കൊച്ചി : ഓസ്ട്രേലിയൻ നോർത്തേൺ പ്രവിശ്യാ സർക്കാർ മന്ത്രിയായ ജിൻസൺ ആൻ്റോ ചാൾസിനെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കൊച്ചിയിൽ സംഘടിപ്പിച്ച നേതൃത്വ സംഗമത്തിൽ ആദരിച്ചു .
ഓസ്ട്രേലിയയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ മന്ത്രി എന്ന അപൂര്‍വ നേട്ടം കൈവരിക്കുക വഴി ആഗോള തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയതായി ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ഒരു സീറോ മലബാർ സഭാ അംഗം ലോകത്ത് എവിടെ എത്തിയാലും അവിടത്തെ ജനങ്ങളുമായുംഅവിടത്തെ നീതി വ്യവസ്ഥയുമായും ഐക്യപ്പെട്ടുകൊണ്ട് നന്മക്കു വേണ്ടി പ്രവർത്തിക്കുവാൻ കഴിവുള്ളവരാണ് എന്ന് ഇത് തെളിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നല്ല ഭരണം കാഴ്ച വെക്കുവാൻ ജിൻസന് കഴിയട്ടെ എന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ പ്രൊഫ . രാജീവ് കൊച്ചുപറമ്പിൽ ആശംസിച്ചു. ഓസ്ട്രേലിയയിലെ ആദ്യ മലയാളിമന്ത്രിയും സീറോ മലബാർ സമുദായ അംഗവുമെന്ന നിലയിൽ ജിൻസന്റെ പ്രവർത്തനങ്ങൾ മുഴുവൻ ഭാരതീയർക്കും അഭിമാനകരമായ രീതിയിൽ ആകട്ടെ എന്നും അദ്ദേഹം ആശംസിച്ചു .
സീറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സഭക്കും , സമുദായത്തിനും , പൊതുസമൂഹത്തിനും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങൾ മഹത്തരമാണെന്നും,ആഗോള തലത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണെന്നും തന്റെ മറുപടി പ്രസംഗത്തിൽ ജിൻസൺ പറഞ്ഞു.
സമുദായ അംഗങ്ങളുടെ സമഗ്രമായ ശാക്തീകരണത്തിനായി കത്തോലിക്ക കോൺഗ്രസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ജിൻസൺ , കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുമായി ഒരുമിച്ചു സഹകരിക്കാൻ സാധിക്കുന്ന എല്ലാ മേഖലകളിലും പൂർണ്ണ സഹകരണം ഉറപ്പു നൽകി.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ . ഫിലിപ്പ് കവിയിൽ,ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ,ട്രഷറർ അഡ്വ . ടോണി പുഞ്ചക്കുന്നേൽ , അഡ്വ.ബിജു പറയന്നിലം , പ്രൊഫ . കെ . എം . ഫ്രാൻസ്സീസ് , ബെന്നി ആന്റണി, ഫാ ജോർജ് വർഗീസ് ഞാറക്കുന്നേൽ , ഫാ.സബിൻ തൂമുള്ളിൽ , ഇമ്മാനുവേൽ നിധീരി, അഡ്വ . ജോൺസൻ വീട്ടിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.