/sathyam/media/media_files/2025/05/28/2wiau9gmtXNLRFgNkoEw.jpg)
കോട്ടയം: ജി.എസ്.ടിയുടെ ഘടനാപരമായ മാറ്റത്തിന്റെ പേരില്‍ ലോട്ടറിയുടെമേലുള്ള ജി.എസ്.ടി. 40 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന ഭാഗ്യക്കുറിയെ തകര്‍ക്കും. നിലവില്‍ ലോട്ടറിക്ക് ജി.എസ്.ടി. 28 ശതമാനമാണ്. അത് 40 ശതമാനമായി വര്‍ധിപ്പിക്കുന്നതു തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും.
ഒരു ചരക്കിന്മേലോ സേവനമേഖലയിലോ 40 ശതമാനം നികുതിയെന്നത് ഏറ്റവും കൂടിയ നികുതിയാണ്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവരാണു കേരളത്തിലെ ലോട്ടറി തൊഴിലാളികള്‍. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ടു ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ ഉപജീവനം നടത്തുന്നു.
ഒരു 50 രൂപ ടിക്കറ്റ് വിറ്റാല്‍ ഒരു ഏജന്റിനു ലഭിക്കുന്നതു ശരാശരി എട്ടു രൂപ 50 പൈസയാണ്. തൊഴിലാളിക്കാകട്ടെ ഏഴു രൂപ 35 പൈസയും. പുതിയ മാറ്റത്തോടെ ഏജന്റിനും തൊഴിലാളിക്കും ലഭിക്കുന്ന വരുമാനം നേര്‍പകുതിയായി കുറയും.
ഇതു ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കി വരുന്ന പെന്‍ഷന്‍, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍, എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വര്‍ധന പ്രതികൂലമായി ബാധിക്കും. ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണു സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ ചികിത്സാപദ്ധതി നടപ്പാക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 6 ലക്ഷം പേര്‍ക്കു സൗജന്യ ചികിത്സ ലഭിക്കുന്നു. 42 ലക്ഷം കുടുംബങ്ങള്‍ ഈ സൗജന്യചികിത്സാപദ്ധതിയില്‍ ഗുണഭോക്താക്കളാണ്.
എല്ലാ നിയമവ്യവസ്ഥയും പാലിച്ചു സര്‍ക്കാര്‍ നേരിട്ടു നടത്തുന്നതാണു കേരള ഭാഗ്യക്കുറി. ബംഗാളിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും ലോട്ടറി നടത്തുന്നത് സര്‍ക്കാരുകള്‍ക്കുവേണ്ടി പ്രൊമോട്ടര്‍മാരാണ്. കേരളത്തിലെ ഏജന്റുമാരെയും വില്‍പ്പനക്കാരായ തൊഴിലാളികളെയുമാണ് ജിഎസ്ടി വര്‍ധന പ്രതികൂലമായി ബാധിക്കുക.
2017ല്‍ ജി.എസ്.ടി. ആരംഭിച്ചത് മുതല്‍ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020ല്‍ അത് 28 ശതമാനമാക്കി വര്‍ധിച്ചു. ഇപ്പോള്‍ 40 ശതമാനമായി ഉയര്‍ത്താനുള്ള നീക്കം നടക്കുന്നു. ഫലത്തില്‍ 350 ശതമാനത്തിന്റെ വര്‍ധനവ്. മറ്റൊരു മേഖലയിലും ഇത്തരമൊരു ഭീമമായ വര്‍ധനവില്ല. ലോട്ടറിക്ക് ജി.എസ്.ടി. വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ നേതാക്കള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്.