/sathyam/media/media_files/1JFNtwpgf6xgZFkb9eDp.jpg)
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടതില്‍ സന്തോഷമെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചതില്‍ സന്തോഷമെന്ന് ഹാരിസ് ജിഫ്രി പ്രതികരിച്ചു. സിബിഐ സത്യസന്ധമായി കേസ് അന്വേഷിച്ച് കുറ്റവാളികള്‍ ആരായാലും അവരെ കണ്ടെത്തി തക്കതായ ശിക്ഷ ലഭ്യമാക്കണമെന്നാണ് ആഗ്രഹം. കുടുംബത്തിനൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുകയാണെന്നും ഹാരിസ് പറഞ്ഞു.
'എന്റെ അനിയന്‍ എങ്ങനെയാണ് മരിച്ചതെന്ന് പുറത്തുവരണം. സത്യം പുറത്തുവരണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്കാനുള്ള അധികാരം പൊലീസിനുണ്ട്. എന്നാല്‍ ഇതല്ല മാര്‍ഗം എന്നാണ് പറയുന്നത്. പൊലീസ് ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ പാടില്ല', ഹാരിസ് പറഞ്ഞു.
താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. വൈകാതെ തന്നെ സിബിഐ അന്വേഷണം ആരംഭിക്കും എന്നാണ് വിവരം. താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
ക്രൈംബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പ്രതികരിച്ചിരുന്നു. ഈ ആശങ്ക മുന്‍നിര്‍ത്തിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. തുടക്കം മുതല്‍ പൊലീസ് സ്വീകരിച്ച ഒളിച്ചുകളിയായിരുന്നു ഇതിന് കാരണം. ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയായിരുന്നു താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്‌രി മരിച്ചത്.