എറണാകുളം ജില്ലാ റസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ ആമ്പല്ലൂർ മേഖല സംഘടിപ്പിക്കുന്ന കുടുംബ സംഗമം 2025 ഓഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 10 മണിക്ക് ആമ്പല്ലൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും

New Update
15809803-3540-47be-b627-16237596c326

ആമ്പല്ലൂർ/ എറണാകുളം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്, 2025 ഓഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച ആമ്പല്ലൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ കുടുംബ സംഗമവും മറ്റ് വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. 

Advertisment

ഞായറാഴ്ച രാവിലെ 10 മണിക്ക്  എഡ്രാക് ആമ്പല്ലൂർ മേഖല പ്രസിഡണ്ട് കെ എ മുകുന്ദൻ പതാക ഉയർത്തും. തുടർന്ന് എഡ്രാക് അംഗങ്ങൾ ചേർന്ന് സമൂഹ പൂക്കളം തീർക്കും. 

ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന കലാസംഗമം പ്രശസ്ത ചലച്ചിത്ര  ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും.  ഇരുപത്തിയാറോളം വരുന്ന വിവിധ റസിഡൻസ് അസോസിയേഷനുകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, മിമിക്രി, കരോക്കെ ഗാനമേള, നാടൻപാട്ട്, കവിത ആലാപനം, കോമഡി സ്കിറ്റ്, നൃത്തനൃത്തങ്ങൾ, സമൂഹഗാനം, തിരുവാതിരകളി, ലളിതഗാനം തുടങ്ങിയവ അരങ്ങേറും.

വൈകിട്ട് 5 മണിക്ക്, എഡ്രാക് ആമ്പല്ലൂർ മേഖല പ്രസിഡണ്ട് കെ എ മുകുന്ദൻ്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സദസിന്റെ ഉദ്ഘാടനം,    ബഹുമാനപ്പെട്ട ഹൈക്കോടതി റിട്ട.  ജസ്റ്റിസ് വി കെ മോഹനൻ നിർവഹിക്കും. 

ഏറ്റവും ഭംഗിയായി മാലിന്യം സംസ്കരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നേടിയ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനെയും, മാലിന്യം നീക്കം ചെയ്യുന്നതിൽ ഏറ്റവും മികവുലർത്തി, ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനയെയും ചടങ്ങിൽ ജസ്റ്റിസ് വി കെ മോഹനൻ ആദരിക്കും. 

അസോസിയേഷൻ കുടുംബാംഗങ്ങളിൽ,  2025 ലെ  എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനൂപ് ജേക്കബ്ബ് എംഎൽഎ അനുമോദിക്കും. 

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ മുഖ്യപ്രഭാഷണവും, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു എം തോമസ് സമ്മാനദാനവും നിർവഹിക്കും.

ചടങ്ങിൽ മുഖ്യാതിഥികളായി എഡ്രാക് ജില്ലാ പ്രസിഡണ്ട് രംഗദാസ പ്രഭുവും, സെക്രട്ടറി പി സി അജിത് കുമാറും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം എൽദോസ് ടോം പോളും, വാർഡ് അംഗം ബീനാ മുകുന്ദനും ചടങ്ങിന് ആശംസകൾ അർപ്പിക്കും. 

പ്രോഗ്രാം കമ്മിറ്റി കൺവീനർ, പ്രശാന്ത് പ്രഹ്ലാദ് റിപ്പോർട്ട് അവതരിപ്പിക്കും. എഡ്രാക് ആമ്പല്ലൂർ മേഖല സെക്രട്ടറി ടി ആർ ഗോവിന്ദൻ ചടങ്ങിൽ എത്തിയവരെ സ്വാഗതം ചെയ്യും. എഡ്രാക് ആമ്പല്ലൂർ മേഖല ട്രഷറർ റെജി സി ആർ ചടങ്ങിൽ സംബന്ധിച്ചവർക്ക് നന്ദിയും രേഖപ്പെടുത്തും എന്ന്, കുടുംബ സംഗമവുമായി ബന്ധപ്പെട്ട പരിപാടികൾ വിശദീകരിക്കുന്നതിന് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ വച്ച് പ്രസിഡൻറ് കെ എ മുകുന്ദനും മറ്റ് ഭാരവാഹികളും പറഞ്ഞു.

മുകുന്ദനോടൊപ്പം സെക്രട്ടറി ടി ആർ ഗോവിന്ദൻ, കൺവീനർ പ്രശാന്ത് പ്രഹ്ലാദ്, ട്രഷറർ  റെജി സി ആർ, വൈസ് പ്രസിഡണ്ട് പി ഡി മുരളീധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment