കോട്ടയം: വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദത്തില്‍ തുടരെ തുടരെയുള്ള വെളിപ്പെടുത്തലുകള്‍ പാര്‍ട്ടി നേതൃത്വത്തെ പുതിയ പ്രതിസന്ധിയിലേക്കാണു കൊണ്ടെത്തിച്ചിരിക്കുന്നത്. പിരപ്പന്‍കോട് മുരളിയുടെ വാക്കുകള്‍ തള്ളി ഒരു വിധം മുഖം രക്ഷിച്ചിരിക്കുമ്പോഴാണു വി.എസ് പക്ഷക്കാരനായതുകൊണ്ട് പാര്‍ട്ടിയില്‍ വെട്ടിനിരത്തലുകള്‍ക്ക് ഇരയായ സി.പി.എം നേതാവ് സുരേഷ് കുറുപ്പ് കാപിറ്റല്‍ പണിഷ്‌മെന്റ് പ്രസംഗത്തെക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുന്നത്. ആദ്യം മുതല്‍ കാപിറ്റല്‍ പണിഷ്‌മെന്റ് എന്ന പഴി കേട്ടിരുന്നത് എം. സ്വരാജ് ആയിരുന്നു.
എന്നാല്‍, സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തലോടെ ചിന്താ ജെറോമും വെട്ടിലാവുകയായിരുന്നു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനു ശേഷം പാര്‍ട്ടിയില്‍ അതിവേഗം ഉയര്‍ന്ന നേതാക്കളാണ് ഇരുവരും. യുവജന കമ്മീഷന്‍ അധ്യക്ഷ പദം വരെ ചിന്താ ജെറോമിനു ലഭിച്ചിരുന്നു. ഇതെല്ലാം വി.എസിനെ അധിക്ഷേപിച്ചതിനു കിട്ടയ പ്രതിഫലമാണെന്നാണ് ഉയരുന്ന ആരോപണം.
/filters:format(webp)/sathyam/media/media_files/2025/07/27/images1447-2025-07-27-11-36-57.jpg)
എന്നാല്‍, സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം തന്നെ രംഗത്തു വരുകയും ചെയ്തു. സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ല. ആലപ്പുഴ സമ്മേളനം തന്റെ ആദ്യസമ്മേളനമാണ്. ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്നും ചിന്ത ജെറോം പറഞ്ഞു. ഇല്ലാത്തൊരു വാക്ക് ആരും കേട്ടിട്ടില്ല. പാര്‍ട്ടിക്കു പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം പറഞ്ഞു.
എന്തുകൊണ്ടാണു സുരേഷ് കുറുപ്പ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്ന് ഡി.കെ മുരളി എംഎല്‍എയും പ്രതികരിച്ചത്. പാര്‍ട്ടി സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തയാളാണ്. അത്തരമൊരു പരാമര്‍ശം സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഡി.കെ മുരളിയും പ്രതികരിച്ചു. സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
/filters:format(webp)/sathyam/media/media_files/2024/12/12/qwkJwjGXS7gwv4zMdx8I.jpg)
എന്നാല്‍, സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുകയാണ് അന്നു വി.എസിന് ഒപ്പമുണ്ടായിരുന്നവര്‍. പൊതുചര്‍ച്ച തുടങ്ങി 2 മണിക്കൂറിനുള്ളിലാണ് അന്നു വി.എസ് വേദി വിട്ടത്. പ്രതിനിധികള്‍ തനിക്കു നേരെ വിരല്‍ ചൂണ്ടുന്നതു നോക്കിയിരുന്ന വിഎസ് അത് ഏറെനേരം കേട്ടിരിക്കാന്‍ തുനിഞ്ഞില്ല. അപ്പോഴേക്കും ചര്‍ച്ചയില്‍ പങ്കെടുത്ത ആറില്‍ അഞ്ചുപേരും കടന്നാക്രമിക്കുന്നതു വിഎസ് കണ്ടു. അക്കൂട്ടത്തില്‍ ഒരു കാലത്ത് ഒപ്പം നിന്നവരുമുണ്ടായിരുന്നു. മുന്‍ സമ്മേളനങ്ങളിലെ ആക്രമണം ആലപ്പുഴയിലും തുടരുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. പോകുകയാണ് എന്ന് അടുത്തിരുന്ന പ്രകാശ് കാരാട്ടിനോടു മാത്രം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/27/images1451-2025-07-27-13-27-22.jpg)
പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാല്‍ വെട്ടണമെന്നു ചര്‍ച്ചയില്‍ ചിലര്‍ ശിക്ഷ നിര്‍ദേശിച്ചു. സംസ്ഥാന കമ്മിറ്റിയില്‍നിന്നു വിഎസിനെ ഒഴിവാക്കാനുള്ള നീക്കം പ്രകടമായിരുന്നു. കേട്ടിരിക്കാനാകാതെ വി.എസ് ഇറങ്ങുമ്പോള്‍ സമ്മേളന വേദി അല്‍പനേരം മൂകമായി. വേലിക്കകത്തു വീട്ടിലേക്കു കുതിച്ചപ്പോള്‍ മാധ്യമസംഘം പിന്നാലെ ചെന്നു. വിഎസ് വീട്ടില്‍ കയറി കതകടച്ചു. പുറത്ത് ഗേറ്റിനു പൂട്ടു വീണു. അല്‍പനേരം ടിവി കണ്ട ശേഷം ഭക്ഷണം കഴിച്ചു വി.എസ് ഉറങ്ങാന്‍ കിടന്നു.
വീട്ടിലെത്തി മുറിക്കുള്ളില്‍ തന്നെയിരുന്ന വി.എസ് ആരെയും അകത്തേക്കു കടത്തിയില്ല. മുതിര്‍ന്ന നേതാക്കള്‍ വിളിച്ചു മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ചെങ്കിലും വി.എസ് പ്രതികരിച്ചില്ല. അപ്പോഴേക്കും വേലിക്കകത്തു വീടിനു മുന്നില്‍ അനുയായികള്‍ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു നേതാക്കള്‍ തിരിച്ചറിഞ്ഞു. ദേശീയ നേതാക്കള്‍ തന്നെ അനുനയ ശ്രമങ്ങള്‍ നടത്തി എന്നുമായിരുന്നു അക്കാലത്തെ മാധ്യമ റിപ്പോർട്ടുകൾ.