കോട്ടയം: ക്രിസ്മസ് അവധിക്കു കാഴ്ചകള്‍ കാണാന്‍ ഇറങ്ങിയാലോ.. എങ്കില്‍ തയാറായിക്കോളൂ, കോട്ടയത്തുണ്ട് നിരവധി കാഴ്ചകള്‍. കുമരകവും ഇല്ലിക്കല്‍കല്ലുമൊക്കെ ഉണ്ടെങ്കിലും ഇക്കുറി ക്രിസ്മസ് ആഘോഷിക്കാന്‍ കടുത്തുരുത്തിയിലും മലരിക്കലും പാമ്പാടിയിലുമെല്ലാം നിറയെ കാഴ്ചകളാണുള്ളത്.
വലിയ പണച്ചിലവില്ലാതെ കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ അവസരം ഒരുക്കുകയാണു വിവിധ ഫെസ്റ്റുകള്‍. ഇതോടൊപ്പം വള്ളംകളിയും ചൂണ്ടയിടല്‍ മത്സരവും വലവീശല്‍ മത്സരങ്ങള്‍ കുട്ടവഞ്ചി സവാരി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
കടുത്തുരുത്തി ടൂറിസം ഫെസ്റ്റ്
കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് ഇന്നു എഴുമാന്തുരുത്തില്‍ തുടക്കമാകും. ഫെസ്റ്റ് നഗരിയില്‍ വള്ളം കളി മത്സരം, റിവര്‍ ക്രോസിങ്, കയാക്കിങ്, ഡക്ക് ക്യാച്ചിങ് മത്സരം, വല വീശല്‍ മത്സരം, ചൂണ്ടയിടല്‍ മത്സരം, സെല്‍ഫി മത്സരം എന്നിവ ഉണ്ടാകും.
/sathyam/media/media_files/2024/12/24/2YDVF19C8Da0OExXol9p.jpg)
ഫെസ്റ്റിന്റെ ഭാഗമായി ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, നാട്ടുചന്ത, കുട്ടവഞ്ചി, ശിക്കാര ബോട്ടിങ്ങ്, കയാക്കിങ്, കണ്‍ട്രി ബോട്ട് സവാരി,ഫുഡ് ഫെസ്റ്റിവല്‍, ആമ്പല്‍ വസന്തം, പെഡല്‍ ബോട്ടിങ്ങ്,കുതിര സവാരി, സ്പീഡ് ബോട്ട്, ആര്‍.ടി യൂണിറ്റുകളുടെ പ്രദര്‍ശനവും വില്‍പനയും, ഗാനമേള, മ്യൂസിക് ബാന്റ്, കളരിപ്പയറ്റ്, വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. ഡിസംബര്‍ 31 വരെ ഫെസ്റ്റ് നടക്കുന്നുണ്ടാകും.
/sathyam/media/media_files/2024/12/24/AkJTbqh3kk06fom3ylWU.jpg)
പഞ്ചായത്ത്,സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി, ഡി.ടി.പി.സി, എഴുമാന്തുരുത്ത് ടൂറിസം ക്ലബ് എന്നിവര്‍ ചേര്‍ന്നാണു ഫെസ്റ്റ് നടത്തുന്നത്.
നക്ഷത്ര തിളക്കത്തോടെ വാഴൂര്‍ ജലോത്സവം
വ്യത്യസ്തതകള്‍ സൃഷ്ടിച്ച ഗ്രാമീണ ടൂറിസം പദ്ധതിയായ വാഴൂര്‍ നക്ഷത്ര ജലോത്സവം ആരംഭിച്ചു കഴിഞ്ഞു. വാഴൂര്‍ പഞ്ചായത്തിലെ വലിയ തോട്ടിലെ പൊത്തന്‍ പ്ലാക്കല്‍ ചെക്ക് ഡാമിലാണ് നാലാമത് നക്ഷത്ര ജലോത്സവം നടക്കുന്നത്.
കുട്ടവഞ്ചി, വള്ളം യാത്രകളും, കയാക്കിങ്ങും, ഊഞ്ഞാലാട്ടവും , കുതിരസവാരിയും, നക്ഷത്ര ജലോത്സവ വേദിയില്‍ ഉണ്ടാവും. തടയണയിലെ ജലലഭ്യത പ്രയോജനപ്പെടുത്തിയാണ് ജല വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ഹോഗനക്കലില്‍ നിന്നുമാണ് കുട്ടവഞ്ചി എത്തിച്ചിരിക്കുന്നത്.
/sathyam/media/post_attachments/content/dam/mm/mo/district-news/kottayam/images/2022/12/24/kottayam-vazhoor-jalolsavam.jpg)
ഇത്തവണ വെള്ളത്തില്‍ തന്നെ ഊഞ്ഞാലാടുവാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. സോപാനസംഗീതം, ദഫ്മുട്ട്, കരോള്‍ ഗാന മത്സരം, വയോജനങ്ങളുടെ കലാമേള, തിരുവാതിര, കൈകൊട്ടിക്കളി, മ്യൂസിക്കല്‍ ഫ്യൂഷന്‍, പാഞ്ചാരിമേളം , ഗാനമേളകള്‍ എന്നീ കലാപരിപാടികള്‍ക്കൊപ്പം നക്ഷത്ര ജലോത്സവത്തിന് എത്തുന്ന ഏവര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള ആര്‍ക്കും പാടാം ആടാം അഭിനയിക്കാം എന്ന പ്രത്യേക പദ്ധതിയും ക്രമീകരിച്ചിട്ടുണ്ട് .
വത്തിക്കാന്‍ കാര്‍ണിവല്‍
ക്രിസ്മസിനോടനുബന്ധിച്ചു കൈരളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗത്ത് പാമ്പാടി വത്തിക്കാന്‍ തോട്ടില്‍ ഒരുക്കിയ വത്തിക്കാന്‍ കാര്‍ണിവലിനു തിരക്കേറുകയാണ്
തോടിന്റെ മധ്യത്തിലായി പ്രത്യേക പ്രതലത്തില്‍ അഞ്ച് അടി ഉയരവും പത്തടി വീതിയിലും പുല്‍ക്കൂടാണ് പ്രധാന ആകർഷണം. മുളത്തടികളും ഈന്തിന്റെ ഓലകൊണ്ടുമാണു നിര്‍മാണം. 21 അടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന ക്രിസ്മസ് നക്ഷത്രവും 15 അടി ഉയരമുള്ള സാന്താക്ലോസും കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
/sathyam/media/post_attachments/web-news/2024/12/NKTM0270715/image/crnival.1.3059387.webp)
കൂടാതെ ട്രെയിനിലും, കലമാനെ പൂട്ടിയ തേരിലും സഞ്ചരിക്കുന്ന സാന്താക്ലോസ് മാതൃകകളടക്കും കാര്‍ണിവലില്‍ കാഴ്ചകളേറെ. തോട്ടില്‍ അരയന്നങ്ങളുടെ മാതൃകയും സ്ഥാപിച്ചിട്ടുണ്ട്. തോടിന്റെ ഇരു കരയിലും ദീപാലങ്കാരങ്ങള്‍ തെളിഞ്ഞതോടെ കാര്‍ണിവല്‍ വിസ്മയ കാഴ്ചയായി മാറി.
26 വരെ വൈകിട്ട് 6 മുതല്‍ രാത്രി പത്തു വരെയാണു ക്രിസ്മസ് കാഴ്ചകള്‍ കാണാന്‍ കഴിയുക. ബജ്ജി, പോപ്‌കോണ്‍, ഐസ്‌ക്രീം തുടങ്ങിയവ ആസ്വദിച്ചു ക്രിസ്മസ് കാഴ്ചകള്‍ കാണാനും അവസരമുണ്ട്.