/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-3-2026-01-09-20-37-16.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റി.
കേസില്‍ റിമാൻഡിലായ രാജീവരെ ഇന്നലെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ്ജയിലേക്ക് മാറ്റിയിരുന്നു.
തുടര്‍ന്ന് ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ജയിലില്‍ ഭക്ഷണം നല്‍കാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു.
ഇതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്കും എത്തിക്കുകയും പിന്നാലെ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.
അതിനിടെ, തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി സംഘം പരിശോധന നടത്തി. പത്തോളം ഉദ്യാഗസ്ഥരടങ്ങുന്ന സംഘമാണ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്.
ശബരിമലയിലെ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്കുള്‍പ്പെടെ വെളിച്ചം വീശുന്ന രേഖകള്‍ കണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഇന്നത്തെ പരിശോധന.
ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയാണ് തന്ത്രിയെന്നാണ് എസ്‌ഐടിയുടെ നിലപാട്.
വിശ്വാസ വഞ്ചന, വ്യാജ രേഖ ചമക്കല്‍, അഴിമതി നിരോധന നിയമത്തിന് കീഴിലെ പൊതു സ്വത്ത് അപഹരിക്കല്‍, ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളും തന്ത്രിക്കെതിരായ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us