ബജറ്റില്‍ പ്രഖ്യാപിച്ച കെ ഹോംസ് പദ്ധതി ഇപ്പോഴും കടലാസില്‍ ഒതുങ്ങുന്നു. ജവഹര്‍ നഗറിലെ തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ കെ ഹോംസ് പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യം. അടച്ചിട്ട വീടുകള്‍ സ്വന്തമാക്കാന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് വമ്പൻ തട്ടിപ്പു സംഘം

New Update
K HOME

കോട്ടയം: അമേരിക്കയില്‍ താമസിക്കുന്ന തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്വദേശിയുടെ വീടും വസ്തുവും കൈക്കലാക്കാന്‍ നടത്തിയ തട്ടിപ്പ് ദിവസങ്ങള്‍ക്കു മുന്‍പാണു പുറത്തു വന്നത്. സംസ്ഥാനത്ത് അടച്ചിട്ട വീടുകള്‍ തട്ടിപ്പിലൂടെ  സ്വന്തമാക്കാന്‍ ഗൂഡ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു കേസിലൂടെ പുറത്തു വന്ന വിവരം.

Advertisment

 ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ ഹോംസ് പദ്ധതിക്കു സാധിക്കും. എന്നാല്‍, ബജറ്റ് പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ മാത്രമായി ഒതുങ്ങുന്നു. കഴിഞ്ഞ ബജറ്റിലാണു സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു.

കേരളത്തില്‍ ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്കു താമസിക്കാന്‍ നല്‍കുന്നതാണു പദ്ധതി. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍ നിന്നു മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുക്കൊണ്ടു മിതമായ നിരക്കില്‍ വീടുകളില്‍ താമസമൊരുക്കുക എന്നതാണു പദ്ധതിയുടെ ഉള്ളടക്കം.

വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താന്‍ കഴിയും. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനും ലക്ഷ്യമിട്ടിരുന്നു. ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ അടഞ്ഞു കിടക്കുന്ന വീടുകള്‍ തട്ടിപ്പുകാര്‍ കൈക്കാലാക്കുകയുമില്ല.

ഉടമസ്ഥര്‍ സ്ഥലത്തില്ലാത്തതും ആള്‍പ്പാര്‍പ്പില്ലാത്തതുമായ വീടും വസ്തുവും വില്‍പനയ്‌ക്കെന്നു പരസ്യം നല്‍കി, തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്തു വ്യാപകമാകുന്നതു പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. പ്ലോട്ടുകളുടെയും വീടുകളുടെയും മുമ്പിലാണു പരസ്യം സ്ഥാപിക്കുന്നത്. വ്യാജ രേഖയുണ്ടാക്കി, ഉടമയുമായി രൂപസാദൃശ്യമുള്ളവരെ മുന്നില്‍നിറുത്തി പുരയിടം കൈമാറ്റം ചെയ്യും. വില്‍പനയ്ക്കും ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു സൂചന.

വര്‍ഷങ്ങളോളം സ്ഥലത്തില്ലാത്തവരുടെ വീടും ഭൂമിയുമാണു തട്ടിപ്പിനുപയോഗിക്കുന്നത്. ആദ്യം പ്ലോട്ട് ഫോര്‍ സെയില്‍ എന്നൊരു പരസ്യം പതിപ്പിക്കും. ആരെങ്കിലും എതിര്‍പ്പുമായെത്തിയാല്‍ മറ്റേതെങ്കിലും വസ്തുവിന്റേതാണെന്നു പറഞ്ഞു തടിതപ്പും. പരസ്യവും അപ്രത്യക്ഷമാകും. ഇല്ലെങ്കില്‍ മാസങ്ങളോളം സ്ഥിതി നിരീക്ഷിച്ചശേഷം കരാറുണ്ടാക്കുമെന്നു പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സമയത്തിനുള്ളില്‍ ആധാരം, ഉടമയുടെ ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ വ്യാജ രേഖകളുണ്ടാക്കും. ഉടമയുമായി സാമ്യമുള്ളവരെ ഹാജരാക്കിയാണു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമേരിക്കയില്‍ താമസിക്കുന്ന തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്വദേശിയുടെ വീടും വസ്തുവും ഒന്നരക്കോടി രൂപയ്ക്കു വിറ്റതോടെയാണു തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. സംഭവത്തില്‍ പുനലൂര്‍ അലയമണ്‍ പഞ്ചായത്തില്‍ മണക്കാട് പുതുപറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ് (27), വട്ടപ്പാറ മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത (76) എന്നിവരെ അറസ്റ്റു ചെയ്തു. ഇതിലൂടെ വന്‍ തട്ടിപ്പ് സംഘം പിന്നിലുണ്ടെന്ന് മ്യൂസിയം പോലീസ് കണ്ടെത്തി. വ്യാജ ആധാരമുണ്ടാക്കിയെന്നു സംശയിക്കുന്ന കോണ്‍ഗ്രസ് നേതാവ് മണികണ്ഠന്‍ അടക്കമുള്ളവരെ പിടികൂടാനുണ്ടെന്നും പോലീസ് പറയുന്നു. ഇവര്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണു വിവരം.

ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളര്‍ത്തു മകളെന്ന പേരില്‍ മെറിനു ധനനിശ്ചയം ചെയ്യുകയും ചന്ദ്രസേനന്‍ എന്നയാള്‍ക്കു വിലയാധാരം നല്‍കുകയുമായിരുന്നു. വട്ടപ്പാറ സ്വദേശി വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തിച്ചാണു ശാസ്തമംഗലം രജിസ്ട്രാര്‍ ഓഫീസില്‍ പ്രമാണം രജിസ്റ്റര്‍ ചെയ്തത്. ഡോറയുടെ വസ്തുവിന്റെ കെയര്‍ടേക്കറായിരുന്നയാള്‍ കരം അടയ്ക്കാനെത്തിയപ്പോഴാണു മറ്റൊരാള്‍ കരം അടച്ചതും വസ്തുവും വീടും മറ്റൊരാളുടെ പേരിലായതും അറിഞ്ഞത്. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കെ ഹോംസ് പദ്ധതിയിലൂടെ സാധിക്കുമെന്ന വിലയിരുത്തലാണുള്ളത്.

Advertisment