/sathyam/media/media_files/2025/02/19/OLk7qgGhlGhSQg7nu3o1.jpg)
കോട്ടയം: നഗരസഭാ കോര്‍പ്പറേഷനുകളിലെ സത്യപ്രതിജ്ഞാ ദിനം വലിയ ആഘോഷമാക്കുകയാണു യു.ഡി.എഫും എന്‍.ഡി.എയും. കോര്‍പ്പറേഷനുകളില്‍ ഒരിടത്തേക്കു മാത്രം ചുരുങ്ങിപോയ എല്‍.ഡി.എഫില്‍ അമിത ആഹ്ലാദ പ്രകടനങ്ങളില്ല. നഗരസഭകളിലും ചുരുക്കം ഇടത്തു മാത്രമാണ് എല്‍.ഡി.എഫിനു വിജയിക്കാന്‍ കഴിഞ്ഞത്.
കേരളത്തിന്റെ പൊതുബോധം എല്‍.ഡിഎഫിനൊപ്പമാണെന്ന ആത്മവിശ്വാസത്തിന് ഏറ്റ പ്രഹരം കൂടിയാണു കാഴ്ചക്കാരായി നോക്കി നിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളില്‍ നിന്നു എല്‍.ഡി.എഫ് പുറത്താക്കാപ്പെട്ടു. മുഖം നോക്കാതെ ചിഹ്നത്തിനു വോട്ടു ചെയതിരുന്ന ഇടങ്ങള്‍ ഉണ്ടായിരുന്ന പ്രദേശങ്ങളാണിത്. വോട്ടുബാങ്കായി കരുതിയ ഇടങ്ങളില്‍ പോലും സി.പി.എമ്മിനും തിരിച്ചടി നേരിടേണ്ടി വന്നു. സര്‍ക്കാരിനോടുള്ള പ്രതിഷേധം കൂടി രേഖപ്പെടുത്താനുള്ള അവസരമായി ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ മാറ്റി.
മുഖ്യമന്ത്രി മുതലുള്ള നേതാക്കളോടുള്ള അതൃപതി കൂടിയാണു ജനവിധി വെളിപ്പെടുത്തുന്നത്. പരാജയം സി.പി.എം പ്രവര്‍ത്തകര്‍ ഏറെക്കുറേ മുന്നില്‍ കണ്ടിരുന്നു. സി.പി.എം സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതാണ്. നേതാക്കളുടെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നായിരുന്നു ആവശ്യം. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കു പോലും മുഖ്യമന്ത്രിയുടെ അടുത്ത ഒരു ആവശ്യം പറഞ്ഞത് എത്താന്‍ സാധിക്കില്ല.
തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ പോലെ ഉള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ദോഷം ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം ഉയർന്നപ്പോൾ മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ അഹങ്കാരം തിരിച്ചടിയായെന്നു ഭൂരിഭാഗം അംഗങ്ങളും പറഞ്ഞു. അധികാര സ്ഥാനം കിട്ടിയതോടെ മതിമറന്നുള്ള പ്രവര്‍ത്തനങ്ങള്‍ തിരുത്താന്‍ നേതൃത്വവും തയാറായില്ല.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയം പാളിയെന്ന വിമര്‍ശനം പല സി.പി.എം ജില്ലാ കമ്മിറ്റികളിലും ഉയര്‍ന്നിരുന്നു. നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലും വലിയ പാളിച്ചയാണ് ഇക്കുറി സംഭവിച്ചത്. സ്ഥാനാര്‍ഥിനിര്‍ണയം വൈകി. പലയിടത്തും നിര്‍ത്താന്‍ ആളെ കിട്ടാന്‍ ഇല്ലാത്ത അവസ്ഥയുണ്ടായി. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ഉണ്ടായി. ബി.ജെ.പിയും കോണ്‍ഗ്രസും സ്റ്റാര്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തിയപ്പോള്‍ എല്‍.ഡി.എഫിനു തലയെടുപ്പുള്ള അത്തരം സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ല.
ശബരിമല സ്വര്‍ണ കൊള്ള വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിനു വീഴ്ച സംഭവിച്ചു. അറസ്റ്റിലായ പത്മകുമാറിനെ പുറത്താക്കാന്‍ പോലും പാർട്ടി ദൈര്യപെട്ടില്ല. എല്ലാ പ്രശ്‌നങ്ങളും രാഹുല്‍ മാങ്കൂട്ടം വിവാദത്തോടെ ജനം മറക്കുമെന്നു കരുതിയ എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍ തെറ്റി. ഇനി നിമയസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതിനാല്‍ തെറ്റു തിരുത്താനുള്ള അവസരം സര്‍ക്കാരിനില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us