തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാൻ ഇടത്, വലത് മുന്നണികൾ കൈകോർക്കുമോ ? 101 സീറ്റുകളുള്ള കോർപറേഷനിൽ ബിജെപിക്ക് 50 സീറ്റ്. ഒരിടത്ത് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. എൽഡിഎഫിന് 29ഉം യുഡിഎഫിന് 19ഉം സീറ്റുകൾ. 2 സ്വതന്ത്രരെ കൂട്ടുപിടിച്ച് ഇടത്, വലത് മുന്നണികൾ ഭരണം പിടിക്കുമോ ? ഇനി കാണാനിരിക്കുന്നത് രാഷ്ട്രീയ അടിയൊഴുക്കുകളുടെ വേലിയേറ്റം

തിരുവനന്തപുരം കോർപറേഷനിൽ നിലവിലെ സ്ഥിതി അനുസരിച്ച് എൽ.ഡി.എഫിന് 29ഉം യു.ഡി.എഫിന് 19ഉം സീറ്റുകളുണ്ട്. രണ്ട് സ്വതന്ത്രന്മാരും വിജയിച്ചിട്ടുണ്ട്. ഇവരെ കൂട്ടുപിടിച്ച് ഇന്ത്യാ മുന്നണിക്ക് 50 സീറ്റ് തികയ്ക്കാം. 

New Update
congress bjp cpm flag
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുമായി ഭരണം പിടിച്ച ബി.ജെ.പിയെ മറിച്ചിടാൻ ഇടത്, വലത് മുന്നണികൾ ഇന്ത്യാ സഖ്യത്തിന് കീഴിൽ ഒരുമിക്കുമോയെന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ച. 

Advertisment

നേരത്തേ കേവല ഭൂരിപക്ഷം നേടാനാവാതിരുന്ന എൽ.ഡി.എഫിനെ, യു.ഡി.എഫ് പുറത്തു നിന്ന് പിന്തുണച്ച ചരിത്രമുണ്ട്. എന്നാൽ ഇത്തവണ എൽ.ഡി.എഫിനെ യു.ഡി.എഫ് പിന്തുണയ്ക്കാൻ ഇടയില്ല. 


കാരണം അഞ്ചുമാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു എന്നതുതന്നെ. ഇപ്പോൾ ഇന്ത്യാ സഖ്യത്തിനു കീഴിൽ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് ബി.ജെ.പിയെ പിന്തുണച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാവുമെന്ന് ഇടത്, വലത് മുന്നണികൾ തിരിച്ചറിയുന്നുണ്ട്.


തിരുവനന്തപുരം കോർപറേഷനിൽ നിലവിലെ സ്ഥിതി അനുസരിച്ച് എൽ.ഡി.എഫിന് 29ഉം യു.ഡി.എഫിന് 19ഉം സീറ്റുകളുണ്ട്. രണ്ട് സ്വതന്ത്രന്മാരും വിജയിച്ചിട്ടുണ്ട്. ഇവരെ കൂട്ടുപിടിച്ച് ഇന്ത്യാ മുന്നണിക്ക് 50 സീറ്റ് തികയ്ക്കാം. 

sudheesh kumar ss pattoor radhakrishnan

വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. സ്ഥാനാർത്ഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബി.ജെ.പിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. 


വിഴിഞ്ഞത്ത് ബിജെപി ജയിച്ചാൽ 51 എന്ന ഭൂരിപക്ഷത്തിലെത്താം. ദേശീയ തലത്തിലെ ഇൻഡ്യ മുന്നണി സഖ്യകക്ഷികളായ എൽഡിഎഫും യുഡിഎഫും (മൊത്തം 48 സീറ്റുകൾ) ഒന്നിച്ചുനിന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമോ എന്ന ചർച്ചകൾ കൊഴുക്കുകയാണ്. 


ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാനാണ് ഈ സഖ്യം എന്ന് താത്വികമായി പറയാമെങ്കിലും അത് തിരിച്ചടിയാവുക തങ്ങൾക്ക് തന്നെയായിരിക്കുമെന്ന വിലയിരുത്തലിലാണ് ഇടത്, വലത് മുന്നണികൾ.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബി.ജെ.പി ഇപ്പോൾ തന്നെ ഭരണസമിതി രൂപീകരിക്കാൻ അവകാശമുണ്ട്. ഇന്നു തന്നെ അവർ അതിന് അനുമതി തേടിയേക്കുമെന്നാണ് അറിയുന്നത്. 


ആകെയുള്ള 101 ഡിവിഷനുകളിൽ 100 ഡിവിഷനുകളിൽ നടന്ന വോട്ടെടുപ്പിൽ 50 സീറ്റ് നേടിയ എൻഡിഎ അധികാരം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് കോൺഗ്രസും സി.പി.എമ്മും. 


എൽഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികളും സമാനമായ നിലപാടുള്ളവരാണ്. അതിനാൽ തന്നെ നഗരസഭ ഭരണം വാശിയോടെ ഇൻഡ്യ മുന്നണി പിടിക്കുമോയെന്ന ചോദ്യങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.
 
നിലവിൽ 100 ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റിലാണ് ജയിച്ചത്. യു.ഡി.എഫ് 19 സീറ്റിലും വിജയിച്ചു. 


ഇരുമുന്നണികളും ചേർന്നാൽ ആകെ 48 സീറ്റാകും. സ്വതന്ത്രരുടെ പിന്തുണ കൂടി നേടാനായാൽ ആകെ 50 സീറ്റാകും. ഇതാണ് ഇൻഡ്യ മുന്നണി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുമോയെന്ന ചോദ്യം ഉയരാൻ കാരണം. 


ഇൻഡ്യ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണിജോസഫ് പ്രതികരിച്ചത്. 

sunny joseph-3

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഇത്തരമൊരു നീക്കത്തിന് കോൺഗ്രസും സി.പി.എമ്മും തയ്യാറാകുമോയെന്നതാണ് മറുചോദ്യം.


സംസ്ഥാനത്തെ പ്രധാന മുന്നണികളായ എൽഡിഎഫും യു.ഡി.എഫും ബിജെപിക്കെതിരെ കൈകോർക്കാനുള്ള സാധ്യതകൾ വിരളമാണ്. സംസ്ഥാനത്തെ ഇടത് സർക്കാരിന് ബി.ജെ.പിയുമായി അന്തർധാരയുണ്ടെന്നാണ് യുഡിഎഫിൻ്റെ പ്രധാന വിമർശനം. 


കരുവന്നൂർ, ശബരിമല, കുഴൽപ്പണം, സ്വർണക്കടത്ത്, ലാവ്‌ലിൻ കേസ് തുടങ്ങി നിരവധി വിഷയങ്ങൾ ഇതിന് തെളിവായി പലപ്പോഴായി യുഡിഎഫ് നേതാക്കൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. 

സിജെപി എന്നാണ് ഈ കൂട്ടുകെട്ടിനെ പരിഹസിച്ച് യു.ഡി.എഫ് നേതാക്കൾ വിളിക്കുന്നതും. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്നാണ് പതിവായി സിപിഎം തിരിച്ച് ഉയർത്തുന്ന പരിഹാസം. 

ഇൻഡ്യ സഖ്യത്തിലേക്ക് ചർച്ചകൾ നീങ്ങിയാലും ഇടതുപക്ഷത്തിൻ്റെ മേയറെ യു.ഡി.എഫ് അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. തിരിച്ച് യുഡിഎഫിൻ്റെ മേയറെ എൽഡിഎഫ് അംഗങ്ങളും അംഗീകരിച്ചേക്കില്ല. 


അങ്ങനെ വരുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികളായി ജയിച്ച പാറ്റൂർ രാധാകൃഷ്ണനും കോൺഗ്രസ് വിമതൻ സുധീഷ് കുമാറിനും മൂല്യമേറും. എന്നാൽ ഇവരെ ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങൾ ഇപ്പോൾ തന്നെ ബിജെപി ക്യാമ്പിൽ തുടങ്ങിയിട്ടുണ്ട്.


തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

rajeev chandrasekhar000

ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. 


സർക്കാരിന്റെ ഭരണ പരാജയം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. 


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Advertisment