/sathyam/media/media_files/2025/05/31/Vz9uLmeSOiussmOY42oG.jpg)
കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതു വടശേരിക്കരയിലും ചെങ്ങന്നൂരും. വടശേരിക്കര 98
ചെങ്ങന്നൂര്‍ 96, ചേര്‍ത്തല 90.8, ചാലക്കുടി 80.6, കാഞ്ഞിരപ്പള്ളി 79.2, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് 77, വൈക്കം 75 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങള്‍.
കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് ഇന്നലെ മഴ ലഭിച്ചത്. ആദ്യമഴ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലെ താമരശേരിക്കു സമീപം വൈകിട്ട് മൂന്നരയോടെ പുല്ലാഞ്ഞിമേട്ടിലാണ്. തുടര്‍ന്നു കോഴിക്കോട് ജില്ലയിലെ ബാലുശേരിയിലും അരമണിക്കൂര്‍ നീണ്ട ശക്തമായ മഴ ലഭിച്ചു. പരിസരപ്രദേശങ്ങളായ കക്കോടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാത്രിയാണു ലഭിച്ചത്.
ഇന്നും മഴ സാധ്യതയുണ്ടെന്നു സ്വകാര്യ കാലാവസ്ഥാ നിരീകര്‍ പറയുന്നു. ഇന്നലെ ലഭിച്ച പോലെ വൈകിട്ടോടെയാണു മഴ ലഭിക്കുക. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയെ തുടര്‍ന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നു മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
കോട്ടയം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ സാധ്യത ഇന്നും നിലനില്‍ക്കുന്നു. മലപ്പുറം ജില്ലയുടെ കിഴക്കന്‍ പ്രദേശം, പാലക്കാട് ജില്ല, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്നു കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട രീതിയില്‍ തുടരും. ചൊവ്വാഴ്ചയും തെക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കാം. ഈ മാസം 27നു ശേഷം വീണ്ടും വരണ്ട കാലാവസ്ഥയിലേക്ക് അന്തരീക്ഷ സ്ഥിതി മാറുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണു കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്ന പ്രധാന അന്തരീക്ഷ ഘടകം. ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു വീണ്ടും ശക്തിപ്പെട്ടു ശക്തി കൂടിയ ന്യൂനമര്‍ദം ആയി മാറിയിട്ടുണ്ട്. ഇതു കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും മഴയ്ക്കു കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us