/sathyam/media/media_files/2025/09/07/global-ayyappa-sangam-logo-revealed-2025-09-07-17-10-30.jpg)
കോട്ടയം: ദേവസ്വം ബോര്‍ഡിന്റെ ആഗോള അയ്യപ്പ സംഗമത്തില്‍ വിവാദങ്ങളോട് പ്രതികരിക്കാതെ സര്‍ക്കാര്‍ മൗനത്തില്‍. ശബരിമല യുവതി പ്രവേശന വിഷയത്തിലെ സത്യവാങ്മൂലത്തില്‍ നിന്നു സര്‍ക്കാര്‍ നിലപാട് മാറ്റുമോ?, യുവതി പ്രവേളനവുമായി ബന്ധപ്പെട്ടുണ്ടാ സംഭവ വികാസങ്ങളില്‍ പോലീസ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമോ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഈ വിഷയങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ബി.ജെ.പിയുടെ ഭാഗത്തു നിന്നാകട്ടേ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഈ വിഷയത്തില്‍ നടത്തുന്നത്.
അയ്യപ്പസംഗമവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചു കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം കുരുക്കാകുമെന്ന കരുതി സര്‍ക്കാരോ സി.പി.എമ്മോ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. തങ്ങളുന്നയിച്ച ചോദ്യങ്ങള്‍ എന്താണു നിലപാടെന്നു വ്യക്തമാക്കണമെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശനിയാഴ്ചയും ആവര്‍ത്തിച്ചിരുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയിട്ടാണു യുവതി പ്രവേശത്തിന് അനുകൂലമായ സത്യവാങ്മൂലം സി.പി.എം നേതൃത്വം വഹിക്കുന്ന സര്‍ക്കാര്‍ അന്നു കോടതിയില്‍ നല്‍കിയത്. വനിത മതില്‍ മുതല്‍ നവോഥാന സമിതി വരെയുള്ള സര്‍ക്കാര്‍ നീക്കങ്ങളെ തളളിപ്പറയാതെ സി.പി.എമ്മിനു സത്യവാങ്മൂല വിഷയത്തില്‍ നിലപാട് പറയാനുമാകില്ല. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഈ നിസഹായാവസ്ഥ പരമാവധി മുതലാക്കാനാണു യു.ഡി.എഫ് ശ്രമം. അതേസമയം യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും പ്രസംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്. യുവതി പ്രവേശനമായി ബന്ധപ്പെട്ടു സി.പി.എം കാണിച്ച തിടക്കുവും രഹസ്യാത്മകതയും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.