണിന്റെ നാലാം പതിപ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള പതിനായിരത്തിലധികം പേർ പങ്കെടുത്തു. ഇൻഫോപാർക്ക് കൊച്ചിയുടെ ഫെയ്സ് ഒന്ന് രണ്ട് ക്യാമ്പസുകളും സ്മാർട്ട് സിറ്റി ക്യാമ്പസും ഉൾപ്പെടുത്തിയാണ് മാരത്തൺ നടത്തിയത്. ലഹരിവിരുദ്ധ സന്ദേശത്തോടുള്ള സമൂഹത്തിൻ്റെ പ്രതിബദ്ധതയാണ് ഈ  വലിയ പങ്കാളിത്തത്തിലൂടെ പ്രകടമാകുന്നതെന്ന് ജി-ടെക് ചെയർമാനും ഐബിഎസ് സോഫ്റ്റ്‌വെയർ എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.

ലഹരിമുക്ത കേരളം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ഈ മാരത്തണിൽ ഐടി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കോർപ്പറേറ്റ് ടീമുകൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ അണിനിരന്നു. വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ജി-ടെക് ഈ പരിപാടി സംഘടിപ്പിച്ചത്.

ഹാഫ് മാരത്തൺ (21.1 കി.മീ), 10 കെ ടൈംഡ് റൺ, 3 കെ ഫൺ റൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഹാഫ് മാരത്തണിലും 10 കെ റണ്ണിലും പ്രൊഫഷണൽ ഓട്ടക്കാരും കോർപ്പറേറ്റ് ടീമുകളും പങ്കെടുത്തപ്പോൾ 3 കെ ഫൺ റണ്ണിൽ കുട്ടികളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.

വിജയകരമായി ഓട്ടം പൂർത്തിയാക്കിയവർക്ക് മെഡലുകൾ  നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ എത്തിയവരെ പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു. ആരോഗ്യകരമായ  സമൂഹത്തിനായി ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിനൊപ്പം കേരളത്തിലെ കായിക സംസ്കാരത്തെ ശക്തിപ്പെടുത്താനും ഈ പരിപാടിക്ക് സാധിച്ചതായി  വി.കെ. മാത്യൂസ് പറഞ്ഞു.

ആരോഗ്യത്തെയും സാമൂഹിക ഉത്തരവാദിത്തത്തെയും കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധമാണ് ഈ പങ്കാളിത്തം സൂചിപ്പിക്കുന്നത്. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം പോലുള്ള വെല്ലുവിളികളെ നേരിടാൻ വ്യവസായ മേഖലയ്ക്കും സമൂഹത്തിനും സാർഥകമായി ഒത്തുചേരാമെന്ന് ഈ പരിപാടി തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ  കൊച്ചി മേയർ വി.കെ. മിനിമോൾ, നടി അദിതി രവി, ജി-ടെക് സെക്രട്ടറി വി. ശ്രീകുമാർ, ലിറ്റ്‌മസ്7 സിഇഒ വേണു ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സൂംബ സെഷനുകൾ, മെഡിക്കൽ സപ്പോർട്ട്, വോളന്റിയർ സേവനം എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. 2026-ലെ ഈ പതിപ്പിൽ പതിനായിരത്തിലധികം പേരും നൂറിലധികം സംഘടനകളും പങ്കെടുത്തത് മുൻ റെക്കോർഡുകൾ മറികടക്കുന്നതായി.
Advertisment
Advertisment