20 വർഷം ശിക്ഷയനുഭവിക്കാതെ ഇളവ് നൽകരുതെന്ന ഹൈക്കോടതി ഉത്തരവ് മറന്ന് സർക്കാർ. ടി.പി കേസ് പ്രതികളെ ഏതുവിധേനയും പുറത്തിറക്കാൻ വഴിവിട്ട നീക്കങ്ങൾ. പ്രതികൾക്ക് വാരിക്കോരി പരോൾ നൽകുന്നത് ചട്ടം വകവയ്ക്കാതെ. പ്രതികൾ പരോളിലിറങ്ങി സ്വർണക്കടത്ത്, മയക്കുമരുന്ന് - തോക്ക് കേസുകളിൽ പ്രതികളായി. ടി.പി കേസ് പ്രതികൾക്കായി സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾ

രാഷ്ട്രീയക്കൊലകളിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകരുതെന്ന് നിയമസഭ പാസാക്കിയ നിയമം സർക്കാർ ഉത്തരവിലൂടെ ഭേദഗതി ചെയ്തത് ടി.പി കേസ് പ്രതികൾക്കായാണ്.

New Update
muhannad shafi shinoj
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഇരുപത് വർഷം ശിക്ഷയനുഭവിക്കാതെ ഇളവിന് പരിഗണിക്കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെ, ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവിനായി നീക്കം നടത്തി പരാജയപ്പെട്ട സർക്കാർ പ്രതികൾക്കു വീണ്ടും പരോൾ അനുവദിച്ചു. 

Advertisment

വാരിക്കോരി പരോൾ നൽകുന്നതിനെതിരേ നിയമസഭയിൽ കെ.കെ.രമ‌യും പ്രതിപക്ഷവും ഉയർത്തിയ അതിശക്തമായ പ്രക്ഷോഭങ്ങൾ വകവയ്ക്കാതെയാണ് വീണ്ടും പരോൾ. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്. 15 ദിവസത്തെ പരോളാണ് ഇരുവർക്കും നൽകിയത്.


ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. 

കേസിലെ നാലാം പ്രതി ടി.കെ. രജീഷിനു കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. രജീഷിന് ഏതാനും മാസം മുൻപ് ആയുർവേദ ചികിത്സയ്ക്കും പരോൾ നൽകി. എന്നാൽ സ്വാഭാവിക പരോൾ എന്നാണ് ഓദ്യോഗിക വിശദീകരണം. 

ഒരു വർഷം ജയിലിൽ കിടക്കുന്നവർക്ക് 60 ദിവസം പരോൾ നൽകാെമന്നു ചട്ടമുണ്ടെന്നാണ് വാദം. പക്ഷേ കോടതിയുടെ കർശന ഉത്തരവുള്ളതിനാൽ‌ ടി.പി കേസ് പ്രതികൾക്ക് ഇത് ബാധകമാവില്ലെന്നും നിയമവിദഗ്ദ്ധർ പറയുന്നു.


മാസങ്ങൾക്ക് മുൻപ്  ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ നാലു പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം സർക്കാർ നടത്തിയിരുന്നു. 20 വർഷം ശിക്ഷയനുഭവിക്കാതെ ഇളവ് നൽകരുതെന്ന ഹൈക്കോടതി ഉത്തരവുള്ളപ്പോഴാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അതിശക്തമായി പ്രതിഷേധിച്ചതോടെയാണ് ഇളവിനുള്ള നീക്കം ഉപേക്ഷിച്ചത്. 


രാഷ്ട്രീയക്കൊലകളിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകരുതെന്ന് നിയമസഭ പാസാക്കിയ നിയമം സർക്കാർ ഉത്തരവിലൂടെ ഭേദഗതി ചെയ്തത് ടി.പി കേസ് പ്രതികൾക്കായാണ്. പരോളും അവധിയും ശിക്ഷായിളവും ആകെ ശിക്ഷയുടെ മൂന്നിലൊന്നിൽ കുറവായിരിക്കണമെന്ന ചട്ടവും പാലിക്കാതെയാണ് ഇളവിന് ശ്രമിച്ചത്.  

പ്രതികൾ പരോളിലിറങ്ങി സ്വർണക്കടത്ത്, മയക്കുമരുന്ന്-തോക്ക് കേസുകളിൽ പ്രതികളായി. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും പ്രതികൾക്ക് ശിക്ഷായിളവ് നൽകരുതെന്നാണ് പ്രതിപക്ഷ ആവശ്യം.


ശിക്ഷായിളവ് അഭ്യൂഹമാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ 3 പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കെ.കെ.രമയുടെ മൊഴിയെടുത്തിരുന്നു. ഈ വിവരം കൂടി പുറത്തുവന്നതോടെ ശിക്ഷായിളവിനുള്ള നീക്കത്തിൽ നിന്ന് സർക്കാർ തലയൂരുകയായിരുന്നു.


സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ശിക്ഷായിളവിന് പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിന് നൽകിയിരുന്നു. ഇതിലാണ് ടി.പി കേസിലെ പ്രതികൾ ഉൾപ്പെട്ടത്. 

ഹൈക്കോടതി ഉത്തരവുപ്രകാരം ഇവർക്ക് ശിക്ഷായിളവിന് അർഹതയില്ല. ഇവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമായിരുന്നില്ല. 


സംഭവം പുറത്തുവന്നതിൽ ജയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. 


ഇതിനു പിന്നാലെ  പ്രതികളെ വിടുതൽ ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന് ആരാഞ്ഞ് എല്ലാ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ അതിസുരക്ഷാ ജയിൽ സൂപ്രണ്ടിനും ജയിൽ ആസ്ഥാനത്ത് നിന്ന് കത്തയച്ചിരുന്നു. 

മാഹി ഇരട്ടകൊലക്കേസിൽ കോടതി വെറുതെവിട്ട കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കു വേണ്ടിയാണ് സർക്കാർ നിർദ്ദേശപ്രകാരം ജയിൽ ആസ്ഥാനത്തു നിന്ന് കത്തയച്ചത്. ഇവർ ടി.പി ചന്ദ്രശേഖരൻ വധക്കേസിലും പ്രതികളാണ്. 

അവധി ആനുകൂല്യം നൽകി വിടുതൽ ചെയ്യാനായിരുന്നു നീക്കം. അതേസമയം, മാഹിക്കേസിൽ വിട്ടയക്കപ്പെട്ടവർ പരോളിലിറങ്ങിയാൽ സുരക്ഷാ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടാകുമോയെന്നറിയാനായാണ് കത്തെന്നാണ് സർക്കാർ വാദം.

Advertisment