എല്ലാം സുരക്ഷിതമെന്ന് ഇതുവരെ പറഞ്ഞ സർക്കാർ, ഗൗരവം തിരിച്ചറിഞ്ഞ് കപ്പൽ മുങ്ങിയത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ദേശീയ, അന്തർദേശീയ ഏജൻസികളെ ഏകോപിപ്പിക്കുക ഇനി എളുപ്പം. മത്സ്യത്തൊഴിലാളികൾക്ക് മുതൽ സർക്കാരിന് വരെ കപ്പൽ കമ്പനി നഷ്ടപരിഹാരം നൽകേണ്ടിവരും. മുങ്ങിയ കപ്പലിലെ എണ്ണ ഊറ്റിക്കളയാനും കണ്ടെയ്നറുകൾ പൊക്കിയെടുക്കാനും അന്താരാഷ്ട്ര വിദഗ്ദ്ധർ വരും. തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ വൻ ഭീഷണി. രാസവസ്തുക്കളും എണ്ണയും നീക്കം ചെയ്യലും വെല്ലുവിളി. മുങ്ങിയ കപ്പൽ വർഷങ്ങളോളം കേരളത്തിന് ഭീഷണിയാവുമ്പോൾ

New Update
ship

തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ എം‌എസ്‌സി എല്‍സ-3 കപ്പല്‍ ദുരന്തം നിസാരമെന്ന് ഇതുവരെ പറഞ്ഞിരുന്ന സർക്കാർ സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതിലൂടെ മുങ്ങിയ കപ്പലിനെ ഉയർത്തിയെടുക്കാനും കപ്പലിലെ എണ്ണ നീക്കം ചെയ്യാനും കടലിലെ എണ്ണപ്പാട നീക്കാനുമടക്കം ദേശീയ, വിദേശ സാങ്കേതിക സഹായമടക്കം സ്വീകരിക്കാനാവും.

Advertisment

മാത്രമല്ല, വിവിധ ഏജൻസികളെ ഏകോപിപ്പിക്കാനും കഷ്ടനഷ്ടങ്ങൾ നേരിട്ടവർക്കെല്ലാം നഷ്ടപരിഹാരം ലഭ്യമാക്കാനും ദുരന്ത പ്രഖ്യാപനത്തിലൂടെ കഴിയും. മീൻപിടുത്ത നിരോധനം കാരണം കഷ്ടത്തിലാവുന്ന മത്സ്യത്തൊഴിലാളികൾക്കും ബോട്ടും വള്ളവും വലയുമടക്കം എണ്ണ കയറി നശിക്കുന്നവർക്കുമെല്ലാം നഷ്ടപരിഹാരം കിട്ടും. മാത്രമല്ല, തീരത്തടിയുന്ന എണ്ണയും പ്ലാസ്റ്റിക് ഗ്രാന്യൂളുകളും നീക്കാനും കണ്ടെയ്നറുകൾ നീക്കാനുമടക്കം കേന്ദ്രസഹായം ലഭിക്കുകയും ചെയ്യു.

 ലൈബീരിയൻ പതാക വഹിക്കുന്ന 1997-ലെ ജർമന്‍ നിര്‍മിത 184 മീറ്റർ കണ്ടെയ്നർ കപ്പല്‍ എംഎസ്‌സി എല്‍സ-3 മെയ് 25-നാണ് കൊച്ചി തീരത്ത് മറിഞ്ഞ് മുങ്ങിയത്. അപകടകരമായ വസ്തുക്കളടങ്ങിയ 13 കണ്ടെയ്നറുകളടക്കം 640 കണ്ടെയ്നറുകൾ കപ്പലിലുണ്ടായിരുന്നു. കപ്പലിൽ 367.1 ടൺ വെരി-ലോ സൾഫർ ഫ്യുവൽ ഓയിലും (വിഎല്‍എസ്എഫ്ഒ) 84.44 ടൺ മറൈൻ ഡീസലും ഉണ്ടായിരുന്നു. എണ്ണ, ഡീസൽ ചോർച്ച സ്ഥിരീകരിച്ചിട്ടുണ്ട്. 100-ലധികം കണ്ടെയ്‌നറുകള്‍ കടലിൽ നഷ്ടപ്പെട്ടതായും ഇവയില്‍ പലതും ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കരയ്ക്കടിഞ്ഞതായും റിപ്പോർട്ടുണ്ട്.


കപ്പൽ മുങ്ങിയതു കാരണമുള്ള എണ്ണ ചോർച്ചയും തീരത്ത് കാർഗോ കണ്ടെയ്നറുകൾ വന്നടിയുന്നതും പാരിസ്ഥിതിക പ്രശ്നങ്ങളുമടക്കം ഗുരുതരമായതിനാലാണ് സംസ്ഥാന ദുരന്തമായി കപ്പൽ മുങ്ങിയതിനെ പ്രഖ്യാപിച്ചത്. മാസങ്ങളോളമോ വർഷങ്ങളോളമോ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാണ് കപ്പൽ മുങ്ങിയതിലൂടെ ഉണ്ടാവുക. കപ്പൽ കമ്പനിയായ എംഎസ്സിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കാനും നിയമപോരാട്ടങ്ങൾക്കുമെല്ലാം ദുരന്ത പ്രഖ്യാപനം വേണ്ടിയിരുന്നു.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. തൽക്കാലം കണ്ട സ്ഥിതി അനുസരിച്ച് ഇന്ധന എണ്ണയുടെ വലിയ തോതിലുള്ള ചോർച്ച ഉണ്ടായിട്ടില്ല എന്നത് ആശ്വാസമാണ്, പക്ഷെ കപ്പൽ അവിടെ കിടക്കുന്നിടത്തോളം ഇത്തരത്തിൽ ഒരു ഓയിൽ സ്പിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കടലിനടിയിൽ കിടക്കുന്ന കപ്പലിൽ നിന്ന് പോലും ഇന്ധന എണ്ണ ഊറ്റിയെടുക്കാനുള്ള സാങ്കേതിക വിദ്യകൾ ഇപ്പോൾ ലഭ്യമാണ്. അതിനുള്ള ശ്രമങ്ങൾ നടത്തണം. ഇതിന് വലിയ പണച്ചെലവുണ്ട്. കമ്പനിയുടെ ചെലവിൽ തന്നെ ഇത് നടത്തിക്കാനുള്ള ശ്രമങ്ങളാവും ഇനി സർക്കാർ നടത്തുക.

600 ലധികം കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നതിൽ പതിമൂന്ന് കണ്ടെയ്‌നറുകളിൽ കാൽസ്യം കാർബൈഡ് ആണ് ഉണ്ടായിരുന്നത്. കൂടാതെ ഏറെ പ്ലാസ്റ്റിക് നർഡിലുകൾ (ചെറിയ തരികൾ) ഉള്ളത് തീരത്ത് എത്തിയിട്ടുണ്ട്. ആഴക്കടലിൽ ഉള്ള നേരിയ എണ്ണപ്പാട മൽസ്യങ്ങളുടെ വൻതോതിലുള്ള ചത്തൊടുങ്ങലിന് കരണമാകാറില്ല. മുൻപ് പറഞ്ഞത് പോലെ ഇത്തരത്തിലുള്ള എണ്ണപ്പാടകൾ അതിവേഗം ബാഷ്പീകരിച്ച് പോകുന്നതുകൊണ്ട് അത് മൽസ്യങ്ങളുടെ ഉള്ളിൽ എത്താനും അതുവഴി മനുഷ്യന്റെ ഭക്ഷണശൃംഖലയിൽ എത്താനുമുള്ള സാധ്യത നിലവിൽ വളരെ കുറവാണ്.

കപ്പലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ മൽസ്യബന്ധനം നിയന്ത്രിച്ചിട്ടുണ്ട്. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളുടെ കൃത്യമായ എണ്ണവും അതിൽ ഓരോന്നിലും എന്തുണ്ട് എന്നതും കൂടാതെ ഓരോ കണ്ടെയ്നറിനും കൃത്യമായ ഒരു നമ്പർ കാണും. ഇപ്പോൾത്തന്നെ ചില കണ്ടെയ്‌നറുകൾ കരക്കടിഞ്ഞു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ/ആഴ്ചകളിൽ/മാസങ്ങളിൽ ഇത് ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ ചെന്നടിയാനുള്ള സാധ്യത ഉണ്ട്.
 


കടൽത്തീരത്ത് പ്രധാനമായി കാണുന്നത് പ്ലാസ്റ്റിക് നർഡിൽസ് ആണ്. ഇത് തൊട്ടാൽ അപകടകാരി ഒന്നുമല്ലെങ്കിലും മൽസ്യങ്ങളോ ഡോൾഫിനുകളോ ആമകളോ ഭക്ഷണമാണെന്ന് കരുതി കഴിക്കാനും അവക്ക് ആപത്ത് സംഭവിക്കാനും വഴിയുണ്ട് (ശ്രീലങ്കയിൽ ഇത്തരം കേസുകൾ ഉണ്ടായി). അതുകൊണ്ട് കരക്കടിയുന്ന നർഡിൽസ് ഏറ്റവും വേഗത്തിൽ തൂത്തുവാരി അവിടെ നിന്നും മാറ്റുക.

ഈ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അപകടമുള്ളവയല്ല, അതുകൊണ്ട് തന്നെ സന്നദ്ധ സേവകരെ ഈ ഉദ്യമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഇനിയുള്ള ദിവസങ്ങളിലും ഇത് തുടർന്നേക്കാം എന്നത് കൊണ്ട് തന്നെ ബുൾഡോസറോ മറ്റു യന്ത്രങ്ങളോ ഉപയോഗിച്ച് ഇവ മാറ്റാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം നർഡിൽസിനേക്കാൾ കൂടുതലായി മണ്ണും മണലും ആയിരിക്കും അത് കോരിയെടുക്കുക. നാളെ വീണ്ടും അവിടെ കൂടുതൽ നർഡിൽസ് വന്നടിഞ്ഞാൽ പിന്നെയും കോരിയെടുക്കേണ്ടതായും വന്നേക്കാം. വീടുകളിൽ ഉപയോഗിക്കുന്ന കൈക്കോരി കൊണ്ട് കോരിയെടുക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനും പണച്ചെലവുള്ളതാണ്.


കപ്പലിൽ ഉണ്ടായിരുന്ന രാസവസ്തുക്കളിൽ  ആശങ്ക ഉണ്ടാക്കുന്നത് കാൽസിയം കാർബൈഡ് ആണ്. കണ്ടെയ്‌നറുകളിലാണ് ഇവ കൊണ്ടുപോകുന്നതെങ്കിലും ഇരുന്നൂറോളം ലിറ്റർ വരുന്ന ഇരുമ്പ് ഡ്രമ്മുകളിലാണ് കാൽസിയം കാർബൈഡ് പാക്ക് ചെയ്തിക്കുന്നത്. ഇത് ജലവുമായി പ്രതിപ്രവർത്തിച്ചാൽ ചൂട് ഉൽപ്പാദിപ്പിക്കുന്നതാണ്.  മുങ്ങിക്കിടക്കുന്ന കപ്പലിന്റെ സ്ഥിതി എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. കപ്പൽ കിടക്കുന്ന ആഴവും കടലിലെ കാലാവസ്ഥയും അനുസരിച്ച് ഡൈവർമാരോ മുകളിൽ നിന്നും നിയന്ത്രിക്കുന്ന റോബോട്ടുകളോ   ആണ് ഇക്കാര്യം ചെയ്യുന്നത്.

കപ്പലിന്റെ എണ്ണ ടാങ്കിന്റെ സ്ഥിതി എന്താണ്, അവിടെ ഇനി കണ്ടെയ്നറുകൾ ബാക്കി ഉണ്ടോ, ഉണ്ടെങ്കിൽ അവ സുരക്ഷിതമായി അവിടെ നിന്നും മാറ്റാൻ സാധിക്കുമോ എന്നതൊക്കെയാണ് ഈ നിരീക്ഷണത്തിൽ കണ്ടെത്തേണ്ടത്. കപ്പൽ അപകടത്തിൽപ്പെട്ടത് ആഴക്കടലിൽ ആണെങ്കിലും അതിലെ ഇന്ധന എണ്ണയുടെ ടാങ്ക് ലീക്കായാൽ അതിൽ നിന്നുണ്ടാകുന്ന എണ്ണച്ചോർച്ച കരയിലെത്താനുള്ള സാധ്യതയുണ്ട്.

തീരത്ത് എണ്ണയോ രാസവസ്തുക്കളോ എത്തിച്ചേർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. കപ്പൽ അവിടെ നിന്നും മാറ്റുന്നത് വരെ അല്ലെങ്കിൽ അതിലെ ഇന്ധന എണ്ണയും രാസ കണ്ടെയ്‌നറുകളും ഊറ്റിയെടുത്ത് സുരക്ഷിതമാക്കണം.

 
 മൽസ്യബന്ധനം മുതൽ ദുരന്ത നിവാരണം വരെയുള്ള കേരളത്തിലെ വിവിധ വകുപ്പുകൾ, കോസ്റ്റ് ഗാർഡ് തൊട്ടു ഷിപ്പിംഗ് വരെയുള്ള കേന്ദ്രത്തിലെ വിവിധ വകുപ്പുകൾ, കപ്പൽ കമ്പനിയുടെ പ്രതിനിധികൾ, അവരുടെ ഇൻഷുറൻസ് ഏജന്റ്, അവർ കൊണ്ടുവരുന്ന കപ്പൽരക്ഷാദൗത്യസംഘം  തൊട്ടു പരിസ്ഥിതി വരെയുള്ള വിദഗ്ദ്ധർ എന്നിങ്ങനെ അനവധി ആളുകൾ ഇപ്പോൾത്തന്നെ ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിക്കാനും ദുരന്ത പ്രഖ്യാപനം സഹായകമായിരിക്കും.

Advertisment