/sathyam/media/media_files/2025/03/01/OectiaiOAPNbdmuYKERA.jpg)
തൊടുപുഴ: 2018 നവംബർ മാസം എട്ടിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മുനിയറ ഏറത്തടത്തിൽ വീട്ടിൽ സനീഷും(29) ഒന്നാം പ്രതി രാജാക്കാട് അയ്യപ്പൻപറമ്പിൽ വീട്ടിൽ ബിറ്റാജും സുഹൃത്തുക്കളായിരുന്നു. താർ ജീപ്പ് വാങ്ങിയതിൻ്റെ ബാക്കി പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബിറ്റാജ് പണികഴിപ്പിച്ചു കൊണ്ടിരുന്ന പൂപ്പാറയിൽ കൊച്ചി ധനുഷ്കോടി എൻ.എച്ച് 85ൽ പെട്രോൾ പമ്പിനു സമീപമുള്ള റിസോർട്ടിൻ്റെ മൂന്നാമത്തെ മുറിയിൽ വച്ചാണ് കൊലപാതകം നടത്തിയത്. സനീഷിൻ്റെ തല മുറിയുടെ ഭിത്തിയിലും ജനലിന്റെ ഗ്ലാസ്സിലും മറ്റും ഇടിപ്പിച്ചും പ്രതി ധരിച്ചിരുന്ന വുഡ്‌ലാൻഡ്‌സിൻ്റെ ഷൂ കൊണ്ട് ചവിട്ടിയും മറ്റും കൊലപ്പെടുത്തുകയുമായിരുന്നു.
രണ്ടാം പ്രതി സനീഷിനെ തടഞ്ഞു നിർത്തിയും മൂന്നാം പ്രതി ആരെങ്കിലും സംഭവ സ്ഥലത്തേക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്‌തു. കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കഠിന തടവിനും വിധിച്ചു. തൊടുപുഴ മൂന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജ് എസ് എസ് സീനയാണ് വിധി പ്രസ്താവിച്ചത്.
ദൃക്‌സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഷൂസിൽ നിന്നും സോക്സ്‌സിൽ നിന്നും നഖത്തിൽ നിന്നും മുടിയിൽ നിന്നും മരിച്ച സനീഷിന്റെ രക്തം കണ്ടെത്തിയിരുന്നു.
ശാസ്ത്രീയ തെളിവുകളും, മെഡിക്കൽ എവിഡൻസും നിർണ്ണായകമായി. കൃത്യ റിസോർട്ട് മുറിയിൽ നിന്നും മരിച്ച സനീഷിൻ്റെ ചെരുപ്പുകളും കണ്ടെത്തിയിരുന്നു. കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി കുര്യൻ, അഡ്വ. ജോണി അലക്‌സ് എന്നിവർ ഹാജരായി.