/sathyam/media/media_files/2025/02/19/sDk7IgUDfDiqI4oz2Zyl.jpg)
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പരമാവധി ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടുറപ്പിക്കാൻ തന്ത്രങ്ങളുമായി സർക്കാർ. ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിക്കുന്നതിന് പുറമെ വീട്ടമ്മമാർക്ക് പെൻഷനും പ്രഖ്യാപിച്ചേക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡി.എ കുടിശികയിൽ പകുതിയെങ്കിലും നൽകിയേക്കും.
ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും നീക്കമുണ്ട്. പക്ഷേ ഈ പ്രഖ്യാപനങ്ങളുടെയെല്ലാം സാമ്പത്തിക ബാദ്ധ്യത വഹിക്കേണ്ടി വരുന്നത് അടുത്ത സർക്കാരായിരിക്കും. മൂന്നാം തുടർ ഭരണം ഉറപ്പാക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം.
നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. അന്ന് മുഖ്യമന്ത്രി നേരിട്ട് നിയമസഭയിൽ പ്രഖ്യാപനം നടത്തുന്നതും പരിഗണനയിലുണ്ട്. ജീവനക്കാർക്കും സർവീസ്, ക്ഷേമ പെൻഷൻകാർക്കും മറ്റു വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിലൂടെ ലക്ഷക്കണക്കിനുള്ള വോട്ടു ബാങ്ക് ഒപ്പം നിൽക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഒരു വർഷത്തോളമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന ആശാ സമരം അവസാനിപ്പിക്കാനുള്ള നടപടികളുമുണ്ടാവും. ആശാ വർക്കർമാർക്ക് ഓണറേറിയം വർദ്ധിച്ചുള്ള പ്രഖ്യാപനവും ഉടനുണ്ടാവുമെന്നാണ് അറിയുന്നത്.
നവംബർ ആദ്യം തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനാണ് നീക്കം. വരുന്ന മന്ത്രിസഭാ യോഗങ്ങളിൽ ഇതിനുള്ള തീരുമാനം എടുത്തേക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പ് സർക്കാരിനും ഇടതുമുന്നണിക്കും നിർണായകമാണ്.
സർക്കാരിന്റെ അവസാന കാലമായിട്ടും മുൻകാലങ്ങളിലേതു പോലെ ശമ്പളപരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തതിന്റെ പേരിൽ ഭരണപക്ഷ സർവീസ് സംഘടനകൾ വലിയ പ്രതിഷേധം നേരിടുന്നുണ്ട്. അതിനാൽ ശമ്പള പരിഷ്കരണ കമ്മിഷനെ നിയോഗിച്ച് റിപ്പോർട്ട് വാങ്ങി പ്രഖ്യാപനം വേഗത്തിൽ നടത്താനാണ് തീരുമാനം. വൻ സാമ്പത്തിക ബാദ്ധ്യതയേറ്റെടുക്കേണ്ടിവരുമെന്നതിനാൽ കുടിശികകളും ആനുകൂല്യങ്ങളും നൽകുന്നത് പിന്നീടായിരിക്കുമെന്നാവും പ്രഖ്യാപനത്തിലുണ്ടാവുക.
ക്ഷേമപെൻഷൻ 2500 ആക്കി വർദ്ധിപ്പിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ ഇത്രയും കൂട്ടിയില്ലെങ്കിലും നിലവിലെ 1600 രൂപ പെൻഷൻ 1800 മുതൽ 2000 വരെയാക്കാനുള്ള സാദ്ധ്യതയുണ്ട്. നിലവിലെ ഒരു മാസത്തെ കുടിശികയും നൽകും.
ഈ പ്രഖ്യാപനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാവും. 2021ലാണ് ക്ഷേമപെൻഷൻ 1600ആക്കിയത്. പിന്നീട് കൂട്ടിയിട്ടില്ല. 200രൂപ കൂട്ടിയാൽതന്നെ മാസം 61കോടിയുടേയും വർഷം 720 കോടിയോളവും അധിക ചെലവ് വരും. 62ലക്ഷം പേർക്കാണ് സാമൂഹ്യക്ഷേമ, ക്ഷേമനിധി പെൻഷൻ കിട്ടുന്നത്. ജീവനക്കാർക്കു 17% ഡിഎ കുടിശികയാണ്. ഇതിൽ 2023 ജനുവരിയിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന 4% അനുവദിച്ചേക്കാനിടയുണ്ട്.
2021ലാണ് ശമ്പളപരിഷ്‌ക്കരണം നടത്തിയതെങ്കിലും 2019മുതൽ മുൻകാല പ്രാബല്യമുണ്ടായിരുന്നു.അതുപ്രകാരം 2024 ജൂലായ് ഒന്നു മുതൽ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും പന്ത്രണ്ടാം ശമ്പളപരിഷ്‌കരണം നടപ്പാക്കേണ്ടതാണ് കഴിഞ്ഞ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയപ്പോൾ 25000 കോടിയുടെ വൻബാദ്ധ്യതയാണുണ്ടായത്. മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയപ്പോൾ 4000കോടിയോളംരൂപ കുടിശിക നൽകേണ്ടിയും വന്നു.
സർക്കാർ ജീവനക്കാരും പെൻഷൻകാരും കുടുംബാംഗങ്ങളുമായി 31ലക്ഷത്തോളം പേരുണ്ട്. ഡി.എ.കുടിശിക കൊടുക്കാൻ തന്നെ 20000 കോടിയോളം കണ്ടെത്തേണ്ടി വരും. രണ്ടു കുടിശികയെങ്കിലും ഉടൻ നൽകുമെന്ന് പ്രഖ്യാപിച്ചേക്കും. സർക്കാർ ജീവനക്കാരുടെ ഡി.എ.കുടിശിക നൽകാൻ കോടതിയുടെ ഇടപെടൽ കൂടിയുണ്ടായതോടെ ഇനിയും സർക്കാരിന് ഒഴിയാനാവില്ല. ജീവനക്കാരുടെ കഴിഞ്ഞ ശമ്പളപരിഷ്കരണത്തിന്റെ കുടിശികയിൽ 2 ഗഡുക്കൾ ബാക്കിയാണ്. ഇതു പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്ന തീയതിയും ഉടൻ പ്രഖ്യാപിച്ചേക്കും.