അതിവേഗ പാതയില്‍ പോരിനുറച്ചു സര്‍ക്കാരും ഇ. ശ്രീധരനും. ശ്രീധരനൊപ്പം ചേര്‍ന്നു എല്‍.ഡി.എഫിന്റെ വികസന വിരോധം തുറന്നു കാട്ടാന്‍ ബി.ജെ.പി. വികസന പദ്ധതികള്‍ തകര്‍ക്കുന്നതു കേന്ദ്ര സര്‍ക്കാരെന്നു ഇടതു നേതാക്കളും. കേന്ദ്ര ബജറ്റില്‍ ആ വമ്പന്‍ പ്രഖ്യാപനം ഉണ്ടാകുമോ.

New Update
e sreedharan k rail

കോട്ടയം: തെരഞ്ഞെടുപ്പടക്കുന്ന വേളയില്‍ അതിവേഗ പാതയെചൊല്ലി പോരിനുറച്ചു സര്‍ക്കാരും ഇ. ശ്രീധരനും. ശ്രീധരനൊപ്പം ചേര്‍ന്നു എല്‍.ഡി.എഫിന്റെ വികസന വിരോധം തുറന്നു കാട്ടാന്‍ ബി.ജെ.പി. തയാറെടുക്കുന്നു. കേരളത്തിന് ഏറെ ഗുണകരമായ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത തള്ളിക്കളഞ്ഞു. സില്‍വര്‍ ലൈന്‍ പാതയുടെ പേരില്‍ കേന്ദ്രത്തില്‍നിന്നു വാങ്ങിയ 100 കോടി രൂപയുടെ ദുരുപയോഗം ചെയ്തു.  

Advertisment

കൊച്ചി മെട്രോ വിഷയത്തില്‍ ഏറെ പരിഹാസ്യമായ നിലപാടാണു പിണറായി മുമ്പു കൈക്കൊണ്ടിട്ടുള്ളത്. അന്നു റെയില്‍വേകാര്യ ചുമതലകൂടി വഹിച്ചിരുന്ന മുന്‍മന്ത്രി ജി. സുധാകരന്‍ മെട്രോ ശ്രീധരനെ വ്യക്തിപരമായി പോലും ആക്ഷേപിക്കുകയുണ്ടായിയെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

e sreedharan bjp.jpg

ഇപ്പോള്‍, കേരളത്തില്‍ 'കെ റെയില്‍വരും കേട്ടോ' എന്നു വീരവാദം പറഞ്ഞ മുഖ്യമന്ത്രി പിണറായി 'മഞ്ഞക്കുറ്റി വിപ്ലവ'ത്തെക്കുറിച്ച് പറയുന്നേയില്ല. കേന്ദ്ര ബജറ്റിനു മുമ്പു കേരളത്തിന് ഒരു 'ഹൈസ്പീഡ് പാത' എന്ന ഇ. ശ്രീധരന്റെ പദ്ധതി നിര്‍ദേശത്തിനു കേന്ദ്രം പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പടുത്തപ്പോള്‍, ഇത് അവസരമാക്കി 'സ്വന്തം പദ്ധതി'യാക്കാന്‍ മുഖ്യമന്ത്രി നടത്തിയ പരിശ്രമം പാളി. അതിനെ തുടര്‍ന്നാണ് ഇ. ശ്രീധരന്റെ പദ്ധതിയെക്കുറിച്ച് റെയില്‍വേ മന്ത്രിക്ക് അറിയില്ല എന്ന് പിണറായി പരിഹസിച്ചതെന്നുമാണു ബി.ജെ.പി വാദങ്ങളായി ഉയര്‍ന്നു വരുന്നത്.

pinarayi press meet


അതിവേഗ റെയില്‍ പദ്ധതിക്ക് 2010ല്‍ ജപ്പാന്‍ വിദഗ്ധര്‍ പഠന റിപ്പോര്‍ട്ട് നല്‍കി. 2016ല്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കിയത് ഇ. ശ്രീധരനായിരുന്നു. എന്നാല്‍ വലിയ ചെലവു വരുമെന്നു പറഞ്ഞു പിണറായി സര്‍ക്കാര്‍ പിന്മാറി. പകരം കെ. റയില്‍ പദ്ധതി കൊണ്ടുവന്നു ഈ അവസരം തുലച്ചു എന്ന വാദം ഇതിനോടകം ബി.ജെ.പി സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

അതേസമയം, ബി.ജെ.പിയുടെയും ഇ. ശ്രീധരന്റെയും വാദങ്ങള്‍ തള്ളുകയാണ് എല്‍.ഡി.എഫും സി.പി.എമ്മും. രാഷ്ട്രീയ ബുദ്ധിവെച്ചുകൊണ്ടു കേന്ദ്ര സര്‍ക്കാര്‍ കെ. റെയില്‍ പദ്ധതിക്കു അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും എല്‍.ഡി.എഫ് വാദിക്കുന്നു.

e sreedharan

കെ റെയില്‍ വിട്ട് ആര്‍.ആര്‍.ടി.എസ് പ്രഖ്യാപിച്ചതിനൊപ്പം ബദല്‍ പാത മുന്നോട്ടു വെച്ച ഇ. ശ്രീധരനെ മുഖ്യമന്ത്രി പരിഹസിക്കുന്നതു കൂടി ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ശ്രീധരന്‍ പറഞ്ഞതു കേട്ടു ദില്ലിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിയുടെ മനസില്‍ പോലും പദ്ധതിയെ കുറിച്ച് അറിവില്ലെന്നായിരുന്നു പരിഹാസം. ആര്‍.ആര്‍.ടി.എസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടിബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
അതേസമയം, പേര് എന്തായാലും ഒരു അതിവേഗപാത എന്നായി സംസ്ഥാന സര്‍ക്കാരിനറെ പുതിയ നിലപാട്. എന്നാല്‍ തന്റെ ബദലിനു കേന്ദ്രം ഉടന്‍ അനുമതി നല്‍കുമെന്നാണു ശ്രീധരന്‍ പറയുന്നത്. കേന്ദ്രം ഏത് ലൈനിനു പച്ചക്കൊടികാണിക്കുമെന്നാണ് ഇനി അറിയേണ്ടത്. ശ്രീധരന്റെ ബദലിനു കേന്ദ്രം കൈകൊടുത്താല്‍ ആ ലൈനിലേക്കു മാറാനും സംസ്ഥാന സര്‍ക്കാരിനു നീക്കമുണ്ട്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ അതിവേഗ റെയില്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷ.

Advertisment