തിരുവനന്തപുരം: ആഗോളതലത്തില്‍ മുന്‍നിരയിലുള്ള എഞ്ചിനീയറിംഗ് സൊല്യൂഷനുകളിലൊന്നായ ടെസ്റ്റ്ഹൗസിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ടെക്നോപാര്‍ക്ക് വേദിയായി. രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കമ്പനിയുടെ പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റി പ്ലാറ്റ് ഫോമും പ്രകാശനം ചെയ്തു.
ടെക്നോപാര്‍ക്കില്‍ 2000 ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പില്‍ നിന്നാണ് ആഗോള നിലവാരത്തിലുള്ള എഞ്ചിനീയറിംഗ് കമ്പനിയിലേക്ക് ടെസ്റ്റ്ഹൗസ് ഉയര്‍ന്നത്. ടെസ്റ്റ്ഹൗസ് ജീവനക്കാര്‍ക്കൊപ്പം കമ്പനിയുടെ നേതൃത്വനിര, മുന്‍ജീവനക്കാര്‍, മറ്റ് പങ്കാളികള്‍, ടെക്നോപാര്‍ക്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.
മികച്ച ഭാവി പദ്ധതികളാണ് ടെസ്റ്റ്ഹൗസ് ആവിഷ്കരിച്ച് നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് ടെസ്റ്റ്ഹൗസിന്‍റെ സ്ഥാപകനും വൈസ് ചെയര്‍മാനുമായ സുഗ് സഹദേവന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇപ്പോഴുള്ളതില്‍ നിന്ന് അഞ്ച് മടങ്ങ് വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 25 വര്‍ഷം കൊണ്ട് നേടിയെടുത്ത ബിസിനസ് നേട്ടങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീണ്ടും ആവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റ്ഹൗസ് എവിടെയായിരുന്നു എന്നതിനൊപ്പം എവിടേക്കാണ് പോകുന്നതെന്ന് അടയാളപ്പെടുത്താന്‍ പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ്ഹൗസിന്‍റെ രജത ജൂബിലി ആഘോഷിക്കാനാകുന്നത് അഭിമാനകരമാണെന്ന് ടെസ്റ്റ്ഹൗസ് സിഇഒ അനി ഗോപിനാഥ് പറഞ്ഞു. 25 വര്‍ഷത്തെ നവീകരണം, മികച്ച ഉപഭോക്തൃ പങ്കാളിത്തം, ജീവനക്കാരുടെ പ്രതിബദ്ധത തുടങ്ങിയവയെ അടയാളപ്പെടുത്തുന്ന നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടനും പ്രഭാഷകനുമായ ആശിഷ് വിദ്യാര്‍ത്ഥി നയിച്ച മോട്ടിവേഷന്‍ സെഷന്‍ ചടങ്ങിന് മാറ്റു കൂട്ടി. കേരളത്തിന്‍റെ പരമ്പരാഗത നൃത്തരൂപങ്ങളുടെ അവതരണം, പിന്നണി ഗായകരായ നജിം അര്‍ഷാദ്, സരിത റാം എന്നിവരുടെ ഗാനമേള, ബാലഗോപാല്‍ അവതരിപ്പിച്ച വയലിന്‍ കച്ചേരി, ടെസ്റ്റ്ഹൗസ് ജീവനക്കാരുടെ കലാപരിപാടികള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്കാരിക പരിപാടികളും ആഘോഷത്തിന്‍റെ ഭാഗമായുണ്ടായി. കമ്പനിയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള ഡിജിറ്റല്‍ അഷ്വറന്‍സ് ആന്‍ഡ് ഓട്ടോമേഷന്‍ കമ്പനിയാണ് ടെസ്റ്റ്ഹൗസ്. യുഎസ്, യുകെ, ഓസ്ട്രേലിയ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സേവനം ലഭ്യമാണ്.