പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' 24 ,25 തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ്. ജില്ലാ നേതൃത്വം. പുതുയുഗ യാത്രയുടെ ആദ്യ പരിപാടി പാലായില്‍

New Update
vd satheesan

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' 24 ,25 തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ പുതുയുഗ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ്. ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും പുതുയുഗ യാത്ര എത്തിച്ചേരും. വിവിധ പൊതുയോഗങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ സണ്ണി ജോസഫ്, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി ,എന്‍.കെ.പ്രേമചന്ദ്രന്‍,ഫ്രാന്‍സിസ് ജോര്‍ജ്,കെ.സി. ജോസഫ്,മോന്‍സ് ജോസഫ്,മാണി സി.കാപ്പന്‍,ചാണ്ടി ഉമ്മന്‍,പി.എം.എ. സലാം, ഷാനിമോള്‍ ഉസ്മാന്‍, എ.എന്‍. രാജന്‍ ബാബു, ജോസ് മോന്‍ ,പ്രസന്നകുമാര്‍, ഡോ മാര്‍ട്ടിന്‍,ബിജു വാലടി തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.

Advertisment

ജില്ലയിലെ പുതുയുഗ യാത്രയുടെ ആദ്യ പരിപാടി പാലായില്‍ നടക്കും. രാവിലെ 9-ന് ആശുപത്രി കവലയില്‍ എത്തിച്ചേരുന്ന ജാഥാ ക്യപ്റ്റന്‍ വി.ഡി.സതീശനെയും യാത്രാ അംഗങ്ങളെയും തുറന്ന വാഹനത്തില്‍ സമ്മേളന നഗരിയായ പുഴക്കര മൈതാനിയിലേക്കു സ്വീകരിച്ചാനയിക്കും.പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലാണു രണ്ടാമത്തെ പരിപാടി. രാവിലെ 10.30-ന് ഈരാറ്റുപേട്ട മുട്ടം ജങ്ഷനില്‍ യാത്രാ അംഗങ്ങളെ സ്വീകരിക്കും. സെന്‍ട്രല്‍ ജങ്ഷനിലാണു പൊതുസമ്മേളനം നടത്തുന്നത്. കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ പരിപാടി നടക്കുന്നതു പൊന്‍കുന്നം രാജേന്ദ്ര മൈതാനിയിലാണ്. 11.30-ന് പൊന്‍കുന്നം ഗവ:സ്‌കൂള്‍ ജങ്ഷനില്‍ യാത്രാ അംഗങ്ങളെ വരവേല്‍ക്കും ഇവിടെ നിന്നും പ്രകടനമായാണു പൊതുസമ്മേളന വേദിയിലേയക്ക് എത്തുന്നത്. ഉച്ചകഴിഞ്ഞ് 3-ന് ചങ്ങനാശേരി കവലയില്‍ സ്വീകരണം. ചങ്ങനാശേരി ബസ് സ്റ്റാന്‍ഡ് പരിസരത്താണു പൊതുസമ്മേളനം ക്രമീകരിച്ചരിക്കുന്നത്.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുസമ്മേളനം നടക്കുന്ന പാമ്പാടി എം.ജി.എം ജംഗ്ഷനില്‍ വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവിനെയും സംഘാങ്ങളെയും സ്വീകരിക്കും. തുടര്‍ന്നു പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനത്തേക്ക് യാത്രാ അംഗങ്ങളെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിക്കും.

കോട്ടയത്താണ് ആദ്യ ദിവസത്തെ സമാപനം. വൈകുന്നേരം അഞ്ചിന് കോട്ടയം ചന്തക്കവലയില്‍ വി.ഡി.സതീശനെയും യാത്രാംഗങ്ങളെയും സ്വീകരിച്ച് പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിക്കും. പൊതുസമ്മേളനം ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. പര്യടനത്തിന്റെ രണ്ടാമത്തെ ദിവസമായ 25-ന് രാവിലെ എട്ടിനു കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രതിപക്ഷ നേതാവുമായുള്ള സംവാദം. തുടര്‍ന്നു രാവിലെ 9.30-ന് ഏറ്റുമാനൂര്‍ വെട്ടുര്‍ ജങ്ഷനിലാണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സ്വീകരണം.

പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതനിയിലാണു പൊതുസമ്മേളനം. രാവിലെ 11-ന് കടുത്തുരുത്തി ഐ.ടി.സി ജങ്ഷനിലാണു രണ്ടാമത്തെ സ്വീകരണ പരിപാടി. തുടര്‍ന്നു കടുത്തുരുത്തി സെന്‍ട്രല്‍ മൈതാനത്ത് പൊതുയോഗം ചേരും. ജില്ലയിലെ ഏറ്റവും ഒടുവിലെ പരിപാടി വൈക്കം നിയോജക മണ്ഡലത്തിലാണ് 12.30-ന് വടക്കേ നടയില്‍ പ്രതിപക്ഷ നേതാവിനെയും യാത്രാ അഗംങ്ങളളെയും സ്വീകരിക്കും. തുടര്‍ന്ന് ബോട്ട് ജെട്ടി മൈതാനയില്‍ പൊതുസമ്മേളനം ചേരും.തുടര്‍ന്ന് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പ്രതിപക്ഷ നേതാവും സംഘവും ആലപ്പുഴ ജില്ലയിലേക്കു പ്രവേശിക്കും.

Advertisment