സൃഷ്ടി 11-ാം പതിപ്പ് അവാര്‍ഡ് ദാന ചടങ്ങ് ടെക്നോപാര്‍ക്കില്‍ നടന്നു, പ്രതിധ്വനി സംഘടിപ്പിച്ച പരിപാടി കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

New Update
prethiwani srishti
തിരുവനന്തപുരം: കേരളത്തിലെ ഐടി ജീവനക്കാരുടെ ഏറ്റവും വലിയ കലാ-സാഹിത്യ പരിപാടിയായ 'സൃഷ്ടി'യുടെ 11-ാം പതിപ്പിന്‍റെ അവാര്‍ഡ് ദാന ചടങ്ങ് ടെക്നോപാര്‍ക്കില്‍ നടന്നു.  മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് 'സൃഷ്ടി' സംഘടിപ്പിച്ചത്.
Advertisment


ജോലിത്തിരക്കിനിടയിലും മുടങ്ങാതെ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന പ്രതിധ്വനിയുടെ പ്രവര്‍ത്തന മികവിനെ മുരുകന്‍ കാട്ടാക്കട അഭിനന്ദിച്ചു. ഇംഗീഷ് രചനകളുടെ ജൂറിയായ ജേക്കബ് എബ്രഹാം ഐടി  ജീവനക്കാര്‍ എഴുത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തുന്നതിന്‍റെ സന്തോഷവും ഇത്രയും യുവ എഴുത്തുകാരെ ഒരുമിച്ചു കാണാന്‍ സാധിച്ചതിലെ ആഹ്ളാദവും  പങ്കുവച്ചു.



കേരളത്തിലെ എല്ലാ ഐടി പാര്‍ക്കിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ പങ്കെടുത്ത സൃഷ്ടി 11-ാം പതിപ്പില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി കഥകളും കവിതകളും ലേഖനങ്ങളുമായി മുന്നൂറിലധികം രചനകള്‍ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അംഗം വി.എസ് ബിന്ദു ജൂറി ചെയര്‍ ആയ പാനലില്‍ കഥാകൃത്ത് ജേക്കബ് എബ്രഹാം, ഗോപീകൃഷ്ണന്‍ കോട്ടൂര്‍, എ.ജി ഒലീന, സജിനി എസ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തത്.



ചടങ്ങില്‍ പ്രതിധ്വനി സാഹിത്യ ക്ലബ്ബ് കണ്‍വീനര്‍ നെസിന്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിധ്വനി സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, സൃഷ്ടി ജനറല്‍ കണ്‍വീനര്‍ മീര എം.എസ്, സൃഷ്ടി ജോയിന്‍റ് കണ്‍വീനര്‍ ബിസ്മിത, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം അഞ്ചു ഡേവിഡ്, സൃഷ്ടി വെബ്സൈറ്റ് കണ്‍വീനര്‍ രാജി ചന്ദ്രിക, സൃഷ്ടി വെബ്സൈറ്റ് ആര്‍ക്കിടെക്റ്റ് സിനു ജമാല്‍ എന്നിവര്‍ പങ്കെടുത്തു.



മലയാളം ചെറുകഥയില്‍ ജിഡി ഇന്നൊവേറ്റിവ് സൊല്യൂഷന്‍സിലെ അഫ്ഷാന്‍ സെയ്ഫ്, യുഎസ്ടി ഗ്ലോബലിലെ നിപുണ്‍ വര്‍മ, എല്‍സമ്മ തര്യന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നോര്‍ഡന്‍ കമ്മ്യൂണിക്കേഷനിലെ വിഷ്ണു കെ ഷാജിക്കാണ് റീഡേഴ്സ് ചോയ്സ് അവാര്‍ഡ്. ഇംഗ്ലീഷ് കഥയില്‍ ഗൗരി ജേല (എച്ച്സിഎല്‍ ടെക്), ഗോപാലകൃഷ്ണന്‍ ആര്‍ (ടിസിഎസ് തിരുവനന്തപുരം), സോണി മാത്യു (അലയന്‍സ് ടെക്നോളജി) എന്നിവര്‍ വിജയികളായി. അജിത് കവിരാജന്‍ റീഡേഴ്സ് ചോയ്സ് അവാര്‍ഡ് നേടി. മലയാളം കവിതാരചനയില്‍ ശ്രീഷ ടിഎസ് (ഇന്‍ഫോസിസ്), വിനോദ് അപ്പു പിജി (ആഷ് ലിങ്), ശ്രീജമോള്‍ എന്‍എസ് (യുഎസ്ടി) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. വിജിന്‍ രാജ് ടിഎസിനാണ് റീഡേഴ്സ് ചോയ്സ് പുരസ്കാരം. ഇംഗ്ലീഷ് കവിതാരചനയില്‍ ഗൗരി ജേല (എച്ച്സിഎല്‍ ടെക്), അനഘ ബി (ഇന്‍സ്പയേര്‍ഡ് സോഫ്റ്റ് വെയര്‍ ഡവലപ്മെന്‍റ്), രുഗ്മ ഹരികൃഷ്ണന്‍ (ഇവൈ) എന്നിവര്‍ വിജയികളായി. റീഡേഴ്സ് ചോയ്സിന് നസ്റിം ഫാത്തിമ (വല്‍റോയിസ് ഡിജിറ്റല്‍) അര്‍ഹയായി.



മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ചെറുകഥ, കവിത, ഉപന്യാസം തുടങ്ങിയവയ്ക്കു പുറമേ പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍, പെയിന്‍റിംഗ് (വാട്ടര്‍ കളര്‍) എന്നിവയിലും മത്സരങ്ങള്‍ നടന്നു.



ചടങ്ങില്‍ യുഎസ്ടിയിലെ ജീവനക്കാരനായ ജയ്ദേവ് ചന്ദ്രശേഖരന്‍റെ 'അന്തര്യാമി' എന്ന നോവലിന്‍റെയും സ്പീരിഡിയനിലെ ജീവനക്കാരി ദീപ്തിയുടെ മകളും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ രുഗ്മിണിയുടെ കവിതാ സമാഹാരത്തിന്‍റെയും പ്രകാശനം മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു.

Advertisment