കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിനായി മുറിച്ചിട്ട മരങ്ങൾ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട്  ചുരത്തിൽ വാഹന ഗതാഗതം നിയന്ത്രിക്കും.

പൊതുഗതാഗതത്തെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ബസുകൾ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. 

അതിനാൽ ജോലി, ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ ചുരം കടന്നുപോകുന്നതിന് വളരെ നേരത്തെ തന്നെ യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മറ്റ് വാഹനങ്ങൾക്കായി പോലീസ് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ബത്തേരിയിൽ നിന്നുള്ള വാഹനങ്ങൾ പനമരം നാലാം മൈൽ കൊറോം വഴിയും, മീനങ്ങാടി ഭാഗത്തുനിന്നുള്ളവ പച്ചിലക്കാട് പനമരം നാലാം മൈൽ വഴിയും, കൽപറ്റയിൽ നിന്നുള്ളവ പനമരം നാലാം മൈൽ വഴിയും, വൈത്തിരിയിൽ നിന്നുള്ളവർ പടിഞ്ഞാറത്തറ വെള്ളമുണ്ട വഴിയും തിരിഞ്ഞുപോകണം.

വടുവൻചാൽ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ നാടുകാണി ചുരം വഴി യാത്ര ചെയ്യണം.

കൂടാതെ, വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഈ ഗതാഗത നിയന്ത്രണങ്ങളോട് യാത്രക്കാർ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി വ്യക്തമാക്കി.