/sathyam/media/media_files/LAsppTJ1EHTdOMHodgMp.jpg)
കോട്ടയം: സി.പി.ഐ ജില്ലാ സമ്മേളനത്തിനു നാളെ വൈക്കത്ത് കൊടിഉയരും.. ജില്ലയിലെ 666 ബ്രാഞ്ച് സമ്മേളനങ്ങളും 94 ലോക്കല്‍ സമ്മേളനങ്ങളും 11 മണ്ഡലം സമ്മേളനങ്ങളും പൂര്‍ത്തീകരിച്ച് തെരഞ്ഞെടുത്ത 325 പ്രതിനിധികളെ സ്വീകരിക്കാന്‍ വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. എട്ടിനു വൈകിട്ട് ചുവപ്പ് സേന മാര്‍ച്ചോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് വൈക്കം ബീച്ച് ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തലും പൊതുസമ്മേളനവും നടക്കും. സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഒമ്പതിന് എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ബോട്ട്‌ജെട്ടി മൈതാനിയില്‍ നടക്കുന്ന പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ശതാബ്ദി സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. 10ന് സമ്മേളനം സമാപിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ തിരിച്ചടി ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പിന്നോട്ടുപോക്കാണു കോട്ടയത്തുണ്ടായത്. ജില്ലയില്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി.പി.ഐയ്ക്ക് ഒപ്പമെത്താന്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു കഴിയുന്നില്ലെന്ന വിലയിരുത്തലാണു സി.ഐ.എയ്ക്കുള്ളത്. നിലവില്‍ പാര്‍ട്ടി കോട്ടയം ജില്ലയില്‍ പിന്നില്‍ പോവുകയാണെന്നും കേരളാ കോണ്‍ഗ്രസ് എമ്മിനു സി.പി.എം അമിത പ്രാധാന്യം നല്‍കുന്നു എന്നതും സി.പി.ഐയില്‍ അമര്‍ഷമുണ്ട്. കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ വന്നതോടെ പ്രത്യേകിച്ചും കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അഡ്ജെസ്റ്റുമെന്റ് ചെയ്യേണ്ടി വന്നതു സി.പി.ഐ ആണെന്നാണ് അണികളുടെ വികാരം. ഇക്കാര്യങ്ങള്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടും. ഇതോടൊപ്പം തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം അണികള്‍ മുന്നോട്ടുവെക്കും.
സമ്മേളനത്തില്‍ പുതിയ ജില്ലാ സെക്രട്ടറിയെയും കണ്ടെത്തേണ്ടിവരും. രണ്ടാം ഊഴത്തിനു താനില്ലെന്നു നേതൃത്വത്തെ സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനു അറിയിച്ചിരുന്നു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാതിനിധ്യം കൊടുക്കണമെന്നാണു ബിനു സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിനുവിന്റെ ആവശ്യം നേതൃത്വം പരിഗണിച്ചാല്‍ സമ്മേളനത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ നയിക്കാന്‍ കെല്‍പ്പുള്ള ആളെ വേണമെന്ന ആവശ്യമാണ് അണികള്‍ ഉയര്‍ത്തുന്നത്. ഇതോടെ കഴിഞ്ഞ തവണ ബിനുവിനോടു പരാജയപ്പെട്ട എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കൂടിയായ വി.കെ. സന്തോഷ് കുമാര്‍, നിലവിലെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരിലൊരാളായ ജോണ്‍ വി. ജോസഫ്, ജില്ലാ ട്രഷറര്‍ ബാബു കെ. ജോര്‍ജ് എന്നിവരിലൊരാള്‍ സെക്രട്ടറിയാകുമെന്ന സൂചനയുണ്ട്. വൈക്കം മുന്‍ എം.എല്‍.എ കെ. അജിത്തിന്റെ പേരും പരിഗണനയിലുണ്ട്.