രാജ്യത്തെ ആദ്യ വെഡിംഗ് ആന്‍ഡ് മൈസ് ഉച്ചകോടിയ്ക്ക് തുടക്കമായി

New Update
wedding uchakodi
കൊച്ചി:സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട്സൊസൈറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ വെഡിംഗ് ആന്‍ഡ് മൈസ് ഉച്ചകോടിയ്ക്ക് കൊച്ചിയില്‍ തുടക്കമായി. രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം മേഖലയ്ക്ക് മാതൃക കാട്ടാന്‍ കേരളത്തിന് സാധിക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു കൊണ്ട് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെഡിംഗ് ആന്‍ഡ് മൈസ് കേന്ദ്രമായി മാറാനുള്ള എല്ലാ ചേരുവകളും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വ്യവസായികളുടെയും സര്‍ക്കാരിന്‍റെയും കൂട്ടായ പ്രയത്നത്തോടെ ആഗോള ശ്രദ്ധ നേടിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിയും. ചരിത്രവും പ്രകൃതിഭംഗിയും ഇഴുകിച്ചേര്‍ന്ന കേരളം വിവാഹവേദിയാകുന്നത് സ്വപ്നതുല്യമായ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Advertisment

രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളം. അടിസ്ഥാന സൗകര്യത്തിന്‍റെ കാര്യത്തിലും ആതിഥേയ മര്യാദയിലും കേരളം ലോകപ്രശസ്തമാണ്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക സമൂഹത്തിന്‍റെ സഹകരണവും പങ്കാളിത്തവുമുള്ളതിനാല്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിന് മേല്‍ക്കൈ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുസ്ഥിര വികസനത്തിലേക്കുള്ള കേരളത്തിന്‍റെ പ്രസ്താവന കൂടിയാണ് വെഡിംഗ് മൈസ് ഉച്ചകോടിയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. സുരക്ഷിതമായ ഇടം,മികച്ച സാമൂഹ്യാന്തരീക്ഷം, ടൂറിസം വ്യവസായവുമൊത്ത് പ്രവര്‍ത്തിക്കാന്‍ പൂര്‍ണസജ്ജമായ സര്‍ക്കാര്‍ എന്നിവ സംസ്ഥാനത്തിന്‍റെ മേന്‍മകളാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ പ്രത്യേകതകള്‍ മറ്റൊരിടത്തുമില്ല. 94 പഞ്ചനക്ഷത്ര ഹോട്ടലുകള്‍,. 420 ഫോര്‍ സ്റ്റാര്‍, 607 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവ ഇവിടെയുണ്ട്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ക്രൂസ് ടൂറിസം, ലോകത്തിലെ ആദ്യ വാട്ടര്‍ മെട്രോ എന്നിവ കേരളത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കനാല്‍ വികസനത്തിന് 3760 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്‍റെ ഗതാഗതസംവിധാനത്തിലും ടൂറിസത്തിലും മികച്ച മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Advertisment