Advertisment

ജമാ അത്തെ ഇസ്ലാമിക്ക് പിന്നാലെ മുസ്ലീം ലീഗിനെതിരെ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി. യു.ഡി.എഫ് ഘടകകക്ഷിക്കെതിരെ ആരോപിക്കുന്നത് വര്‍ഗീയത. പിന്നില്‍ സി.പി.എമ്മിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യം. ഹിന്ദുവിന്റെ വിവാദ അഭിമുഖത്തിലെ കാര്യങ്ങള്‍ മലപ്പുറത്ത് ചര്‍ച്ചയാക്കാതെ സി.പി.എം

ജമാഅത്തെ ഇസ്ലാമിക്ക് പിന്നാലെ മുസ്ലീം ലീഗിനെതിരെ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

New Update
pinarai vijayan sivagiri

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് പിന്നാലെ മുസ്ലീം ലീഗിനെതിരെ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിന് ജമാഅത്തെ ഇസ്ലാമി, എസ.്ഡി.പി.ഐ ബന്ധമുണ്ടെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. 

Advertisment

കൃത്യമായ രാഷ്ട്രീയ ലക്ഷ്യം

വര്‍ഗീയ സ്വഭാവമുള്ള സംഘടനകളുമായി ലീഗിന് പ്രതിപത്തിയുണ്ടെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ക്ക് ലീഗ് വഴങ്ങുന്ന സ്ഥിതിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചതിന് പിന്നിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ മതമേലധ്യക്ഷന്‍മാരും നേതൃത്വവും യു.ഡി.എഫിനോട് അടുക്കുന്ന സ്ഥിതി സി.പി.എമ്മിന് ഗുണകരമാവില്ലെന്ന തിരിച്ചറിവാണ് പാര്‍ട്ടിക്കുള്ളത്.


 ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകളില്‍ ഭൂരിഭാഗവും ബി.ജെ.പിയും ബാക്കിയുള്ളത് കോണ്‍്രഗസിനുമാണ് നിലവില്‍ ലഭിക്കുന്നതെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും അതിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യക്തമായിരുന്നു. 


അങ്ങനെ വന്നാല്‍ അടുത്ത തവണ ഭരണത്തിലേറാമെന്നത് പോയിട്ട് എത്ര സീറ്റുകളില്‍ ജയിക്കാനാവുമെന്ന കാര്യത്തിലും സി.പി.എമ്മിന് ഉറപ്പില്ല. ഭരണത്തിലേറിയില്ലെങ്കിലും രാഷ്ട്രീയമായി കടുത്ത തിരിച്ചടിയേല്‍ക്കേണ്ടി വരുമെന്ന തിരിച്ചറിവ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നിലനില്‍പ്പിനെയും ബാധിച്ചേക്കുമെന്ന പാര്‍ട്ടി വിലയിരുത്തലുമുണ്ടെന്ന് വേണം കരുതാന്‍.

സി.പി.എമ്മിന്റെ അടവുനയം

സി.പി.എമ്മിനും മുന്നണിക്കും ഏറെ അപകടകരമായ അത്തരം രാഷ്ട്രീയ സാഹചര്യത്തെ ചെറുക്കാന്‍ യു.ഡി.എഫിനൊപ്പമുള്ള ലീഗ് വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നുവെന്ന സന്ദേശം ക്രൈസ്തവ വിഭാഗത്തിലേക്കും ഹിന്ദു ഭൂരിപക്ഷ സമുദായങ്ങളിലേക്കും എത്തിക്കുകയെന്നതാണ് സി.പി.എമ്മിന്റെ അടവുനയം. 


അതുവഴി ഭൂരിപക്ഷ സമുദായങ്ങളെയും ക്രൈസ്തവ വിഭാഗങ്ങളെയും യു.ഡി.എഫില്‍ നിന്ന് കുറെച്ചെങ്കിലും അകറ്റാമെന്നും ഭാവിയില്‍ സി.പി.എമ്മിന് അത് അനുകുലമാവുമെന്നും പാര്‍ട്ടി നേതൃത്വവും മുഖയമരന്തിയും കണക്കുകൂട്ടുന്നു. 


പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുടെ പൊതു സമ്മേളനങ്ങള്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളാക്കി പൊതുജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന സ്വീകാര്യത മുതലെടുക്കാന്‍ അദ്ദേഹത്തെ കൊണ്ട് ഇക്കാര്യങ്ങള്‍ പ്രസംഗത്തില്‍ ഉന്നയിപ്പിക്കുന്ന തന്ത്രമാണ് പാര്‍ട്ടി ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്.

ദ ഹിന്ദുവിലെ ഇന്റര്‍വ്യു

മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ ലീഗ് നേതൃത്വം എതിര്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ സെപ്തംബറില്‍ ദേശീയ ദിനപത്രമായ 'ദ ഹിന്ദുവില്‍' പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തിന്റെ നിജസ്ഥിതിയെപ്പറ്റി ആരും ചോദ്യമുയര്‍ത്തുന്നില്ല. ഇക്കാര്യങ്ങള്‍ സമ്മേളനങ്ങളിലും പൊതു സമ്മേളനങ്ങളിലും ഉന്നയിക്കാതിരിക്കാന്‍ സി.പി.എം അതീവ ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. 


അഭിമുഖത്തിന് പി.ആര്‍ ഏജന്‍സിയുടെ സഹായമുണ്ടായെന്ന ഹിന്ദുവിന്റെ വാദഗതിയെ മുഖ്യമന്ത്രി തള്ളുമ്പോഴും അവര്‍ നടത്തിയ ഖേദപ്രകടനം മറയാക്കി വിശദീകരണം നല്‍കിയാണ് സി.പി.എമ്മും സര്‍ക്കാരും മുഖ്യമന്ത്രിയും വിഷയത്തില്‍ നിന്നും തടിയൂരിയത്. 


മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 123 കോടി രൂപയുടെ ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും സംസ്ഥാന പോലീസ് പിടിച്ചെടുത്തു. ഈ പണം 'രാജ്യവിരുദ്ധ'പ്രവര്‍ത്തനങ്ങള്‍ക്കും 'ദേശവിരുദ്ധ' പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തില്‍ എത്തുന്നതെന്ന അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ഹിന്ദുവിന് നോട്ടീസയച്ചത്. 

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പി.ആര്‍ ഏജന്‍സിയായ കെയ്‌സന്‍ ദ ഹിന്ദുവിനെ സമീപിച്ചുവെന്നാണ് പത്രത്തിന്റെ മറുപടയില്‍ നിന്നും വ്യക്തമാകുന്നത്.


സെപ്തംബര്‍ 29ന് രാവിലെ 9ന് കേരള ഹൗസില്‍ വെച്ച് ഹിന്ദുവിന്റെ മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രി ക്കൊപ്പം പി.ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടു. 


തുടര്‍ന്ന് പി.ആര്‍ പ്രതിനിധികളിലൊരാള്‍ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടി അഭിമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു.


 മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിരസിച്ച അതേ വരികള്‍, അഭിമുഖത്തില്‍ ഉള്‍പ്പെടുത്താനായി പി.ആര്‍ പ്രതിനിധി രേഖാമൂലം നല്‍കിയതാണെന്നും അതുള്‍പ്പെടുത്തേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്ന മറുപടിയുമാണ് ഹിന്ദു അന്ന് പ്രസിദ്ധീകരിച്ചത്‌.


 

Advertisment