/sathyam/media/media_files/2025/02/19/sDk7IgUDfDiqI4oz2Zyl.jpg)
തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) നിയമപ്രകാരമുള്ള ആനുകൂല്യമല്ലെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത സർക്കാർ 24മണിക്കൂറിനകം നിലപാട് തിരുത്തി. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് വിശദീകരിച്ചത്.
/filters:format(webp)/sathyam/media/media_files/2024/12/16/N6ciiTnfGTGvMLzgvwfP.jpg)
സാമ്പത്തികമായ കടുത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാർ പറയുന്നു. 2023 ജൂലൈ മുതൽ 6 ഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്ത കുടിശികയായുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഭാരവാഹികൾ നൽകിയ ഹർജിയിലായിരുന്നു ഡി.എ എന്നത് നിയമപ്രകാരമുള്ള ആനുകൂല്യമല്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്. നേരത്തേ ക്ഷേമപെൻഷൻ നിയമപ്രകാരം നൽകേണ്ടതല്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയത് വിവാദമായിരുന്നു.
ക്ഷാമബത്ത അടക്കം തീരുമാനിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. അതൊരു നയപരമായ തീരുമാനവുമാണ്. ക്ഷാമബത്ത ലഭിക്കുന്നത് ജീവനക്കാരുടെ അവകാശമായി കണക്കാക്കാനാവില്ല, മറിച്ച് സർക്കാരെടുക്കുന്ന തീരുമാനത്തിന്റെ ഭാഗമാണ്. ക്ഷാമബത്ത എന്നത് നിർബന്ധിതമായി നൽകേണ്ട നിയമപരമായ ഒന്നല്ല.
2020 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെ കേന്ദ്ര സർക്കാർ ക്ഷാമബത്ത നൽകുന്നത് തടഞ്ഞിരുന്നു. ഈ കുടിശിക പിന്നീട് നൽകിയിട്ടില്ല- ഇങ്ങനെയായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. എന്നാൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം 40ലക്ഷത്തോളം പേരുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്രത്തോളം പേരെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ കീഴടങ്ങൽ.
/filters:format(webp)/sathyam/media/media_files/2025/01/16/ryJGRooCTA8tezY7Klph.webp)
ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഇതിൽ സർക്കാരിന് മറ്റ് സമീപനമില്ലെന്നുമാണ് ഇന്ന് ധനമന്ത്രി വ്യക്തമാക്കിയത്. ജീവനക്കാരും പെൻഷൻകാരും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ക്ഷാമബത്ത നൽകുന്നത് സർക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനത്തിന്റെ ഭാഗമാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ കുടിശിക സർക്കാർ ഘട്ടങ്ങളായി നൽകി വരുന്നുണ്ട്.
കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പോലും ഡിഎ നൽകാതിരുന്നപ്പോൾ കേരളം ശമ്പളം കൃത്യമായി നൽകിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സിവിൽ സർവീസിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ നാല് ലക്ഷത്തോളം പേർക്ക് നിയമനം നൽകിയിട്ടുണ്ട്. അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കാനും സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് തുടങ്ങിയ പുതിയ പദ്ധതികൾ ആരംഭിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന സ്രോതസ്സുകൾ കേരളത്തിന് നഷ്ടമായി. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഗ്രാന്റുകളിലും വായ്പാ പരിധിയിലും വലിയ വെട്ടിക്കുറവുകൾ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങൾക്കും ഇത് 50 മുതൽ 72 ശതമാനം വരെയാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസിൽ അനുകൂലമായ തീരുമാനമുണ്ടായാൽ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/04/01/gq8FGfK9tY9DSkHoIzHx.jpg)
സർക്കാരിന് സമൂഹത്തിലെ പാവപ്പെട്ടവരടക്കമുള്ളവർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ക്ഷാമബത്തയും പെൻഷനും പെൻഷൻ പരിഷ്കരണവുമൊക്കെ സമൂഹത്തിന്റെ ആകെ താൽപര്യം പരിഗണിച്ചുകൊണ്ടേ ചെയ്യാനാവൂ. ക്ഷാമബത്ത വിതരണത്തിൽ സുപ്രീം കോടതിയും അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല- ഇതായിരുന്നു ഹൈക്കോടതിയിലെ സർക്കാർ സത്യവാങ്മൂലം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ ക്ഷാമബത്ത വിഷയത്തിലുള്ള അടുത്ത നടപടി തങ്ങൾക്ക് സാധ്യമാകൂ എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ പിന്നോട്ടു പോയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us