തലയോലപ്പറമ്പ്: കുര്‍ബാനത്തര്‍ക്കം നിലനില്‍ക്കുന്ന തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഔദ്യോഗികവിഭാഗവും വിമതവിഭാഗവും തമ്മില്‍ സംഘര്‍ഷത്തില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്.
ഫാ. ജോണ്‍ തോട്ടുപുറം, ഫാ. ജെറിന്‍ പാലത്തിങ്കല്‍, രണ്ട് ഇടവകാംഗങ്ങള്‍ എന്നിവരുടെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ദേഹോപദ്രവം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സംഘര്‍ഷത്തിനിടെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഇന്നലെയാണ് കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ ഇരുവിഭാഗം ഏറ്റുമുട്ടിയത്.
പള്ളിയിലെ വൈദികന്‍ ജോണ്‍ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്യുകയായിരുന്നു. കുര്‍ബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്.
ഏറെനാളായി ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയാണിത്. സഭയുടെ അംഗീകൃത കുര്‍ബാന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത്. കുര്‍ബാനയ്ക്കിടെ ഒരു വിഭാഗം ജോണ്‍ തോട്ട് പുറത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പള്ളിക്കുള്ളിലെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകര്‍ത്തുകയുമായിരുന്നു.