കട്ടനും പരിപ്പുവടയുമല്ല. ഇതാണെൻ്റെ ജീവിതം. ഇ.പി ജയരാജൻ്റെ ആത്മകഥാ വിവാദം തുടരുന്നു. പുതിയ പുസ്തകത്തിൽ പഴയ ആത്മകഥയുടെ ശകലങ്ങൾ. സാൻ്റിയാഗോ മാർട്ടിനുമായുള്ള ഇടപാടുകളെ ന്യായീകരിച്ച് ഇ.പി. ഇടപാടുകളെ തള്ളിയ സി.പി.എം നിലപാട് പഴങ്കഥ

New Update
ep jayarajan auto


തിരുവനന്തപുരം: മുൻ എൽഡിഎഫ് കൺവീനറും നിലവിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ആത്മകഥാ വിവാദം തുടരുന്നു. മുമ്പ് പ്രസിദ്ധീകരണ ഘട്ടത്തിൽ എത്തുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിലെ അതേ വരികളാണ് പുതിയ പുസ്തകമായ ഇതാണെൻ്റെ ജീവിതത്തിലും ഉൾപ്പെട്ടിട്ടുള്ളത്.

Advertisment

 കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകം തൻ്റെ അറിവോടെയല്ല പുറത്തുവന്നതെന്ന ജയരാജന്റെ വാദം ഇതോടെ പൊളിഞ്ഞു. 


തൻറെ പേരിലുള്ള പല ആരോപണങ്ങളും ഇല്ലാതാക്കാൻ പുസ്തകത്തിൽ കൊണ്ടുപിടിച്ച ശ്രമമാണ് ജയരാജൻ നടത്തിയിട്ടുള്ളത്. ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്ന് രണ്ട് കോടി രൂപ ബോണ്ട് വാങ്ങിയതിനെ ഇ പി ജയരാജന്‍ ആത്മകഥയില്‍ ന്യായീകരിക്കുകയാണ്.

 സി.പി.എം ദേശീയ നേതൃത്വം ഈ ഇടപാടിനെ തള്ളിപ്പറഞ്ഞിരുന്നു എന്ന കാര്യം സൗകര്യപൂര്‍വ്വം വിട്ടുകളഞ്ഞു. ഇപിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ദേശീയ നേതൃത്വത്തിന്റെ ഈ തിരുത്തല്‍. ഇത് മറച്ചുവെച്ചാണ് ഓര്‍മ്മക്കുറിപ്പ് എഴുതിയിരിക്കുന്നത്.

ബോണ്ട് ഇടപാടില്‍ ഇപിയും സംസ്ഥാന നേതൃത്വവും സ്വീകരിച്ച നിലപാടിനെ കേന്ദ്ര നേതൃത്വവും അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ടും തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആത്മകഥയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.


2007 ജൂലൈ എട്ടിന് പ്രസിദ്ധീകരിച്ച പീപ്പിള്‍സ് ഡെമോക്രസിയിൽ (People’s Democracy) പ്രകാശ് കാരാട്ട് എഴുതിയ “Kerala: No Wrongdoing Will Be Tolerated: Attempts To Defame Party Will Fail” എന്ന ലേഖനത്തില്‍ ഇപി ആത്മകഥയിലെഴുതിയ ന്യായീകരണങ്ങള്‍ പാടെ നിരാകരിക്കുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് വാസ്തവം.

ep jayarajan

“സ്വീകരിച്ചത് സംഭാവനയല്ലെങ്കിലും സംശയകരമായ വ്യക്തിത്വമുള്ള ഒരാളില്‍ നിന്ന് ദേശാഭിമാനി എന്തിന് പണം വാങ്ങിയെന്ന ചോദ്യം അവശേഷിക്കുകയാണ്. പാര്‍ട്ടി അണികളും വലിയൊരു വിഭാഗം പൊതുജനങ്ങളും ഈ ചോദ്യം തന്നെ ഉയര്‍ത്തിയതിനാലാണ് പണം തിരിച്ചു നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ശരിയായ തീരുമാനമെടുത്തത്”; ഇങ്ങനെയായിരുന്നു പീപ്പിള്‍സ് ഡെമോക്രസി ലേഖനത്തില്‍ കാരാട്ട് എഴുതിയത്.

പാര്‍ട്ടി പത്രത്തിന് നിരക്കുന്ന രീതിയില്‍ അല്ലാതെ ക്രിമിനല്‍ കേസില്‍പ്പെട്ടതും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തു വരുന്നതുമായ ലോട്ടറി കച്ചവടക്കാരനില്‍ നിന്ന് രണ്ട് കോടി വാങ്ങിയതിനാലാണ് പാര്‍ട്ടി അംഗങ്ങളും അഭ്യുദയ കാംക്ഷികളും ഇത് അംഗീകരിക്കാത്തത് എന്ന്  കാരാട്ട് എഴുതിയ കാര്യം ആത്മകഥയില്‍ ഇപി മറച്ചുവച്ചിരിക്കുകയാണ്.

അങ്ങനെ പലരെയും സമീപിച്ച കൂട്ടത്തിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയുമായി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. ദേശാഭിമാനിക്കു മാത്രമല്ല, മറ്റ് പത്രങ്ങള്‍ക്കും സാന്റിയാഗോ മാര്‍ട്ടിന്‍ വന്‍ തോതില്‍ പരസ്യം നല്‍കിയിരുന്നു. ദേശാഭിമാനിക്കും തുടര്‍ച്ചയായി പരസ്യം കിട്ടിയിരുന്നു. അങ്ങനെയായിരിക്കാം നേരത്തെ ആലോചിച്ച പ്രകാരം വേണുഗോപാലിന്റെ നേതൃത്വത്തില്‍ ലോട്ടറി നടത്തിപ്പു ചുമതലയുള്ള മാര്‍ക്കറ്റിംഗ് വിഭാഗവുമായി ചര്‍ച്ച നടത്തിയത്. ‘ആയിരിക്കാം’ എന്നു പറയുന്നത് അക്ഷരാര്‍ത്ഥത്തിലാണ്.

ep jayarajan press meet

ഞാനുമായി ചര്‍ച്ച നടത്തിയല്ല അവര്‍ ഓരോ സ്ഥാപനത്തേയും സമീപിച്ചത്. മാര്‍ട്ടിന്റെ കമ്പനി അങ്ങനെ പരസ്യം നല്‍കുന്നതിന് മുന്‍കൂര്‍ തുകയായി രണ്ടു കോടി നല്‍കാമെന്ന് സമ്മതിച്ചു. അവരക്കാര്യം എന്നെ അറിയിക്കുകയും വിഷയം സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെ സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു തീരുമാനിച്ചാണ് ദേശാഭിമാനി അക്കൗണ്ടിലേക്ക് മുന്‍കൂര്‍ പണം കൈപ്പറ്റിയത്.

പക്ഷേ, ലോട്ടറി രാജാവില്‍ നിന്ന് ഞാന്‍ വ്യക്തിപരമായി പണം വാങ്ങി എന്ന നിലയിലേക്കു വരെ ചില കേന്ദ്രങ്ങള്‍ ചര്‍ച്ച കൊണ്ടുവന്നു. ഇതിലൊന്നും എനിക്ക് ഒരു പങ്കുമില്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും എന്നെ കുരിശിലേറ്റാനായിരുന്നു ശ്രമം. മാര്‍ട്ടിനുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും ഞാന്‍ നടത്തിയിട്ടുമില്ല.

വ്യവസ്ഥകള്‍ക്കു വിധേയമായി ഒരു പരസ്യദാതാവില്‍ നിന്നും മുന്‍കൂര്‍ കാശ് വാങ്ങിയത് ‘ബോണ്ട് ‘ വിവാദമാക്കി. ലോട്ടറി രാജാവുമായുള്ള അവിശുദ്ധ ബന്ധമാക്കി”; ഇങ്ങനെയെല്ലാം ആണ് പുസ്തകത്തിൽ ഇ പിയുടെ വിശദീകരണം.(ഇതാണെൻ്റെ ജീവിതം: പേജ് 138). ഡിസി പിൻവലിച്ച ‘കട്ടന്‍ചായയും പരിപ്പുവടയിലും’ ഇതേ വാചകങ്ങള്‍ അതേപടി ആവര്‍ത്തിച്ചിരുന്നു.


പാര്‍ട്ടിയിലെ വിഭാഗീയത ഇത്തരം കാല്‍പ്പനിക സൃഷ്ടികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട് എന്ന് ഇപി ‘ദേശാഭിമാനി ജനറല്‍ മാനേജര്‍’ എന്ന ആധ്യായത്തില്‍ വിവരിക്കുന്നുണ്ട്. 2007 ഓഗസ്റ്റില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് അദ്ദേഹം മാറി. എന്നാല്‍ വിവാദമായ കട്ടന്‍ ചായയും പരിപ്പുവടയും എന്ന ഉപേക്ഷിക്കപ്പെട്ട ആത്മകഥയില്‍ വിഭാഗീയതയുടെ ഭാഗമായി വിഎസ് അച്യുതാനന്ദന്‍ ബോണ്ടു വിവാദം ആയുധമായി ഉപയോഗിച്ചു എന്ന് തെളിച്ചാണ് എഴുതിയിരുന്നത്

. പുതിയ പുസ്തകത്തില്‍ വിഎസിന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്. ദുര്‍ബലമായ കേന്ദ്ര നേതൃത്വം വിഷയത്തെ വസ്തുനിഷ്ഠമായി കാണാതെ മാധ്യമങ്ങളുടെ പിറകെ പോയി എന്നാണ് കട്ടന്‍ ചായയും പരിപ്പുവടയിലും എഴുതിയിരുന്നത്. കേന്ദ്ര നേതൃത്വത്തിന് എതിരെയുള്ള ഇത്തരം കടുത്ത വിമർശനങ്ങളും ഇപ്പോഴത്തെ പുസ്തകത്തിൽ നിന്ന് പാടെ ഒഴിവാക്കിയിട്ടുണ്ട്.


2024 നവംബര്‍ 13നാണ് കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പകർപ്പ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടിംഗ് ദിവസമാണ് ഇപി യുടെ ആത്മകഥ എന്ന പേരില്‍ ഇത് പുറത്തുവന്നത്. തന്റെ അനുവാദമില്ലാതെയാണ് ഡിസി ബുക്സ് പുസ്തക പ്രസിദ്ധീകരണം അനൗണ്‍സ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. താന്‍ എഴുതാത്തതും പറയാത്തതും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്ന് കാണിച്ച് ഡിസി ബുക്‌സിനെതിരെ കേസു കൊടുത്തു.

ep jayarajan-3

‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള പുസ്തകത്തിലെ ഉള്ളടക്കം പുറത്തുവന്നത് ഇടതുപക്ഷത്തെ ഞെട്ടിച്ചിരുന്നു. പി.ഡി.എഫ് ആയി പ്രചരിച്ച പുസ്തകത്തില്‍ ഗുരുതരമായ തുറന്നുപറച്ചിലുകളാണ് ഉണ്ടായിരുന്നത്.

വന്‍ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ഇപി ജയരാജന്റെ ആത്മകഥയുടെ പ്രസാധനം നീട്ടിവച്ചതായി ഡിസി ബുക്‌സ് അറിയിച്ചെങ്കിലും പോലീസ് കേസ് ആയതോടെ ആകണം, പ്രസിദ്ധീകരണം തന്നെ ഉപേക്ഷിച്ചു. ഒരു വര്‍ഷത്തിനുശേഷമാണ് ഒരുപാട് മാറ്റങ്ങളോടെ മാതൃഭൂമി ബുക്ക്‌സ് ‘ഇതാണെന്റെ ജീവിതം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചത്.

Advertisment