/sathyam/media/media_files/2025/11/17/vaishna-suresh-2025-11-17-19-32-13.jpg)
കൊച്ചി : തലസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയുടെ പേര് വോട്ടർ പട്ടികയി/ൽ നിന്നും നീക്കം ചെയ്യാൻ സി.പി.എം നടത്തിയ നീക്കം പാളി. മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കാനുള്ള നീക്കമാണ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞത്.
വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് അനീതിയാണെന്നും ഒരാൾ മത്സരിക്കാൻ ഇറങ്ങി സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ച ശേഷം രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/11/17/vaishna-2025-11-17-19-33-37.jpg)
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര് ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെൺകുട്ടി മൽസരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങളെന്നും കോടതി ചോദിച്ചു.
സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പരാതി നൽകിയതോടെയാണ് വിഷയം തുടങ്ങിയത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു പരാതി.
തുടർന്ന് വൈഷ്ണയെ ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു. സി.പി.എം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു. തുടർന്നാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ കോടതി വിധിക്കുമുമ്പ് തന്നെ പ്രചരണം തുടരാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. സ്ഥാനാർത്ഥിത്വം റദ്ദാക്കപ്പെട്ടാൽ ഡമ്മി സ്ഥാനാർത്ഥിയെ നിർത്താനും കോൺഗ്രസ് തയാറെടുത്തിരുന്നു. അപ്പീൽ തള്ളിയാൽ, നാമനിർദേശപത്രിക നൽകാനുള്ള അവസാനദിനം പകരം സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാനായിരുന്നു നീക്കം.
/filters:format(webp)/sathyam/media/media_files/2025/11/17/vaishna-2025-11-17-19-39-17.jpg)
ഹൈക്കോടതിയിൽ നിന്നും അനുകൂല പരാമർശം ഉണ്ടായ സാഹചര്യത്തിൽ ധൈര്യമായി മുന്നോട്ട് പോകണമെന്നും പാർട്ടി ഒപ്പമുണ്ടെന്നും കാട്ടി കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി കെ.എസ് ശബരീനാഥനിട്ട പോസ്റ്റ് വൈറലാവുകയും ചെയ്തിട്ടുണ്ട്. കേസിൽ തുടർവാദം നാളെയും തുടരും. വൈഷ്ണയ്ക്ക് അനുകൂലമായ കോടതിയുടെ പരാമർശം കോൺഗ്രസ് ക്യാമ്പുകൾക്ക് കൂടുതൽ ആവേശം പകർന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us