/sathyam/media/media_files/2025/10/09/photos141-2025-10-09-19-03-29.png)
തളിപ്പറമ്പ്: നഗരത്തിലെ കെവി കോംപ്ലക്സിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ആദ്യം തീപിടിത്തമുണ്ടായ മാക്സ് ക്രോ ചെരിപ്പ് കടയുടമ പി.പി.മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
തീപിടിത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈവേയിലെ ട്രാൻസ്ഫോമറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞിട്ടുണ്ട്.
തീപിടിത്തവുമായി ബന്ധപ്പെട്ട് പോലീസ്, ഫൊറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, അഗ്നിരക്ഷാ സേന തുടങ്ങി വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുകയാണ്. അതേസമയം, സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നഗരമധ്യത്തിലെ കെവി കോംപ്ലക്സിൽ തീപിടിത്തമുണ്ടായത്.
മൂന്നുനില കെട്ടിടത്തിലെ അമ്പതോളം കടകളാണ് കത്തിനശിച്ചത്. കാസർകോട് ജില്ലയിൽ നിന്നുൾപ്പെടെ അഗ്നിരക്ഷാ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ പടർന്നപ്പോൾ തന്നെ ആളുകൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. യഥാസമയം തീയണയ്ക്കാൻ സാധിക്കാതെ വന്നതാണ് കനത്ത നാശനഷ്ടമുണ്ടാകാൻ കാരണമെന്നും ആരോപണമുണ്ട്.