പ്രവാസിയെ കള്ളക്കേസില്‍ കുരുക്കിയ പൊലീസിന് കനത്ത തിരിച്ചടി. വഴിയാത്രക്കാരിയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ചുവെന്ന കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലില്‍ അടച്ചതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവ്. പൊലീസിന്റെ വീഴ്ചമൂലം താജുദീന് ജയിലിൽ കിടക്കേണ്ടി വന്നത് 54 ദിവസം. ഖത്തറിലെ ജോലിയും നഷ്ടമായി

കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാര്‍ത്ഥപ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്.

New Update
thaju

കണ്ണൂര്‍: ചെളിയിൽ പുതഞ്ഞ പൊലീസ് ജീപ്പ് തള്ളാൻ സഹായിക്കാതിരുന്ന പ്രവാസിയെ കള്ളക്കേസില്‍ കുരുക്കിയ പൊലീസിന് കനത്ത തിരിച്ചടി.

Advertisment

വഴിയാത്രക്കാരിയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ചുവെന്ന കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലില്‍ അടച്ചതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടത്.

പൊലീസിന്റെ വീഴ്ചമൂലം 54 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കൂത്തുപറമ്പ് കതിരൂര്‍ സ്വദേശി വികെ താജുദ്ദീനാണ് ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത്.


2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിജു, എഎസ്‌ഐ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് താജുദ്ദീനെ മാലമോഷണക്കേസില്‍ കുടുക്കിയത്.

2018 ജൂലൈ 11ന് രാത്രി കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോള്‍ വീടിനു സമീപം പൊലീസ് ജീപ്പ് ചെളിയില്‍ പുതഞ്ഞുകിടക്കുന്നത് താജുദ്ദീന്‍ കണ്ടിരുന്നു.

സഹായിക്കണമെന്ന് താജുദ്ദീനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടുവേദന ഉള്ളതിനാല്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങിയില്ല.

 പകരം മറ്റുള്ളവരാണ് പൊലീസിനെ സഹായിച്ചത്.

പ്രകോപിതരായ പൊലീസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഇയാള്‍ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച് അതിലെ വ്യക്തി താജുദ്ദീനാണെന്ന് പൊലീസ് ആരോപിച്ചു.

ജൂലായ് അഞ്ചിന് പെരളശേരി പഞ്ചായത്തിലെ വെള്ളച്ചാലിനടുത്തെ ചോരക്കുളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവന്‍ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്‌ഐ പി. ബിജു പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് നടപടി.

താനല്ല കുറ്റക്കാരനെന്ന് പലതവണ പറഞ്ഞിട്ടും ചക്കരക്കല്‍ എസ് ഐ പി ബിജുവും സംഘവും അതു ചെവിക്കൊള്ളാന്‍ തയ്യാറായില്ല. കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തു.

താന്‍ കുടുംബത്തോടൊപ്പം മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി പുറത്തുപോയി വരികയായിരുന്നെന്നും തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീന്‍ പൊലീസിനോട് അപേക്ഷിച്ചിരുന്നു. 

എന്നാല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു.

മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വന്നു.

ഖത്തറില്‍ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. ജയിലില്‍ കിടന്നതുകാരണം ഗള്‍ഫിലെ ജോലി നഷ്ടമായി.

 പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിലാണ് നീതി ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയപ്പോള്‍, നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അബ്‌സ്‌കോണ്ടിങ് ആണെന്ന് കാണിച്ച് അവിടെയും ജയിലില്‍ കിടക്കേണ്ടി വന്നു. തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.

കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടര്‍ന്ന് ഖത്തറില്‍ 23 ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. കേസ് നടത്താനായി ഭാര്യയുടെ സ്വര്‍ണം ഉള്‍പ്പെടെ വില്‍ക്കേണ്ടി വന്നു.

പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാര്‍ത്ഥപ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്.

 മറ്റൊരു മോഷണക്കേസില്‍ പീതാംബരന്‍ എന്നയാള്‍ പിടിയിലായതോടെയാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത്.

 ജയിലില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്.

 ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വെളിച്ചത്തായത്.

 പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്.

Advertisment